Breaking News

Trending right now:
Description
 
Oct 22, 2013

ഇന്‍-ഷേയ്‌പ്‌: വയര്‍ കുറയ്‌ക്കും, ആത്മവിശ്വാസം കൂട്ടും

ഗ്ലോബല്‍ മലയാളം എക്‌സ്‌ക്ലൂസീവ്‌
image കേരളത്തില്‍ ഇന്ന്‌ ഏറെ പ്രചാരം നേടിയിരിക്കുകയാണ്‌ ഇന്‍-ഷേയ്‌പ്പ്‌. സ്‌ത്രീകളില്‍ വയര്‍ കുറയ്‌ക്കാനായി ഉപയോഗിക്കാന്‍ ഡോ. പത്രോസ്‌ പരത്തുവയലില്‍ കണ്ടുപിടിച്ചതാണ്‌ ഇന്‍-ഷേയ്‌പ്‌. ആയുര്‍വേദ ചികിത്സാരംഗത്ത്‌ തനതു വ്യക്തി മുദ്ര പതിപ്പിച്ച പരത്തുവയലില്‍ ആയുര്‍വ്വേദ ആശുപത്രിയുടെ സാരഥി ഡോ. പത്രോസ്‌ വൈദ്യരുമായി ഗ്ലോബല്‍ മലയാളം പ്രതിനിധി ജിജി ഷിബു പ്രത്യേക അഭിമുഖത്തിന്റെ രണ്ടാം ഭാഗം.

സൗന്ദര്യബോധം കൂടി വരുകയാണ്‌ കേരളത്തില്‍. ഇന്‍-ഷേപ്പ്‌ ഡോക്ടര്‍ കണ്ടുപിടിച്ചതാണല്ലോ, എന്താണ്‌ ഇന്‍ ഷേപ്പ്‌ കണ്ടു പിടിക്കാനുണ്ടായ സാഹചര്യം.

ഡോക്ടര്‍ എന്ന നിലയില്‍ എല്ലാവരും വെല്‍ഫിറ്റ്‌ ആയിരിക്കണം എന്ന ആഗ്രഹമാണ്‌ ഇതു കണ്ടുപിടിക്കാനുണ്ടായ സാഹചര്യം. ഒരു തലമുറ മുമ്പ്‌ ഉണ്ണിക്കുടവയര്‍ അലങ്കാരമായിരുന്നു. ഇന്ന്‌ അത്‌ അഭംഗിയാണ്‌. വ്യായാമം ശീലിക്കേണ്ട പോലീസുകാര്‍ക്കുപോലും ഇന്ന്‌ കുടവയറാണ്‌. ഉറച്ച ശരീരവും ഒതുങ്ങിയ വയറുമാണ്‌ ഭംഗിയും ആരോഗ്യത്തിന്റെ ലക്ഷണവും.

ഇന്‍-ഷേപ്പിന്റെ ശാസ്‌ത്രീയത ഒന്നു വിശദീകരിക്കാമോ?

ഷൂസ്‌ ഉപയോഗിച്ച കാലും ഉപയോഗിക്കാത്ത കാലും തമ്മില്‍ വ്യത്യാസമില്ലേ? ചെരുപ്പ്‌ ഉപയോഗിക്കാത്തവരുടെ കാലിന്റെ വ്യത്യാസം നമുക്ക്‌ പെട്ടെന്ന്‌ കണ്ടറിയാം. അതുപോലെ തന്നെയാണ്‌ ഇന്‍-ഷേയ്‌പ്‌ ഉപയോഗിക്കുമ്പോഴും. ഇന്നത്തെ തലമുറ ബ്രേസിയര്‍ ഉപയോഗിക്കുന്നു, പണ്ടത്തെ തലമുറ ബ്രേസിയര്‍ ഉപയോഗിക്കില്ലായിരുന്നു. നമ്മുടെ അമ്മൂമ്മമാരുടെ ശരീരവടിവുകളും ഇന്നത്തെ തലമുറയുടേതും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്‌. നമ്മുടെ ശരീരത്തെ ആഗ്രഹിച്ച രീതിയില്‍ ഷേയ്‌പ്പ്‌ ആക്കിയെടുക്കാമെന്നതാണ്‌ ഇന്‍ ഷേയ്‌പ്പിന്റെ അടിസ്ഥാന പ്രമാണം.ഇന്‍ ഷേയ്‌പ്പില്‍ ഇലാസ്റ്റിക്കും മറ്റുമാണ്‌ ഉപയോഗിക്കുന്നത്‌. അത്‌ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമോ? മൂന്നു മാസം കഴിയുമ്പോല്‍ മാറ്റി വാങ്ങണമെന്നു പറയുന്നത്‌ അതുകൊണ്ടാണോ?

