Breaking News

Trending right now:
Description
 
Oct 20, 2012

പാവം പാവം ഒ.സിയും കുറെ വിജിലന്‍സ്‌ കേസുകളും...

പൊളിട്രിക്‌സ്‌/ ഇ.എസ്‌. ജിജിമോള്‍
image ഏത്‌ അബ്ദുറബ്ബിനെയും സഹിക്കേണ്ട ദുര്യോഗത്തില്‍ മനംനൊന്ത്‌ 'വാട്ടീസ്‌' അടിച്ചു പോകേണ്ട ഒ.സി. പിടിച്ചുനില്‌ക്കുന്നത്‌ വികസനം മാത്രം മുന്നില്‍ കാണുന്നതുകൊണ്ടാണെന്ന്‌ ഏത്‌ മലയാളിക്കും ഇന്ന്‌ നന്നായി അറിയാം. വികസനം പലവിധത്തിലാണ്‌ ഈ കുറഞ്ഞ കാലം കൊണ്ട്‌ കുഞ്ഞൂഞ്ഞ്‌ കൊണ്ടുവന്നതെന്ന്‌ പറയാതെ വയ്യ...

അങ്ങ്‌ മലപ്പുറം ജില്ലയിലാണ്‌ വികസനത്തിന്റെ ആദ്യകാഹളം കേട്ടത്‌. എല്ലാ സ്ഥലത്തും തനിക്കു തന്നെ ചെന്ന്‌ വികസനം നടത്താന്‍ പറ്റാത്തതിനാല്‍ കുഞ്ഞൂഞ്ഞ്‌ ആദ്യം ചെയ്‌ത കാര്യം വിശ്വസിക്കാന്‍ കൊള്ളാവുന്ന കുഞ്ഞാലിക്കായ്‌ക്കും കൂട്ടര്‍ക്കും വെറുതേ കാടുപിടിച്ചു കിടന്ന സര്‍വ്വകലാശാലയുെട ഇത്തിരി ഭൂമി കൊടുക്കുകയായിരുന്നു. പാവങ്ങള്‍ മറ്റുള്ളവരെ സഹായിക്കാന്‍ ബിസിനസ്‌ ചെയ്‌തോട്ടെ എന്നു ചിന്തിച്ചുപോയി. അപ്പോള്‍ അതാ വരുന്നു പുകില്‌... ഭൂമി മാഫിയ എന്നു പറഞ്ഞ്‌ ആകെ കോലാഹലം.

ഉപകാരം ചെയ്‌തത്‌ ഉപദ്രവമായെന്നു പറഞ്ഞാല്‍ മതി. വിജിലന്‍സ്‌ കേസിലായി പാവം കുഞ്ഞാലിയും കൂട്ടരും. പാവം തങ്ങളുടെ പേരില്‍ വരെ വിജിലന്‍സ്‌ കേസെന്ന്‌ പറഞ്ഞാല്‍ മതിയല്ലോ.

അടുത്ത പുലിവാല്‌ നെല്ലിയാമ്പതിയിലായിരുന്നു. ഇത്തിരി വനഭൂമിയാണ്‌ പ്രശ്‌നമായത്‌. ഭൂമിയെന്നു കേട്ടാല്‍ റബ്ബര്‍ കൃഷിക്കുള്ള സ്ഥലം എന്നു മാത്രം പരിചയമുള്ള മാണിയും ജോര്‍ജ്ജും ചാടി വീണു. ഈശോ തമ്പുരാനേ വിജിലന്‍സ്‌ കുരുക്കില്‍ വീണു ഈ പാവങ്ങളും.

കൊല്ലം സിംഹം ബേബി ജോണിന്‌ ഒരു സ്‌മാരകം പണിയണമെന്ന്‌ ആഗ്രഹിച്ച പുത്രന്‍ ഷിബു ബേബി ജോണിന്‌ ഒരിത്തിരി ഭൂമി നല്‌കിയ മന്ത്രിമാര്‍ ആകെ പുലിവാല്‍ പിടിച്ചത്രേ. പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരിയെന്ന പേരു ദോഷമാണ്‌ ഇപ്പോള്‍ പാവം ഷിബു കേള്‍ക്കേണ്ടി വരുന്നത്‌. തലസ്ഥാനത്തെ ഏതോ സര്‍ക്കാര്‍ സ്‌കൂളിന്റെ ഇത്തിരി ഭൂമി വെറും ഇരുപത്‌ സെന്റ്‌ എടുത്തതിനാണ്‌ ഈ പുകിലെന്ന്‌ ഓര്‍ക്കണം. മുനീറും ജോസഫും ബാലകൃഷ്‌ണനും എന്നുവേണ്ട മന്ത്രിസഭയിലെ ഒരു മാതിരി എല്ലാവര്‍ക്കുമെതിരെ വിജിലന്‍സ്‌ കേസായി ഈ കുറഞ്ഞ കാലം കൊണ്ട്‌. നാടുകാണിയിലെ ഹരിതതീരത്ത്‌ അല്‌പം ഔഷധച്ചെടി നട്ടുപിടിപ്പി്‌ച്ചതാണ്‌ പി.ജെ. ജോസഫിനു വിനയായത്‌.

നാടു നന്നാകട്ടെയെന്നു വിചാരിച്ച പാവം കുഞ്ഞൂഞ്ഞിന്റെ മനസ്സ്‌ നാട്ടുകാര്‍ കാണുന്നുണ്ട്‌. അതുകൊണ്ട്‌ കുഞ്ഞുഞ്ഞിനു വേണ്ടി ഇത്തിരി വാട്ടീസ്‌ കൂടുതല്‍ അടിക്കുന്നു. പെണ്ണുങ്ങള്‍ വരെയാണ്‌ ഉമ്മച്ചന്റെ സങ്കടം കണ്ട്‌ വെള്ളം അടിക്കുന്നത്‌. ഇതിനെയാണ്‌ നാം മദ്യപാനം എന്ന്‌ ആക്ഷേപിക്കുന്നത്‌. കേരളം സുതാര്യമാണ്‌ നമ്മുടെ ഉമ്മച്ചനെപ്പോലെ.

അതുകൊണ്ടെന്താ....ഏത്‌ അലുവാലിയയ്‌ക്കും നമ്മുടെ മനസ്സ്‌ വായിക്കാം. സ്വര്‍ണമണിപ്പോലെ ഗോതമ്പ്‌ വിളഞ്ഞു കിടക്കുന്ന നാട്ടീന്‌ വരുന്ന അദ്ദേഹം ഇപ്പോള്‍ പറയുന്നത്‌ എന്താണ്‌? നെല്ലറയൊക്കെ പൂട്ടിക്കെട്ടിക്കോളാനാണ്‌. ഇനി നാളെ, കേരളം മൊത്തത്തില്‍ നമ്മുടെ മാഡത്തിന്റെ മരുമോന്‌ തൂക്കി വിറ്റേക്കാന്‍ പറഞ്ഞാല്‍ കേള്‍ക്കാന്‍ ഇവിടെ ആളുണ്ടാകും. ഉള്ള ചില്വാനം വാങ്ങി നമ്മള്‍ മലയാളീസ്‌ ഏതെങ്കിലും നാട്ടീലേക്ക്‌ കുടിയേറും.