Breaking News

Trending right now:
Description
 
Oct 26, 2013

മക്കള്‍ക്ക്‌ വേണ്ടാതാവുന്ന കൃഷ്‌ണവേണിമാര്‍

image

അശാന്തിയുടെ തീരങ്ങളില്‍ അമ്മയും അച്ഛനും കൂട്ടു കൂടുമ്പോള്‍ മക്കള്‍ എങ്ങനെ മാതാപിതാക്കള്‍ക്ക്‌ അന്യരാകുന്നു. സ്‌നേഹം ഒരു കടലോളം പ്രതീക്ഷിക്കുന്ന മാതാപിതാക്കളും ജീവിതത്തിന്റെ സ്വാര്‍ത്ഥതയുടെയും പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെയും നടുവില്‍ പതറിപ്പോകുന്ന മക്കളും തമ്മില്‍ കുടുംബങ്ങളില്‍ ദിനം പ്രതി നടക്കുന്ന സംഘര്‍ഷങ്ങളില്‍ ചിലത്‌ മാത്രമാണ്‌ വാര്‍ത്തയാവുന്നത്‌.

കൃഷ്‌ണ വേണിയെന്ന അമ്മയെ ഗുരുവായൂരില്‍ കൊണ്ടുവന്ന്‌ ഉപേക്ഷിക്കാന്‍ മകനെ പ്രേരിപ്പിച്ച ചേതോവികാരമെന്താവും? എന്നാല്‍ തന്നെ ഉപേക്ഷിച്ച മകനെ എല്ലാ മറന്ന്‌ സ്‌നേഹിക്കാന്‍ തയാറായ അമ്മ. ഗുരുവായൂര്‍ മോഡല്‍ ഉപേക്ഷിക്കല്‍ കേരളത്തില്‍ അപൂര്‍വ്വമാണെങ്കിലും ഇന്ന്‌ വീടിന്റെ അകത്തളങ്ങളില്‍ മക്കളും മാതാപിതാക്കളും തമ്മിലുള്ള ആന്തരിക സംഘര്‍ഷം കൂടി വരുകയാണ്‌.

സ്വന്തം വീടുകളില്‍ തുല്യനീതിയും പരിഗണനയും ലഭിച്ചത്തെുന്ന സ്‌ത്രീകള്‍ക്ക്‌ ഭര്‍തൃവീട്ടില്‍ നില്‍ക്കുന്ന അദൃശ്യ അടിമത്തമാണ്‌ വിഷയങ്ങള്‍ക്ക്‌ തുടക്കം കുറിക്കുന്നത്‌. ഈ അടിമത്തം ഉറപ്പിക്കാന്‍ അമ്മായിയും അടിമ ചങ്ങല പൊട്ടിച്ചെറിയാന്‍ മരുകളും നടത്തുന്ന ആത്മ സംഘര്‍ഷങ്ങള്‍ എല്ലാ വീടുകളിലും പുതിയ സംഭവമല്ല.

വാര്‍ധക്യത്തില്‍ എത്തുന്നതോടെ രുചി ശീലങ്ങളില്‍ കാര്യമായ മാറ്റം വരും. ഈ രുചിശീലങ്ങള്‍ കുടുംബ ബന്ധങ്ങളെ തന്നെ മാറ്റി മറിക്കും. ഓരോവീടിനും ഓരോ രുചി ശീലമാണ്‌. ആ രുചിശീലങ്ങളില്‍ നിന്ന്‌ ആരംഭിക്കുന്നു സംഘര്‍ഷം.