ഇതുവരെ ആരും ഒരുവിധ സ്‌കിന്‍ പ്രോബ്ലവും പറഞ്ഞിട്ടില്ല, എന്നാലും ബനിയന്‍ മറ്റും ഇട്ടിട്ട്‌ ഉപയോഗിക്കുന്നതാണ്‌ നല്ലത്‌. മൂന്നുമാസം കൂടുമ്പോള്‍ നമ്മള്‍ അടി വസ്‌ത്രങ്ങള്‍ മാറ്റി വാങ്ങാറില്ലേ, വസ്‌ത്രങ്ങളുടെ ഇലാസ്‌റ്റിക്‌ അയഞ്ഞു േപാകാനുള്ള സാധ്യത കൂടുതലാണ്‌. അതുകൊണ്ടാണ്‌ മാറ്റി വാങ്ങണമെന്ന്‌ പറയുന്നത്‌. അല്ലാതെ മറ്റു സ്‌കിന്‍ പ്രശ്‌നങ്ങള്‍ മൂലമല്ല.

ഇന്‍ ഷേയ്‌പ്പ്‌ എത്ര സമയം ഉപയോഗിക്കണം?

ദിവസം മുഴുവന്‍ ഉപയോഗിക്കണം അതാണ്‌ റിസള്‍ട്ട്‌ ഉണ്ടാകാന്‍ നല്ലത്‌.

പണ്ട്‌ സ്‌ത്രീകള്‍ പ്രസവത്തിന്‌ ശേഷം തുണി വരിഞ്ഞു മുറുക്കി കെട്ടാറുണ്ട്‌. അതിന്റെ പരിഷ്‌കരിച്ച രൂപമാണോ ഇന്‍ ഷെയ്‌പ്‌?പണ്ട്‌ പ്രസവ ശേഷം തുണികൊണ്ട്‌ കെട്ടുന്ന രീതി നിലനിന്നിരുന്നു. വയര്‍ ഒതുങ്ങുവാന്‍ അത്‌ തികച്ചും ഗുണവുമാണ്‌. പണ്ടൊക്കെ പത്തുമീറ്റര്‍ തുണി കൊണ്ടു കെട്ടുന്ന ഗുണം ഒരു മീറ്റര്‍ ഇലാസ്റ്റിക്‌ കൊണ്ട്‌ കെട്ടുന്നതുകൊണ്ട്‌ കിട്ടും. വയര്‍ ഒതുങ്ങി ഇരിക്കുമ്പോള്‍ വ്യക്തിക്ക്‌ ആത്മവിശ്വാസം കൂടും. പണ്ട്‌ അങ്കചേകവര്‍ കച്ചമുറുക്കുന്ന രീതിയുണ്ടായിരുന്നു. കളരിപ്പയറ്റിനും മറ്റും ഉയര്‍ന്നുചാടാനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനുമായിരുന്നു കച്ചമുറുക്കല്‍. അതാണ്‌ അതിന്റെ പിന്നിലെ മന:ശാസ്‌ത്രം. പട്ടാളക്കാരുടെ ബെല്‍റ്റ്‌ കണ്ടിട്ടില്ലേ, നല്ല വീതിയുണ്ട്‌ ബെല്‍റ്റിന്‌. അയഞ്ഞ പാന്റിട്ടു പോയാല്‍ ആത്മവിശ്വാസം കുറവായിരിക്കും. സ്‌ത്രീകള്‍ കുറെക്കൂടി സൗന്ദര്യത്തെക്കുറിച്ച്‌ ബോധവതികളാണ്‌. അപ്പോള്‍ സാധാരണയായി വയര്‍ ഒതുങ്ങിയിരുന്നാല്‍ ആത്മവിശ്വാസം കൂടും. ഇന്‍-ഷേയ്‌പ്പ്‌ കെട്ടിത്തുടങ്ങിയാല്‍ വയര്‍ കുറയ്‌ക്കണം എന്ന തോന്നല്‍ ഉണ്ടാകും. അതുകൊണ്ടുതന്നെ ഭക്ഷണനിയന്ത്രണത്തിനു കൂടുതലായും ശ്രമിക്കും.

