Breaking News

Trending right now:
Description
 
Oct 26, 2013

രാഷ്ട്രപതിയുടെ മകളും രാഷ്ട്രീയത്തിലേക്ക്‌

image രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്‌ഠ രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്നാണ്‌ രാഷ്‌ട്രപതിയുടെ കുടുംബവുമായി അടുത്തബന്ധമുള്ളവര്‍ നല്‍കുന്ന സൂചന. പ്രശസ്‌ത കഥക്‌ നര്‍ത്തകികൂടിയാണ്‌ 47 കാരിയായ ശര്‍മ്മിഷ്‌ഠ. എവിടെ നിന്നാണു ജനവിധി തേടുന്നതെന്ന്‌ വ്യക്തമായിട്ടില്ല. പശ്ചിമ ബംഗാളില്‍ നിന്നു ടിക്കറ്റ്‌ നല്‍കാന്‍ കോണ്‍ഗ്രസ്‌ തയാറാണെങ്കിലും പ്രണബിന്റെ അനുവാദത്തിനായി കാത്തു നില്‍ക്കുകയാണ്‌ ശര്‍മ്മിഷ്‌ഠയും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും. ശര്‍മ്മിഷ്‌ഠയുടെ സഹോദരന്‍ അഭിജിത്ത്‌ മുഖര്‍ജി ജംഗിപ്പൂരിലെ മുര്‍ഷിദാബാദില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ എംപിയാണ്‌. രാഷ്‌ട്രീയത്തില്‍ പ്രവേശിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ പതിവിനു വിപരീതമായി രാഷ്‌ട്രീയ പ്രവേശിക്കാനുള്ള സാധ്യതയുണ്ടെന്ന സൂചനകള്‍ ശര്‍മ്മിഷ്‌ഠ നല്‍കിയിരുന്നു. മുന്‍പ്‌ ഇത്തരം ചോദ്യങ്ങളെ നിഷേധിക്കുന്ന സമീപനമായിരുന്നു ശര്‍മ്മിഷ്‌ഠയുടേത്‌. രാഷ്‌ട്രപതിയുടെ ചടങ്ങുകളില്‍ സമീപകാലത്തായി സ്ഥിരം സാന്നിധ്യമായിരുന്നു മകള്‍ ശര്‍മ്മിഷ്‌ഠ. പാര്‍ട്ടിയുടെ രക്ഷയ്‌ക്ക്‌ ബംഗാളില്‍ ശര്‍മ്മിഷ്‌ഠയെത്തണമെന്നാണ്‌ കോണ്‍ഗ്രസും ആഗ്രഹിക്കുന്നത്‌. 42 ലോക്‌സഭാ സീറ്റുകളുള്ള പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിന്‌ ആറു സീറ്റുകള്‍ മാത്രമാണുള്ളത്‌.