Breaking News

Trending right now:
Description
 
Oct 20, 2012

റോയല്‍ ബുള്ളറ്റിന്‌ എന്താ ഗമ! പക്ഷേ, കൈയില്‍കിട്ടാന്‍ ആറുമാസം കാത്തിരിക്കണം

റിയ മെര്‍ലിന്‍
riamerlin@hotmail.com
image ഫട്‌ ഫട്‌ ശബ്ദത്തില്‍ ഗമയിലങ്ങനെ പോകുന്ന റോയല്‍ ബുള്ളറ്റ്‌ കണ്ടുനില്‍ക്കാന്‍ എന്താണ്‌ ശേല്‌... ഇത്‌ സ്വന്തമാക്കണമെന്ന്‌ ആഗ്രഹിക്കുന്നവരുടെ എണ്ണം ഇന്ന്‌ കൂടിക്കൂടി വരികയാണ്‌. ആവശ്യക്കാരേറുമ്പോള്‍ അതിനനുസരിച്ച്‌ കാത്തിരുപ്പും നീളുകയാണ്‌. ബുക്ക്‌ ചെയ്‌ത്‌ ആറും ഏഴും മാസം കഴിയാതെ ബുള്ളറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയില്ല.

ചെത്തിനടക്കാന്‍ ബൈക്കുകള്‍ ഏറെയുണ്ടെങ്കിലും എന്താണ്‌ കേരളത്തില്‍ റോയല്‍ ബുള്ളറ്റുകളോട്‌ വലിയൊരു പ്രിയം? ഇതിന്‌ ഒറ്റ വാചകത്തില്‍ ഒരു മറുപടിയില്ല. ബുള്ളറ്റിന്റെയത്ര ഗമ മറ്റൊരു ബൈക്കിനും അവകാശപ്പെടാനില്ലെന്നതുതന്നെയാണ്‌ പ്രധാന കാരണം. കയറിയിരുന്നങ്ങു കാറ്റുകൊണ്ടുപോയാല്‍ പോരേ എന്നതാണ്‌ മറ്റൊരു സൗകര്യം.

സിംഗിള്‍ സീറ്റുള്ള ബുള്ളറ്റിന്‌ ഗമ കൂടുതലാണ്‌. ഒരു ഒറ്റയാനെ കാണുന്നതുപോലെ കാണികള്‍ നോക്കിനില്‍ക്കും. അതിന്റെ ശബ്ദം കേള്‍ക്കുന്നതുതന്നെയൊരു സുഖമാണെന്നു പറയുന്ന ആരാധകരുണ്ട്‌. മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രങ്ങളില്‍ ബുള്ളറ്റിന്റെ ഒരു ഷോട്ടെങ്കിലും വേണമെന്ന്‌ ആവശ്യപ്പെടുന്ന നിര്‍മാതാക്കളുണ്ടത്രേ.

കഴിഞ്ഞ ദിവസം ബുള്ളറ്റ്‌ പ്രേമികള്‍ക്കായി പുതിയൊരു ചുള്ളന്‍ കൂടി കേരളവിപണിയിലെത്തി. റോയല്‍ എന്‍ഫീല്‍ഡ്‌ തണ്ടര്‍ബേഡ്‌ 500. ഒരു ലക്ഷത്തിഎഴുപത്തിമൂവായിരം രൂപയാണ്‌ പുതിയ തണ്ടര്‍ബേഡിന്റെ കേരളത്തിലെ വില. ഇതിന്റെതന്നെ 350 സിസിയാണെങ്കില്‍ ഒരു ലക്ഷത്തിമുപ്പത്താറായിരം രൂപയാകും. 500 സിസിക്കായി കാത്തിരിക്കുന്നവര്‍ ഏറെയാണ്‌ കേരളത്തില്‍.

ബുള്ളറ്റ്‌ 350, ഇലക്ട്ര, ക്ലാസിക്‌ 350, ക്ലാസിക്‌ 500, ക്ലാസിക്‌ ക്രോം, ഡെസര്‍ട്ട്‌ സ്‌റ്റോം എന്നിവയാണ്‌ കേരളത്തില്‍ വില്‍പ്പനയ്‌ക്കുള്ള റോയല്‍ എന്‍ഫീല്‍ഡ്‌ മോട്ടോര്‍സൈക്കിളുകള്‍.