എത്രമാസം കൊണ്ട്‌ വയര്‍ കുറയ്‌ക്കാന്‍ പറ്റും.

കൃത്യമായി ഉപയോഗിച്ചാല്‍ മൂന്നുമാസം കൊണ്ട്‌ പ്രയോജനം ലഭിക്കും. ഇന്‍-ഷേയ്‌പ്പ്‌ ഉപയോഗിക്കുമ്പോള്‍ തന്നെ വയര്‍ കുറയ്‌ക്കണമെന്ന ബോധം ഉണ്ടാകും. ആഹാരം നിയന്ത്രിക്കുകയും ശരിയായ വ്യായാമം ചെയ്യുകയും ചെയ്‌താല്‍ നല്ല ഫലം എളുപ്പത്തില്‍ ലഭിക്കും

ചിലര്‍ പറയാറുണ്ട്‌,സ്‌ത്രീകള്‍ ഇന്‍ ഷേപ്പ്‌ തുടര്‍ച്ചയായി ഉപയോഗിക്കുന്നത്‌ ഗര്‍ഭാശയം താഴ്‌ന്നു പോകുവാന്‍ ഇടയാകുമെന്ന്‌. അതില്‍ വാസ്‌തവമുണ്ടോ?

ഗര്‍ഭാശയം താഴ്‌ന്നു പോകാതിരിക്കാന്‍ ഇത്‌ ധരിക്കുന്നത്‌ നല്ലതാണ്‌, അടിവയറിന്‌ സപ്പോര്‍ട്ട്‌ ലഭിക്കുമല്ലോ. അടിവയര്‍ സപ്പോര്‍ട്ട്‌ ചെയ്‌തു കെട്ടണം, ഭാവിയില്‍ ഹെര്‍ണിയ വരാതിരിക്കാനും ഇത്‌ ധരിക്കുന്നത്‌ നല്ലതാണ്‌. ഇതു കെട്ടിക്കൊണ്ട്‌ കളിക്കുകയും ചാടുകയും ഓടുകയും ചെയ്‌താല്‍ ഗുണം കിട്ടും. മുട്ടുവേദനയ്‌ക്ക്‌ നീക്യാപ്‌ ഇടാറില്ലേ, അപ്പോള്‍ കൂടുതല്‍ ആയാസം ലഭിക്കാറില്ലേ. അതുമാതിരി ഇതു ധരിച്ചുകൊണ്ട്‌ കളിക്കുകയോ ഓടുകയോ എന്തുവേണമെങ്കിലും ചെയ്യാം.

ആയുര്‍വേദം, സംസ്‌കാരത്തില്‍ നിന്ന്‌ വാണിജ്യമായി മാറ്റിയിരിക്കുന്നു?

