Breaking News

Trending right now:
Description
 
Oct 30, 2013

മജ്ജ മാറ്റിവയ്‌ക്കാനായില്ല; നളിനി അമേരിക്കയില്‍ മരണത്തിനു കീഴടങ്ങി

image മജ്ജമാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ വിത്തുകോശദാതാക്കളെ കണ്ടെത്താനായി വിവിധ രാജ്യങ്ങളില്‍ വ്യാപകമായി ക്യാമ്പുകള്‍ സംഘടിപ്പിച്ചെങ്കിലും ഫലം കാണാതെ നളിനി അമ്പാടി (54) മരണത്തിന്‌ കീഴടങ്ങി. രക്താര്‍ബുദം ബാധിച്ചു രണ്ടു വര്‍ഷത്തോളമായി ചികിത്സയിലായിരുന്ന നളിനി തിങ്കളാഴ്‌ച ഇന്ത്യന്‍ സമയം രാത്രി 10.30നാണ്‌ അമേരിക്കയില്‍ മരിച്ചത്‌. ഭര്‍ത്താവ്‌ രാജ്‌ മാര്‍ഫാത്തിയയും മക്കളായ മായയും ലീനയും അന്ത്യസമയത്ത്‌ അടുത്തുണ്ടാായിരുന്നു. എറണാകുളം തൃപ്പൂണിത്തുറ മുള്ളേത്ത്‌ അമ്പാടിയില്‍ കേണല്‍ ശങ്കരന്‍ അമ്പാടിയുടെയും വിജി അമ്പാടിയുടെയും മകളാണ്‌ അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ്‌ സര്‍വകലാശാലയില്‍ സൈക്കോളജി പ്രഫസറായ നളിനി. വളരെക്കാലമായി അമേരിക്കയിലാണു താമസം. ബോസ്റ്റണിലെ ബ്രിഗ്‌ഹാം ആന്‍ഡ്‌ വിമെന്‍സ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നളിനി. 2004-ലാണു നളിനിക്കു രക്താര്‍ബുദം ബാധിച്ചത്‌. അമേരിക്കയില്‍ നടത്തിയ ചികിത്സയില്‍ രോഗം ഭേദമായി. 2012-ല്‍ വീണ്ടുും രോഗബാധിതയായി. മജ്ജമാറ്റിവയ്‌ക്കല്‍ മാത്രമായിരുന്നു ജീവന്‍ നിലനിര്‍ത്താനുള്ള ഏക വഴി. പൊരുത്തമുള്ള മജ്ജ ലഭിക്കാന്‍ ദുബായ്‌, നേപ്പാള്‍, ബംഗ്ലാദേശ്‌, മാലദ്വീപ്‌, ശ്രീലങ്ക എന്നിവിടങ്ങളിലും ഇന്ത്യയില്‍ മുംബൈ, ചെന്നൈ നഗരങ്ങളിലും ക്യാമ്പുകള്‍ നടത്തി. ശസ്‌ത്രക്രിയയ്‌ക്കായി മലയാളികളുടെ മജ്ജ കൂടുതല്‍ അനുയോജ്യമാണെന്ന ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന്‌ കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ക്യാമ്പ്‌ സംഘടിപ്പിച്ചിരുന്നു. നളിനിയുടെ വിദ്യാര്‍ഥികളും മക്കളും ചേര്‍ന്ന്‌ ഫേസ്‌ബുക്കിലൂടെയും പ്രചാരണം നടത്തി. എട്ട്‌ ആഴ്‌ച കഴിഞ്ഞാല്‍ ശസ്‌ത്രക്രിയ നടത്താനായിരുന്നു തീരുമാനം. ഇതിനു മുന്നോടിയായാണു കേരളത്തില്‍ ക്യാമ്പുകള്‍ നടത്തിയത്‌. ഇവിടെ ശേഖരിച്ച 50,000 സാമ്പിളുകളില്‍ നിന്ന്‌ അനുയോജ്യമായി ഒരാളുടെ കോശം മാത്രമാണു ലഭിച്ചത്‌. പത്തില്‍ പത്തു പൊരുത്തവും ഉണ്ടായിരുന്നെങ്കിലും അയാളുടെ രക്തത്തില്‍ സ്‌റ്റെംസെല്‍സിന്റെ അളവു കുറവായതിനാല്‍ ശസ്‌ത്രക്രിയ നടന്നില്ല. മറ്റു ചികിത്സകള്‍ പരാജയപ്പെട്ടതിനാല്‍ മൂന്നു മാസമായി കീമോതെറാപ്പിയും സാന്ത്വനചികിത്സയുമായി കഴിയുകയായിരുന്നു നളിനി.