Breaking News

Trending right now:
Description
 
Oct 24, 2013

മന്നാഡേ അന്തരിച്ചു

image മാനസ മൈനേ വരൂ... എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസിനെ മഥിച്ച മന്നാഡേ എന്ന പ്രബോധ്‌ ചന്ദ്ര അന്തരിച്ചു. അദ്ദേഹത്തിന്‌ 94 വയസായിരുന്നു.

മലയാളികള്‍ എക്കാലവും ഗൃഹാതുരതയോടെ ഓര്‍മിക്കുന്നതാണ്‌ സലില്‍ ചൗധരിയുടെ ഈണത്തില്‍ വയലാറിന്റെ വരികള്‍ക്ക്‌ മന്നാഡേ ശബ്ദം നല്‌കിയ മാനസമൈനേ വരൂ എന്ന ഗാനം. ചെമ്മീനിലെ ഈ ഗാനം കേരളത്തില്‍ മുഴങ്ങിയത്‌ എത്രതവണയാണെന്നതിന്‌ കണക്കില്ല. ഇപ്പോഴും എല്ലാ ഗാനമേളകളിലും മന്നാഡേയുടെ ശബ്ദം അനുകരിച്ച്‌ ഈ ഗാനം മുഴങ്ങുന്നു. 1965-ലായിരുന്നു ഈ ഗാനം ആലപിച്ചത്‌.

1974-ല്‍ നെല്ല്‌ എന്ന സിനിമയില്‍ വയലാര്‍, സലില്‍ ചൗധരി കൂട്ടുകെട്ടിനൊപ്പം പി. ജയചന്ദ്രനും ചേര്‍ന്ന്‌ ആലപിച്ച ചെമ്പാ ചെമ്പാ എന്ന ഗാനവും മലയാളികള്‍ ഇഷ്ടപ്പെട്ടിരുന്നു.

തൂ പ്യാര്‍ കാ സാഗര്‍ ഹേ, സിന്ദഗി കൈസേ ഹെ പഹേലി, ബാബു സമച്ഛോ ഇഷാരേ തുടങ്ങിയ പാട്ടുകള്‍ വന്‍ ഹിറ്റുകളായിരുന്നു. ബാംഗളൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ സുലോചന കുമാരന്‍ കഴിഞ്ഞ വര്‍ഷം കാന്‍സര്‍ മൂലം മരിച്ചിരുന്നു. മക്കള്‍: സുറോമ, സുമിത.

ശ്വാസകോശ അസ്വസ്ഥതകളെത്തുടര്‍ന്ന്‌ ബുധനാഴ്‌ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്നാഡേയുടെ കിഡ്‌നിയും ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. സെപ്‌റ്റംബര്‍ മുതല്‍ ഡയാലിസിസില്‍ ആയിരുന്നു.


1919-ല്‍ കൊല്‍ക്കൊത്തയില്‍ ജനിച്ച മന്നാഡെ ഹിന്ദി, ബംഗാളി, ആസാമീസ്‌, മറാത്തി, മലയാളം, കന്നഡ, ഗുജറാത്തി, പഞ്ചാബി, ഭോജ്‌പുരി തുടങ്ങിയ ഭാഷകളിലെല്ലാം പാടിയിട്ടുണ്ട്‌. ഹിന്ദിയില്‍ സ്ഥിരമായി രാജ്‌ കപൂറിനുവേണ്ടി പാടിയിരുന്ന മന്നാഡേയുടെ പേരില്‍ ഒട്ടേറെ ഹിറ്റുകളുണ്ട്‌. സലില്‍ ചൗധരിയുമായും ലക്ഷ്‌മികാന്ത്‌-പ്യാരേലാലുമായും ചേര്‍ന്നുള്ള ഗാനങ്ങളെല്ലാം ജനപ്രിയമായിരുന്നു.

പത്മശ്രീ, പത്മവിഭൂഷണ്‍, ദാദാസാഹേബ്‌ ഫാല്‍ക്കെ തുടങ്ങിയ ബഹുമതികള്‍ നേടിയിട്ടുണ്ട്‌.