അടുത്തക്കാലത്തായാണ്‌ ഞാന്‍ ആനിയമ്മയെ പരിചയപ്പെട്ടത്‌. ആനിയമ്മയ്‌ക്ക്‌ രണ്ട്‌ ആണ്‍മക്കള്‍. മൂത്തയാള്‍ അധ്യാപകന്‍. രണ്ടാമന്‍ പോലീസാണ്‌. പോലിസുകാരന്റെ കൂടെയാണ്‌ അമ്മ താമസിക്കുന്നത്‌. അഭ്യസ്‌ത വിദ്യയായ ഈ സ്‌ത്രീക്ക്‌ മരുമകളോടുള്ള അനിഷ്ടം ആരംഭിക്കുന്നത്‌ ജോലി ചെയ്യാനുള്ള വേഗത കുറവ്‌ മൂലമാണ്‌. രാവിലെ കട്ടന്‍ കാപ്പി കൊടുക്കുമ്പോള്‍ ആരംഭിക്കുന്നു വിഷയം. ഒന്നുങ്കില്‍ മധുരം കൂടിപ്പോയി. ഇല്ലെങ്കില്‍ മധുരം കുറഞ്ഞു. അമ്മ മനപ്പൂര്‍വ്വം തന്‍ ഉണ്ടാക്കുന്നത്‌ കഴിക്കാത്തതാണെന്ന്‌ മരുമകള്‍ കല്‌പിക്കുമ്പോള്‍ ആരംഭിച്ചു സംഘര്‍ഷം. അമ്മ അടുത്തക്കാലത്ത്‌ വീടു വിട്ടിറങ്ങി. ഒരു ഹോസ്‌റ്റല്‍ വാര്‍നായി സ്ഥലം വിട്ടു.
മറ്റൊരു അമ്മ വളരെ രഹസ്യമായി പറഞ്ഞത്‌ കുറച്ച്‌ ദിവസം ഞാന്‍ വീട്ടില്‍ ഇല്ല, അപ്പനും മകനും മരുമകളുടെ കറി ഇഷ്ടമാവില്ല. ഞാന്‍ ചെല്ലുമ്പോള്‍ ക്ഷീണിച്ച്‌ രണ്ടുപേരും ഒരു കോലമാകും. അടുക്കളയുടെ ആധിപത്യത്തിനായി നടക്കുന്ന അവകാശ സംഘര്‍ഷങ്ങള്‍ കേരളത്തില്‍ പുതുമയുള്ളതല്ല. എന്നാല്‍ ഈ സംഘര്‍ഷങ്ങളോട്‌ ഇരുക്കൂട്ടരും ഇന്ന്‌ പ്രതികരിക്കുന്നത്‌ വളരെ തീവ്രമായാണ്‌.
വാര്‍ധക്യത്തില്‍ മാനസിക പ്രശ്‌നങ്ങള്‍ സ്‌ത്രീകളില്‍ കൂടുന്നു. അമ്മമാര്‍ പലപ്പോഴും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ പിതാക്കന്മാരെക്കാള്‍ കൂടുതലാണ്‌. സൗഹൃദങ്ങളുടെ കുറവും പുറം ലോകവുമായി കാര്യമായ ബന്ധങ്ങള്‍ ഇല്ലാത്തതും അമ്മമാരെ കൂടുതല്‍ അശരണര്‍ ആക്കുന്നു.
പലതരം മാനസിക പ്രശ്‌നങ്ങളാണ്‌ ഇന്ന്‌ വൃദ്ധര്‍ അനുഭവിക്കുന്നത്‌. ഈ പ്രശ്‌നങ്ങളോട്‌ യുവ തലമുറയ്‌ക്ക്‌ ഇന്ന്‌ ആഭിമുഖ്യം കുറയും. മാതാപിതാക്കളോട്‌ പുതുതലമുറയ്‌ക്ക്‌ കാര്യമായ ബഹുമാനക്കുറവുണ്ട്‌. അങ്ങനെ മാതാപിതാക്കള്‍ മക്കള്‍ക്ക്‌ ഭാരമാകുകയും ചെയ്യുന്നു. 

വൃദ്ധമന്ദിരങ്ങള്‍ അപമാനത്തിന്റെ ചിഹ്നമാകുമ്പോള്‍ മാതാപിതാക്കള്‍ വാര്‍ദ്ധക്യത്തിന്റെ ഒറ്റപ്പെടലുകളും പേറി സ്വന്തം വീട്ടില്‍ അപരിചിതരായി കഴിയുന്നു. അതുമല്ലെങ്കില്‍ വീട്ടില്‍ ഏകാന്ത തടവറയില്‍ കഴിയാനാവും വിധി. എന്തായാലും പുതിയ സമൂഹത്തില്‍ പുതിയ പരിഷ്‌കാരങ്ങള്‍ വേണ്ടി വരണം.