Breaking News

Trending right now:
Description
 
Nov 01, 2013

അതേന്ന്‌, ഇത്‌ നമ്മുടെ ചക്കക്കുരു തന്നേ

imageചക്കക്കുരു എന്നുകേള്‍ക്കുമ്പോള്‍ തന്നെ ചക്കക്കുരുവിനെക്കുറിച്ചു എന്തു പറയാന്‍ നമുക്ക്‌ അറിയാന്‍ പാടില്ലേ ചക്കക്കുരു ആരാണെന്ന്‌ എന്നു പറഞ്ഞ്‌ ആക്കിച്ചിരിക്കുന്ന മലയാളീസിനോട്‌ പ്ലാവിനോ ചക്കയ്‌ക്കോ ഒരു പരിഭവവും ഇല്ല.
പണ്ടുക്കാലത്ത്‌ നിന്റെയൊക്കെ പിതാമഹന്മാരുടെ പഞ്ഞക്കാലത്ത്‌ ഞാന്‍ ചെയ്‌ത ഉപഹാരം ഓര്‍ക്കണമെന്ന്‌, ഒരു ബ്ലാക്ക്‌ വൈറ്റ്‌ സ്റ്റോറിയുടെ നൊസ്റ്റാള്‍ജിയ പറഞ്ഞ്‌ കോള്‍മയിര്‍ക്കൊള്ളാനും പുതുതലമുറയുടെ സാംസ്‌കാരിക അധപതനത്തെക്കുറിച്ച്‌ ദുഃഖിക്കാനും ചക്കക്കുരു ഒരുക്കമല്ല.

ആര്‍ക്കാണ്‌ ഒരു ചേഞ്ച്‌ ഇഷ്ടമില്ലാത്തതെന്ന്‌ ചോദിച്ച്‌ കക്ഷി അടി മുടി മാറിയാണ്‌ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട എന്ന സ്ഥലത്തെ ഷോപ്പില്‍ എത്തിയത്‌. ചക്കക്കുരു അലുവ, ചക്കക്കുരു ജാം, അച്ചാര്‍, മിഠായി, പായസം എന്നുവേണ്ട പുതിയ പിള്ളാര്‍ക്ക്‌ ഇഷ്ടപ്പെടുന്ന പുതിയ ഭാവത്തില്‍. ചക്കക്കുരു തോരനും ചക്കക്കുരു മാങ്ങാക്കറി തുടങ്ങിയ സ്ഥിരം വിഭവങ്ങളുടെ രുചിയും സ്‌റ്റെലുമൊന്നുമില്ല
ചക്കക്കുരുവിന്‌ ഇപ്പോള്‍.

അടുത്തക്കാലത്ത്‌ മലയാളികളെ ഹോട്ട്‌ ആക്കുന്ന സ്ഥലപേരാണല്ലോ "പൂഞ്ഞാര്‍". അവിടെ നിന്നു തന്നെയാണ്‌ കക്ഷിയുടെയും വരവ്‌.
ഇനി ഇത്തിരി ഹിസ്‌റ്ററി.
പ്ലാവ്‌ സംരക്ഷണം മുതല്‍ ചക്കവിഭവങ്ങള്‍ വരെ നീളുന്ന ലക്ഷ്യവുമായി പൂഞ്ഞാര്‍ പഞ്ചായത്തിലെ ജാക്‌ അപ്‌ എന്ന പ്ലാവ്‌ സംഘമാണ്‌ നാടന്‍ തനിമയുടെയും രുചിയുടെയും കലവറകളായ ചക്കവിഭവങ്ങളുമായാണ്‌ എത്തിയത്‌. ഭക്ഷ്യ ആരോഗ്യ സ്വരാജ്‌ എന്ന ലക്ഷ്യത്തിലേക്ക്‌ മുന്നേറുന്ന പരിസ്ഥിതി സംഘടനയായ ഭൂമികയാണ്‌ ചക്ക മാഹാത്മ്യത്തിന്റെ നാട്ടറിവുകള്‍ പകര്‍ന്ന്‌ ജാക്ക്‌ അപിനെ പ്രോത്സാഹിപ്പിക്കുന്നത്‌. 19 പേരാണ്‌ ഈ സംഘത്തിലുള്ളത്‌. 16 സ്‌ത്രീകളും മൂന്ന്‌ പുരുഷന്മാരും അടങ്ങുന്നതാണ്‌ ജാക്‌ അപ്‌ സംഘം. വിദഗ്‌ധ പരിശീലനത്തിലൂടെയാണ്‌ ഇവര്‍ ചക്കക്കുരുവിന്റെ വാല്യു ആഡഡ്‌ വിഭവങ്ങള്‍ ഉണ്ടാക്കുന്നത്‌.