ഇരുപതിനും മുപ്പതിനും മധ്യേ പ്രായമുള്ളവരാണ്‌ ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ്‌ മോട്ടോര്‍സൈക്കിളുകളെ തേടിയെത്തുന്നത്‌. ഐടി പ്രഫഷണലുകളാണ്‌ ഇവരില്‍ മുന്നില്‍ മെട്രോകളിലാണ്‌ ആവശ്യക്കാരേറെ. യൂറോപ്പിലും ഗള്‍ഫിലും മറ്റു വിദേശരാജ്യങ്ങളിലും ജോലി ചെയ്യുന്നവരാണ്‌ ബുള്ളറ്റുകളോട്‌ നൊസ്‌റ്റാള്‍ജിയ കലര്‍ന്ന ആരാധനയുള്ള മറ്റൊരു കൂട്ടര്‍. നാട്ടിലെ വീട്ടില്‍ ഒരു ബുള്ളറ്റ്‌ തേച്ചുമിനുക്കി വച്ചിട്ട്‌ അവധിക്കു വരുമ്പോള്‍ അതില്‍ കറങ്ങിനടക്കുന്നവരുടെ എണ്ണം കൂടിവരികയാണ്‌.

ബുള്ളറ്റ്‌ പ്രേമികള്‍ സംഘമായി ഒത്തുചേരുന്നതും യാത്രപോകുന്നതും മാരത്തണ്‍ സംഘടിപ്പിക്കുന്നതുമൊക്കെ കേരളത്തില്‍ പതിവായിരിക്കുന്നു. ബുള്ളറ്റ്‌ ബുദ്ധ പോലെ സൗമ്യതയാണ്‌ ഞങ്ങളുടെ മുദ്രാവാക്യം എന്ന്‌ ഉറക്കെപറയുന്ന സംഘങ്ങള്‍ സജീവം.

കുറെ നാള്‍ മുമ്പുവരെ പഴയ ബുള്ളറ്റുകള്‍ തപ്പിയെടുത്ത്‌ പുതുക്കി ഉപയോഗിക്കുന്നതായിരുന്നു കമ്പം. പഞ്ചാബിലും മറ്റും അലഞ്ഞുതിരിഞ്ഞ്‌ ബൈക്കുകള്‍ കണ്ടെത്തി നാട്ടിലെത്തിച്ച്‌ അക്‌സസറികള്‍ സംഘടിപ്പിച്ച്‌ പുത്തനാക്കുന്നതിനായി മെനക്കെടുന്നവര്‍ ഏറെയായിരുന്നു. ഇവരില്‍ പലരും ഇപ്പോള്‍ പുതിയവയിലേയ്‌ക്കു മാറിയിരിക്കുന്നു. ഇങ്ങനെ മിനുക്കിയെടുക്കുന്നതിനു മുടക്കുന്ന കാശും പുതിയതിന്റെ വിലയും തമ്മില്‍ അധികം അന്തരമില്ലെന്നതാകാം കാരണം. എങ്കിലും പഴയ പീസുകള്‍ക്ക്‌ ഇന്ന്‌ ഡിമാന്‍ഡാണ്‌. മോഡലേതാ എന്നു ചോദിക്കുമ്പോള്‍, "അറുപത്തഞ്ചിലെയാ..," "എഴുപതിലെയാ..." എന്നൊക്കെ പറയുമ്പോള്‍ ഉടമയുടെ മുഖത്തെ അഭിമാനം ഒന്നു കാണേണ്ടതുതന്നെ.

മാസത്തില്‍ 700 ബുള്ളറ്റുകളാണ്‌ ഇപ്പോള്‍ കേരളത്തില്‍ വിറ്റുപോകുന്നത്‌. മുന്‍വര്‍ഷത്തേതിന്റെ ഇരട്ടിയിലധികമാണിത്‌. ഇന്ത്യയൊട്ടാകെ കഴിഞ്ഞ വര്‍ഷം 75000 റോയല്‍ എന്‍ഫീല്‍ഡ്‌ ബുള്ളറ്റുകള്‍ വിറ്റുപോയിരുന്നു. അടുത്ത വര്‍ഷം ഒരു ലക്ഷം എണ്ണത്തിലേയ്‌ക്കെത്തും.

ഇപ്പോള്‍ യൂറോപ്പിലും അമേരിക്കയിലും റോയല്‍ ബുള്ളറ്റ്‌ ലഭിക്കും.