കാലഘട്ടത്തിന്റെ മാറ്റമാണ്‌. പണ്ട്‌ വൈദ്യന്‍ കഷായത്തിന്‌ കുറിച്ചു കൊടുക്കുന്നു. രോഗിയുടെ ഉത്തരവാദിത്തമാണ്‌ മരുന്നു പറിച്ച്‌ കഷായം ഉണ്ടാക്കി കുടിക്കുക എന്നുള്ളത്‌. അതിനുവേണ്ടി വരുന്ന ജോലിച്ചെലവ്‌ കണക്ക്‌ കൂട്ടുന്നില്ല. ഇന്ന്‌ കഷായം മരുന്നാക്കി കുപ്പിയിലാക്കി കൊടുക്കുന്നു. അതിനുള്ള ചിലവേ ഇന്നും ആകുന്നുള്ളൂ. അല്ലാതെ ആയുര്‍വേദത്തിന്‌ ചെലവ്‌ കൂട്ടിയിട്ടില്ല. കാലാനുസ്യതമായി വന്ന വിലക്കയറ്റം ആയുര്‍വേദ ചികിത്സയിലും സംഭവിച്ചിട്ടുണ്ട്‌. കഷായം ഉണ്ടാക്കി കഴിക്കാന്‍ പറഞ്ഞാല്‍തന്നെ രോഗിക്കു നീരസമാകും. രണ്ടുനേരം മരുന്ന്‌ എടുത്തുകഴിക്കാന്‍ തന്നെ പ്രയാസമാണ്‌. ടാബ്‌ ലറ്റ്‌ ഉണ്ടോ എന്നാണ്‌ പലരും ചോദിക്കുന്നത്‌.

സത്യത്തില്‍ ചെലവ്‌ കൂടിയിട്ടില്ല. ആനുപാതികമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്‌. കുറുന്തോട്ടി വേരില്ലാത്ത മരുന്നില്ല. പണ്ട്‌ കുറുന്തോട്ടിക്ക്‌ നാലോ അഞ്ചോ രൂപയാണ്‌ ചിലവ്‌. ഇന്ന്‌ വില 65 രൂപയാണ്‌. അതാണ്‌ വ്യത്യാസം.

ചികിത്‌സയ്‌ക്കൊപ്പം പലവിധ പരീക്ഷണങ്ങളും നടത്താന്‍ ഡോക്ടര്‍ക്ക്‌ താത്‌പര്യം കാണിക്കുന്നുണ്ടല്ലോ? അതിലൊന്നാണ്‌ പിഴിച്ചില്‍ യന്ത്രം. എന്താണ്‌ അതിന്റെ പ്രത്യേകത?

ആയുര്‍വേദത്തിലെ പ്രധാന ചികിത്സാരീതിയാണ്‌ പിഴിച്ചില്‍. എണ്ണയുടെ അളവും ചൂടും വ്യത്യാസം വരാതിരിക്കുന്നത്‌ പിഴിച്ചിലിന്റെ ഗുണം വര്‍ദ്ധിപ്പിക്കും. ഇതിനായാണ്‌ പുതിയൊരു സംവിധാനം രൂപപ്പെടുത്തിയത്‌. രോമവും വിയര്‍പ്പും എണ്ണയില്‍ കലര്‍ന്ന്‌ വീണ്ടും വീണ്ടും ചൂടാക്കുന്നതിന്റെ ആരോഗ്യപ്രശ്‌നം ഒഴിവായി കിട്ടും. ഒരേ ചൂടുള്ള എണ്ണ മുഴുവന്‍ സമയവും രോഗിക്ക്‌ കിട്ടും. സാധാരണ പിഴിച്ചിലില്‍ ഒരു മണിക്കൂര്‍ എണ്ണ ഉപയോഗിക്കുമ്പോള്‍ 20 മിനിട്ട്‌ നേരത്തേയ്‌ക്കായിരിക്കും ശരിയായ ചൂടുള്ള എണ്ണ ദേഹത്ത്‌ വീഴുക. അതുകൊണ്ട്‌ പിഴിച്ചിലിന്റെ ഗുണം പെട്ടെന്നു കിട്ടും. സാധാരണയായി നാലുപേര്‍ വേണം പിഴിച്ചിലിന്‌. എന്നാല്‍, ഇവിടെ രൂപപ്പെടുത്തിയ യന്ത്രം ഉപയോഗിക്കുമ്പോള്‍ തിരുമ്മുകാരുടെ എണ്ണം കുറയ്‌ക്കാം. അതുവഴി രോഗിക്ക്‌ സ്വകാര്യത കൂടുതല്‍ ലഭിക്കും. അല്‍പ്പവസ്‌ത്രവുമായി പിഴിച്ചില്‍ നടത്തുമ്പോള്‍ ആള്‍ക്കൂട്ടം കുറയുന്നതാണ്‌ രോഗി ഇഷ്ടപ്പെടുന്നത്‌.

