Breaking News

Trending right now:
Description
 
Nov 02, 2013

മാലാഖമാരല്ല ഞങ്ങളും മനുഷ്യരാണ്‌ എന്ന സന്ദേശത്തിന്‌ രണ്ടുവയസ്‌

യുഎന്‍എയുടെ രണ്ടാംവാര്‍ഷികം പതിനെട്ടിന്‌ അങ്കമാലിയില്‍
image ഇവാന പീറ്റര്‍

കേരളത്തില്‍ ഐതിഹാസിക സമരങ്ങളിലൂടെ നഴ്‌സുമാരുടെ ഹൃദയം നേടിയ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ രണ്ടാം വര്‍ഷത്തിലേയ്‌ക്ക്‌. നവംബര്‍ പതിനെട്ടിന്‌ അങ്കമാലിയില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ രണ്ടാം വാര്‍ഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യും.

ആരോഗ്യമേഖലയില്‍ സമരമുറകളിലൂടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നഴ്‌സുമാര്‍ നിര്‍ബന്ധിതരായപ്പോള്‍ ശക്തമായ നേതൃത്വം നല്‌കാന്‍ കഴിഞ്ഞതാണ്‌ യുഎന്‍എയ്‌ക്ക്‌ കേരളത്തിലും കേരളത്തിനു പുറത്തും വേരുകള്‍ നല്‌കിയത്‌. 2011 നവംബര്‍ പതിനാറിനാണ്‌ യുഎന്‍എയുടെ തുടക്കം. മുംബെയില്‍ ബാന്ദ്രയിലുള്ള ഏഷ്യന്‍ ഹാര്‍ട്ട്‌ ആശുപത്രിയിലെ നഴ്‌സായിരുന്ന മലയാളി ബീന ബേബി നടത്തിയ ജീവത്യാഗമാണ്‌ നഴ്‌സിംഗ്‌ മേഖലയില്‍ സമരാവേശം പടര്‍ത്താന്‍ കാരണമായത്‌. 2011 ഒക്ടോബര്‍ പതിനെട്ടിനായിരുന്നു ബീനയുടെ മരണം.

കേരളത്തില്‍ പേരുകേട്ട ആശുപത്രികളില്‍ പോലും നക്കാപ്പിച്ച ശമ്പളത്തിനാണ്‌ നഴ്‌സുമാര്‍ ജോലി നോക്കിയിരുന്നതെന്ന്‌ പുറംലോകം ശ്രദ്ധിച്ചിരുന്നില്ല. ആനുകൂല്യങ്ങളൊന്നുമില്ലാതെ, തൊഴില്‍സമയത്തിന്‌ ഒരു നിശ്ചയവുമില്ലാതെ പതിനാറ്‌ മണിക്കൂര്‍ വരെ ജോലി നോക്കേണ്ടിയിരുന്ന ഗതികേട്‌ മറ്റൊരു മേഖലയിലുമുണ്ടായിരുന്നില്ല. ചിരിക്കുന്ന മുഖത്തിനും വെളുത്തകുപ്പായത്തിനും അപ്പുറം കണ്ണീരു പൊടിയുന്നൊരു ജീവിതമുണ്ടെന്നു പൊതു സമൂഹത്തിനു കാട്ടിക്കൊടുക്കുന്നതായിരുന്നു യുഎഎന്‍എ അടക്കമുള്ള സംഘടനകള്‍ നടത്തിയ സമരം. മാലാഖമാരല്ല ഞങ്ങളും മനുഷ്യരാണ്‌ എന്ന മുറവിളി സമൂഹം ശ്രദ്ധിച്ചു. മര്‍ദ്ദനവും ഗുണ്ടാഭീഷണിയും നേരിട്ട്‌ വേണ്ടിവന്നാല്‍ ജീവന്‍ കൊടുത്തും അവകാശങ്ങള്‍ നേടിയെടുക്കാന്‍ തയാറാണെന്ന ശക്തമായ താക്കീത്‌ ഭരണകേന്ദ്രങ്ങളില്‍ മാറ്റംവരുത്തി.

ചര്‍ച്ചകള്‍ നടത്താനും ന്യായമായ അവകാശങ്ങള്‍ എന്തൊക്കെയെന്നു ചോദിച്ചറിയാനും ഭരണാധികാരികള്‍ വിവേകം കാട്ടി. ഡോ. ബലരാമന്‍ കമ്മിറ്റി നഴ്‌സിംഗ്‌ മേഖലയെക്കുറിച്ച്‌ കാര്യങ്ങള്‍ വിശദമായി പഠിച്ചുവെന്നതുതന്നെ വിജയമാണെന്ന്‌ യുഎന്‍എ കരുതുന്നു. അന്‍പതിന നിര്‍ദ്ദേശങ്ങളില്‍ ഭൂരിഭാഗവും നടപ്പാക്കാന്‍ ശേഷിക്കുമ്പോഴും പ്രകാശം ചൊരിയുന്ന ദീപസ്‌തംഭമാകാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്കു കഴിയുന്നുണ്ട്‌. തൊഴില്‍ബന്ധസമിതി രൂപീകരിച്ച്‌ സേവനവേതന വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി എന്നതും നഴ്‌സിംഗ്‌ മേഖലയ്‌ക്ക്‌ അഭിമാനിക്കാവുന്ന നേട്ടമാണ്‌.

ഇനിയും കാര്യങ്ങള്‍ നേരാംവണ്ണമായിട്ടില്ലെങ്കിലും യുഎന്‍എ ദിശാബോധത്തോടെ മുന്നോട്ടാണ്‌. അണികളിലെല്ലാം ആവേശമുണര്‍ത്താന്‍ കഴിയുന്ന നേതൃത്വമാണ്‌ യുഎന്‍എ പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷായുടേത്‌ എന്നതാണ്‌ ഈ സംഘടനയെ വിജയത്തിലേയ്‌ക്കു നയിക്കുന്ന ഒരു ഘടകം. ഒരു സ്വരത്തോടെ മുന്നോട്ടുപോകാന്‍ ഇതുവഴി കഴിയുന്നു.