Breaking News

Trending right now:
Description
 
Oct 23, 2013

വിനോദസഞ്ചാരികളെ കേരളത്തിലെത്തിക്കുന്ന പദ്ധതിക്ക്‌ വിദേശരാജ്യങ്ങളില്‍ പ്രചരണം

image വിദേശ വിനോദസഞ്ചാരികളെ കൂടുതലായി കേരളത്തിലേക്കെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കേരള ടൂറിസം വകുപ്പ്‌ അമേരിക്കയില്‍ പ്രചാരണം നടത്തുന്നു. യുഎസിലെ പ്രധാന നഗരങ്ങളില്‍ ഈ മാസം മൂന്നു റോഡ്‌ ഷോകള്‍ സംഘടിപ്പിച്ചുകൊണ്ടാണ്‌ അമേരിക്കന്‍ വിപണിയിലേക്കു കേരളം പ്രവേശിക്കുന്നത്‌. ആദ്യ റോഡ്‌ ഷോ തിങ്കളാഴ്‌ച ന്യൂയോര്‍ക്കിലും രണ്ടാമത്തേതു ചൊവ്വാഴ്‌ച ഷിക്കാഗോയിലും നടന്നു. മൂന്നാമത്തേത്‌ വ്യാഴാഴ്‌ച ലോസാഞ്ചലസില്‍ നടക്കും. കേരള ടൂറിസത്തിന്റെ വിദേശ വിപണികളില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്‌, ജര്‍മനി എന്നിവയ്‌ക്കു പിന്നില്‍ നാലാമതായി അമേരിക്കയുമുണ്ടെന്ന്‌ ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. 2011ല്‍ അമേരിക്കയില്‍ നിന്ന്‌ 55,741 സഞ്ചാരികളെത്തിയപ്പോള്‍ കഴിഞ്ഞവര്‍ഷം അത്‌ 57,807 ആയി വര്‍ധിച്ചു. എട്ടു വ്യവസായ പ്രതിനിധികളടക്കമുള്ള കേരളത്തില്‍ നിന്നുള്ള സംഘത്തെ മന്ത്രി അനില്‍കുമാറാണു നയിക്കുന്നത്‌. ആഗോള സഞ്ചാരികളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നരാണ്‌ അമേരിക്കക്കാര്‍ എന്നതിനാലാണ്‌ കേരളം ഈ വിപണിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തീരുമാനിച്ചതിന്റെ കാരണമെന്ന്‌ ടൂറിസം സെക്രട്ടറി സുമന്‍ ബില്ല പറഞ്ഞു. അമേരിക്കയില്‍ ഇത്തരമൊരു റോഡ്‌ ഷോ കേരള ടൂറിസം വകുപ്പ്‌ ആദ്യമായാണ്‌ സംഘടിപ്പിക്കുന്നത്‌. വിദേശകാര്യ സഹമന്ത്രി പ്രണീത്‌ കൗര്‍, ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ജ്ഞാനേശ്വര്‍ മുളേ എന്നിവര്‍ ന്യൂയോര്‍ക്കിലെ റോഡ്‌ ഷോയില്‍ പങ്കെടുത്തു. യുഎസിലെ ട്രാവല്‍ ആന്‍ഡ്‌ ടൂറിസം മേഖലയില്‍ നിന്നുള്ള 58 അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. കുമരകം ലേക്ക്‌ റിസോര്‍ട്ട്‌, റാക്‌സ്‌ കളക്ടീവ്‌, ഇന്റര്‍സൈറ്റ്‌ ടൂര്‍സ്‌ ആന്‍ഡ്‌ ട്രാവല്‍സ്‌,കേരള ഡോട്ട്‌ കോം ട്രാവല്‍ ഡിവിഷന്‍, ദി ട്രാവല്‍ പ്ലാനേഴ്‌സ്‌, ലോട്ടസ്‌ ഡിഎംസി പ്രൈവറ്റ്‌ ലിമിറ്റഡ്‌, ഈസി ടൂര്‍സ്‌ ഓഫ്‌ ഇന്‍ഡ്യ, ആയുര്‍വേദമന പ്രോപ്പര്‍ട്ടീസ്‌ എന്നിവരാണ്‌ കേരളത്തില്‍നിന്നു ടൂറിസം മേഖലയെ പ്രതിനിധീകരിക്കുന്നത്‌. റോഡ്‌ ഷോയുടെ ഓരോ വേദിയിലും പങ്കെടുക്കുന്നവരില്‍ നിന്ന്‌ നറുക്കിട്ടെടുക്കുന്നവര്‍ക്ക്‌ ഇരുവശത്തേക്കുമുള്ള ഇക്കോണമി ക്ലാസ്‌ വിമാന ടിക്കറ്റുകള്‍ എയര്‍ ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്‌തിട്ടുണ്ട്‌. വിജയികള്‍ക്കു കേരളത്തില്‍ 10 ദിവസത്തെ സൗജന്യ താമസവും ലഭിക്കും.