കോയമ്പത്തൂരില്‍ നിന്നാണ്‌ ആദ്യമായി വിദഗ്‌ധ പരിശീലനഇവര്‍ക്ക്‌ ലഭിച്ചത്‌. ചക്കയുടെ സീസണലില്‍ ചക്കക്കുരു സംഭരിച്ച്‌ പൊടിയാക്കി മാറ്റി വയ്‌ക്കുന്നു. പിന്നീട്‌ ചക്കയില്ലാത്ത സീസണിലും ഈ പൊടി ഉപയോഗിക്കാന്‍ സാധിക്കും. കൂടാതെ ബാഗ്ലൂര്‍ കാര്‍ഷിക സര്‍വ്വകലാശാല ഇവര്‍ക്ക്‌ ചക്കയില്‍ നിന്ന്‌ വാല്യുആഡഡ്‌ വിഭവങ്ങള്‍ ഉണ്ടാക്കുന്നതിന്‌ ഒരാഴ്‌ചത്തെ പരിശീലനം നല്‌കിയിരുന്നു.

രുചിയില്‍ കേമനായ ചക്കക്കുരു ഹല്‍വക്ക്‌ സാധാരണ ഹല്‍വയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല. നാടന്‍ ചക്കക്കുരു പൊടിയാണ്‌ മൈദയ്‌ക്ക്‌ പകരം ഹല്‍വയിലെ പ്രധാന ചേരുവ. ചക്കക്കുരു ഹല്‍വയ്‌ക്ക്‌ മാര്‍ക്കറ്റില്‍ 250 രൂപയ്‌ക്കാണ്‌ വിറ്റത്‌. കാരണം അധ്വാനം വളരെ കൂടുതലാണ്‌. ചക്ക സംഭരണവും മുറിക്കലും ചക്കചുളയാക്കലും കുരു വൃത്തിയാക്കലും മനുഷ്യധ്വാനം വര്‍ധിപ്പിക്കുന്നു. ഉല്‌പന്നങ്ങളില്‍ പ്രിസര്‍വേറ്റീവ്‌ ഒഴിവാക്കി ആരോഗ്യദായകമായ രീതിയിലാണ്‌ ഇവ ഉല്‌പാദിപ്പിക്കുന്നത്‌. അതു തന്നെയാണ്‌ ഈ വിഭവങ്ങളുടെ വെല്ലുവിളിയും. മെക്കനൈസേഷനെക്കുറിച്ച്‌ ജാക്ക്‌ അപ്‌ സൊസൈറ്റി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. പക്ഷേ പ്രകൃതിക്ക്‌ അനുയോജ്യമാകണം എന്നതില്‍ യാതൊരുവിധ വിട്ടുവീഴ്‌ചയും ഇല്ല.
 
 

ചക്ക വിഭവങ്ങള്‍ മാത്രമല്ല പ്ലാവ്‌ സംരക്ഷണവും ഇവരുടെ അജന്‍ണ്ടയിലുണ്ട്‌. നാടന്‍ പ്ലാവുകളെ സംരക്ഷിക്കുക എന്ന പരിസ്ഥിതിയില്‍ അടിസ്ഥാനമാക്കിയ ഒരു ലക്ഷ്യവും ഇവര്‍ക്കുണ്ട്‌.

പ്രകൃതിയുടെ കൈത്താങ്ങാണ്‌ പ്ലാവ്‌. പ്ലാവിന്റെ പ്രാദ്ദേശിക നടീല്‍ കൃഷി പരിശീലനവും ഈ സംഘം നടത്തുന്നു. നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്ന നാടന്‍ പ്ലാവ്‌ സംരക്ഷണം ഈ സംഘത്തിന്റെ ലക്ഷ്യമാണ്‌

കേന്ദ്ര സര്‍ക്കാരും പ്ലാവുകളെ സംരക്ഷിക്കണമെന്ന്‌ ജനങ്ങളെ ബോധ്യപ്പെടുത്തുന്നത്‌ ഇത്തരം സംഘടനകളിലൂടെയാണ്‌.പ്ലാവ്‌ സരക്ഷണത്തിന്‌ ഇവരെ സഹായിക്കുന്നത്‌ നാഷണല്‍ ബയോഡൈവേഴ്‌സിറ്റി ബോര്‍ഡാണ്‌. നാഷണല്‍ ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ കേരളത്തിലെ ആംഗീകരിച്ച ഏജന്‍സി ഗ്രാമയാണ്‌ ഈരാറ്റുപേട്ടയിലെ ഭൂമികയ്‌ക്ക്‌ ആവശ്യകമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‌കുന്നത്‌.

