Breaking News

Trending right now:
Description
 
Oct 23, 2013

ക്രാഫ്‌റ്റ്‌ ഹോസ്‌പിറ്റല്‍ സമരത്തിലേക്ക്‌

image

തൃശൂര്‍ വീണ്ടും സമരമുഖത്തിലേക്ക്‌ ഇറങ്ങുന്നു. സംഘടിത ശക്തിയെ ആരോഗ്യമാഫിയ സര്‍ക്കാര്‍ സംവിധാനങ്ങളെ കൂട്ടുപിടിച്ച്‌ തകര്‍ക്കുവാന്‍ നടത്തുന്ന കാഴ്‌ചയാണ്‌ കേരളത്തിലാകെ നടക്കുന്നത്‌. ഇതിനെതിരെ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായാണ്‌ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ വീണ്ടും സമരകാഹളം മുഴക്കുന്നത്‌.

കൊടുങ്ങല്ലൂരിലെ ഇന്‍ഫര്‍ട്ടിലിറ്റി ഹോസ്‌പിറ്റലായ ക്രാഫ്‌റ്റിലാണ്‌ നിയമവ്യവസ്ഥകളെ മറയാക്കി നഴ്‌സുമാരെ ചൂക്ഷണം ചെയ്യുന്നത്‌. ഇവിടെ ജോലി ചെയ്യുന്ന 150 നഴ്‌സുമാരില്‍ 86യോളം പേരാണ്‌ ട്രെയിനികള്‍. 360 ദിവസം ട്രെയിനിംങ്‌ ജോലി പൂര്‍ത്തിയായാല്‍ സ്റ്റാഫ്‌ നഴ്‌സാക്കണമെന്നാണ്‌ നിയമം. ഈ നിയമം മറികടക്കാന്‍ ഹോസ്‌പിറ്റല്‍ ട്രെയിനിംങ്‌ സ്റ്റാഫുകള്‍ക്ക്‌ പരീക്ഷ നടത്തി മാനേജ്‌മെന്റിന്‌ താല്‌പര്യമുള്ളവര്‍ക്ക്‌ മാത്രം സ്റ്റാഫ്‌ നഴ്‌സാക്കുവാനാണ്‌ ഇപ്പോള്‍ ശ്രമം നടത്തുന്നത്‌. ഇതിനെ ചോദ്യം ചെയ്‌തു യുണൈറ്റഡ്‌ നഴ്‌സ്സ്‌ അസോസിയേഷന്‍ ഭാരവാഹികളെ മാനേജ്‌മെന്റ്‌ ഹോസ്‌പിറ്റലില്‍ ഇല്ലാത്ത യൂണിയനുമായി കരാര്‍ ഉണ്ടാക്കിയതിന്റെ രേഖകള്‍ കാണിച്ച്‌ നഴ്‌സുമാരുടെ ആനുകൂല്യം നിഷേധിക്കുന്നതായി ജാസ്‌മിന്‍ ഷാ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു.
വന്ധ്യത ചികിത്സയുടെ പേരില്‍ കോടികള്‍ ലാഭമുണ്ടാക്കുന്ന ഹോസ്‌പിറ്റല്‍ നഴ്‌സുമാരില്‍ ഭൂരിപക്ഷത്തെയും ട്രെയിനികളായി എടുത്ത്‌ ഒരു വര്‍ഷം തികയ്‌ക്കാതെ പിരിച്ചു വിടാനാണ്‌ പരീക്ഷ നടത്തുന്നതെന്ന്‌ ക്രാഫ്‌റ്റിലെ നഴ്‌സുമാര്‍ വ്യക്തമാക്കി.

ട്രെയിനികള്‍ക്ക്‌ തുച്ഛമായ ശമ്പളം നല്‌കിയാല്‍ മതി. എന്നാല്‍ സ്റ്റാഫ്‌ നഴ്‌സിന്‌ സര്‍ക്കാര്‍ മനദ്‌ണ്ഡം അനുസരിച്ച്‌ ശമ്പളം നല്‌കണം, അതോടെ കേരളത്തിലെ ആരോഗ്യ മാഫിയകള്‍ നഴ്‌സുമാരുടെ എണ്ണം വെട്ടി കുറച്ചിട്ടുണ്ട്‌. പകരം ഒരു വര്‍ഷത്തെ കരാര്‍ വ്യവസ്ഥയില്‍ ട്രെയിനി സ്റ്റാഫിനെ എടുക്കുക എന്ന നയമാണ്‌ സ്വീകരിച്ചിരിക്കുന്നത്‌.
മാനേജ്‌മെന്റുമായി നടക്കുന്ന ഒത്തു തീര്‍പ്പ്‌ ചര്‍ച്ചകള്‍ ഫലവത്തായില്ലെങ്കില്‍ നവംബര്‍ 5 മുതല്‍ ക്രാഫ്‌റ്റ്‌ ഹോസ്‌പിറ്റലില്‍ പണിമുടക്ക്‌ ആരംഭിക്കുമെന്ന്‌ ഭാരവാഹികള്‍ വ്യക്തമാക്കി.