Breaking News

Trending right now:
Description
 
Oct 28, 2013

മെയ്കിങ് സ്ട്രൈഡ്സ് എഗെയ്ന്‍സ്റ്റ് ബ്രെസ്റ്റ് ക്യാന്‍സര്‍ ' വോക്കില്‍ ഫൊക്കാന നേതാവ് ലീല മാരേട്ട് പങ്കെടുത്തു.

Mathew Moolacheril
image


ന്യൂയോര്‍ക്ക്: അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി ഒക്ടോബര്‍ 20 ഞായറാഴ്ച ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച 'മെയ്കിങ് സ്ട്രൈഡ്സ് എഗെയ്ന്‍സ്റ്റ് ബ്രെസ്റ്റ് ക്യാന്‍സര്‍ ' വോക്കില്‍ ഫൊക്കാനയെ പ്രതിനിധീകരിച്ച് ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് മെംബര്‍ ലീലാ മാരേട്ട് പങ്കെടുത്തു. സ്തനാര്‍ബുദത്തെപ്പറ്റി ജനങ്ങളില്‍ അവബോധം വരുത്തുവാനും ഗവേഷണങ്ങള്‍ക്കാവശ്യമായ ഫണ്ട് ശേഖരിക്കുന്നതിനുമാണ് ആണ്ടുതോറും ഈ പരിപാടി അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി സംഘടിപ്പിക്കുന്നത്.

ഈ പരിപാടിയുടെ ഇരുപതാം വാര്‍ഷിക ആഘോഷം കൂടിയായിരുന്നു ഇത്. പരിപാടിയില്‍ പങ്കെടുക്കുവാന്‍ ദേശത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ആയിരക്കണക്കിനാളുകള്‍ അതിരാവിലെതന്നെ മന്‍ഹാറ്റനിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ ഒത്തുകൂടിയിരുന്നു. വളരെ നേരത്തെതന്നെ ഇതിന്റെ സംഘാടകര്‍ എല്ലാ സാമൂഹ്യ സംഘടനകളെയും വിവരമറിയിച്ചിരുന്നെങ്കിലും മലയാളി സമൂഹത്തില്‍ നിന്ന് ലീലാ മാരേട്ടും ഫൊക്കാന വിമന്‍സ് ഫോറത്തിനെ പ്രതിനിധീകരിച്ച് അച്ചാരു ജേക്കബ്, അമ്മിണി ഫിലിപ്പ്, രജനി മാരേട്ട് എന്നിവര്‍ മാത്രമാണ് പങ്കെടുത്തത്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമാണ് തനിക്കുള്ളതെന്നും, മലയാളി സമൂഹത്തില്‍ നിന്ന് കൂടുതല്‍ ആളുകള്‍ ഇതുപോലുള്ള പരിപാടികളില്‍ പങ്കെടുക്കുന്നത് നമ്മുടെ സമൂഹത്തിന്റെ തന്നെ വളര്‍ച്ചയ്ക്ക് നല്ലതാണെന്നും വര്‍ഷങ്ങളായി  ഈ പരിപാടിയില്‍ മുടങ്ങാതെ പങ്കെടുക്കുന്ന ശ്രീമതി മാരേട്ട് പറഞ്ഞു.

കഴിഞ്ഞ ഇരുപതു വര്‍ഷമായി ഈ സ്തനാര്‍ബുദ അവബോധ പരിപാടിയില്‍ കൂടി 528 മില്ല്യന്‍ ഡോളറിലധികം സമാഹരിക്കുവാന്‍ അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.