. നാഷണല്‍ ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്റെ സഹാത്തോടെയാണ്‌ പ്ലാവ്‌ സംരക്ഷണത്തിനും ഇവര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്‌. പ്ലാവിന്റെ വ്യത്‌ിയസ്‌തമായ നാടന്‍ ഇനമാണ്‌ പാര്‍ത്താംമൂട്‌(ജെ.കെ01) ഇനം. ഈ പ്ലാവിന്‍ത്തൈകളുടെ 36 ചുവട്‌ ഇവര്‍ പുതിയതായി നട്ടു പരിപാലിച്ചു. ഒരുച്ചുവടിന്‌ 50 രൂപ ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ്‌ സബ്‌സീഡിയായി നല്‌കും. രണ്ടാം ഘട്ടമായി ജെ.കെ02 ഇവര്‍ വച്ചു പിടിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌.
ഈരാറ്റുപേട്ടയില്‍ കൃഷിയിടങ്ങളില്‍ പൂര്‍ണമായി കാര്‍ഷികവിളകളാണ്‌. അതിനാല്‍ പ്ലാവിന്റെ പുതിയ ഇനങ്ങള്‍ നട്ടുപിടിക്കുന്നതിന്‌ ഏറെ പ്രയാസമുണ്ട്‌. പ്ലാവിന്‌ നല്ല സൂര്യപ്രകാശവും വെള്ളവും ആവശ്യമാണ്‌ വളരുവാന്‍, ഭൂമികയുടെ പ്രവര്‍ത്തകനായ എബി പറഞ്ഞു.
പ്ലാവുകള്‍ നട്ടുപിടിപ്പിച്ച്‌ ഭൂമിക്കൊരു കുട നിര്‍മ്മിച്ചാല്‍ എല്ലാ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും രോഗങ്ങള്‍ക്കും ഒരു പ്രതിവിധിയാകും പ്ലാവ്‌. അതിനാല്‍ പ്ലാവ്‌ നടീല്‍ ഒരു സംസ്‌കാരത്തിലേക്ക്‌ തിരിച്ചു പോക്കാണ്‌. രുചിയുടെ കലവറയും ആരോഗ്യത്തിനും ഉത്തമവുമാണ്‌ ചക്ക വിഭവങ്ങള്‍.
ഇപ്പോള്‍ ആ നൊസ്‌റ്റാള്‍ജിയാ തോന്നുന്നില്ലേ....? കഷ്ടപ്പെട്ട്‌ പ്ലാവിന്റെ തുഞ്ചത്ത്‌ നിന്നു തൊട്ടി ഉപയോഗിച്ച്‌ ചെത്തി ചാടിച്ച ചക്ക മുറിക്കുമ്പോള്‍ പാല്‍ പോലെ ഒഴുകുന്ന അരക്ക്‌ കയ്യില്‍ പിടിച്ചത്‌എണ്ണ പുരട്ടി കളഞ്ഞത്‌, എന്നിട്ടും പോകാതെ ഉടുപ്പില്‍, കാലില്‍ ഒക്കെ പറ്റി പിടിച്ചിരുന്ന ഒരു അരക്കുകാലം. ചക്ക അടര്‍ത്തി ചകിണിയും കുരുവും മാറ്റി പാത്രത്തില്‍ ഇട്ടു കൊടുക്കുമ്പോള്‍ അമ്മ വേഗത്തില്‍ ചക്ക അരിയുന്ന താളം കണ്ണിലുണ്ടോ,

പിന്നെ പച്ചചക്ക തിന്ന്‌ വയറ്റു വേദന വന്നതും ചകിണി കളയാന്‍ വിളിച്ചപ്പോള്‍ കണക്കിന്റെ ഹോം വര്‍ക്ക്‌ ചെയ്യാനുണ്ടെന്ന്‌ പറഞ്ഞു അമ്മയുടെ അടുത്തൂന്ന്‌ മുങ്ങിയതും ചക്കക്കുരു തോരനും ചക്കക്കുരു മാങ്ങാക്കറിയും സ്ഥിരമാക്കിയതിന്‌ അമ്മയോട്‌ പിണങ്ങി ഉച്ചയൂണു ബഹിഷ്‌കരിച്ചതും ...അങ്ങനെ പലതും പലതും ചക്കയ്‌ക്ക്‌ നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ഉണ്ടാവും... ഇല്ലേ...