Breaking News

Trending right now:
Description
 
Oct 31, 2013

രാജ്യത്ത്‌ ആദ്യമായി ബോധം കെടുത്താതെ ഹൃദയ ശസ്‌ത്രക്രിയ നടത്തി

image മംഗലാപുരം ഇന്ത്യാന ആശുപത്രിയില്‍ രോഗിയെ ബോധം കെടുത്താതെ ഹൃദയ ശസ്‌ത്രക്രിയ നടത്തി. രാജ്യത്ത്‌ ആദ്യമായാണ്‌ ഇത്തരത്തില്‍ ശസ്‌ത്രക്രിയ നടത്തുന്നതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സകലേഷ്‌പൂര്‍ സ്വദേശിനി രുഗ്‌മിണിയാണ്‌ ശസ്‌ത്രക്രിയയ്‌ക്കു വിധേയയായത്‌. 36 കാരിയായ രുഗ്‌മിണിയില്‍ ഹൃദയത്തില്‍ ദ്വാരം കണ്ടെത്തിയിരുന്നു. ശുദ്ധവും അശുദ്ധവുമായ രക്തം ഹൃദയത്തില്‍ കലരുന്ന അവസ്ഥയാണ്‌ ഇവര്‍ക്കുണ്ടായിരുന്നത്‌. വളരെക്കാലമായി ശ്വസിക്കുന്നതിനും ബുദ്ധിമുട്ടുണ്ടായിരുന്നു. വളരെ അപൂര്‍വമായ ബോംബെ രക്തഗ്രൂപ്പ്‌ ആയിരുന്നു രുഗ്‌മിണിയ്‌ക്ക്‌. ഈ ഗ്രൂപ്പുള്ള 179 കേസുകള്‍ മാത്രമേ ലോകത്താകമാനം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളൂ. (ഈ ഗ്രൂപ്പ്‌ ആദ്യമായി കണ്ടെത്തിയ നഗരത്തിന്റെ പേരാണു ലഭിച്ചതെങ്കിലും ജപ്പാനിലും ചൈനയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഇതു കാണപ്പെടുന്നുണ്ട്‌. എച്ച്‌എച്ച്‌ ഗ്രൂപ്പ്‌ എന്നപേരിലും ഇത്‌ അറിയപ്പെടുന്നു). രാജ്യത്തുടനീളം നടത്തിയ അന്വേഷണത്തേത്തുടര്‍ന്നു മംഗലാപുരത്തു നിന്നു തന്നെ ദാതാവിനെ കണ്ടെത്താനായി. ജനറല്‍ അനസ്‌തേഷ്യ നല്‍കുന്നതോ വെന്റിലേറ്ററുമായി ബന്ധിപ്പിക്കുന്നതോ ജീവഹാനിക്കു തന്നെ കാരണമായേക്കമെന്നു കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണു നെഞ്ചു ഭാഗം മാത്രം മരവിപ്പിക്കുന്ന ലോ സെര്‍വിക്കല്‍ എപ്പിഡ്യൂറല്‍ അനസ്‌തീഷ്യ തീരുമാനിച്ചത്‌. ചീഫ്‌ കണ്‍സള്‍ട്ടന്റ്‌ കാര്‍ഡിയാക്‌ സര്‍ജന്‍ ഡോ. നിസര്‍ഗയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 11 നായിരുന്നു ശസ്‌ത്രക്രിയ. അഞ്ചു മണിക്കൂര്‍ നേരവും രോഗി പൂര്‍ണ ബോധവതിയും ഉണര്‍ന്നു കിടക്കുകയുമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യപദ്ധതിയിലൂടെ സൗജന്യമായി ശസ്‌ത്രക്രിയ നടത്തിയ യുവതി ആരോഗ്യവതിയാണെന്നും ഡിസ്‌ചാര്‍ജായി വീട്ടിലെത്തിയശേഷം സാധാരണ ജീവിതം നയിക്കാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.