പിഴിച്ചില്‍ യന്ത്രത്തിന്‌ പേറ്റന്റ്‌ എടുത്തിട്ടുണ്ടോ

ഇല്ല, വ്യാവസായികമായി ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ആര്‍ക്കു വേണമെങ്കിലും ഉണ്ടാക്കാം. പറഞ്ഞുകൊടുക്കുന്നതിനും സന്തോഷമേയുള്ളൂ. ഈ സംവിധാനം ഫലപ്രദമാണെങ്കിലും കുഴമ്പിന്റെ അളവ്‌ കൂടും, കുറഞ്ഞത്‌ ആറു ലിറ്റര്‍ കുഴമ്പ്‌ വേണം. കറന്റ്‌ പോയാല്‍ ജനറേറ്റര്‍ വേണ്ടി വരും. അതുവഴി ചെലവ്‌ കൂടും. 80,000 രൂപയോളം ചെലവ്‌ വരും ഈ ഉപകരണം നിര്‍മ്മിക്കാന്‍.

ഇവിടെ ആയുര്‍വ്വേദ ചികിത്സക്കൊപ്പം അലോപ്പതിയും ഉണ്ടല്ലോ?


ഭാര്യ അലോപ്പതി ഡോക്ടറാണ്‌. 35 വര്‍ഷമായി ആയുര്‍വേദവും അലോപ്പതിയും ഈ ആശുപത്രിയില്‍ ചെയ്യുന്നുണ്ട്‌. അതു മാത്രമല്ല പല പ്രത്യേകതകളും ഉണ്ട്‌. ആദ്യമായി ഐഎസ്‌ഒ ബഹുമതി കിട്ടിയ ഹോസ്‌പിറ്റലാണിത്‌. ലാബ്‌, എക്‌സറേ, ഫിസിയോ തെറാപ്പി തുടങ്ങിയവ ആദ്യമായി ഉപയോഗിച്ചു തുടങ്ങിയ ആയുര്‍വ്വേദാശുപത്രി എന്ന പ്രത്യേകതയും ഇവിടെ ഉണ്ട്‌.

ധാരാളം അംഗീകാരം ലഭിച്ചിട്ടുണ്ടല്ലോ?

അസ്ഥിചികിത്സയില്‍ കുട്ടികളെ പരിശീലിപ്പിക്കുന്നതിന്‌ ഇന്ത്യയില്‍ ഗുരുക്കന്മാരായി മൂന്നുപേരെ തെരഞ്ഞെടുത്തതില്‍ ഒരാളാകാന്‍ കഴിഞ്ഞു. ഒരു സ്ഥാനപ്പേരാണ്‌. കേരളത്തില്‍ സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡും ലഭിച്ചു.ഹെല്‍ത്ത്‌ ടൂറിസത്തെക്കുറിച്ച്‌ അഭിപ്രായം


ഹെല്‍ത്ത്‌ ടൂറിസത്തിന്‌ ആയുര്‍വേദവുമായി ബന്ധമില്ല. ടൂര്‍ പോകുന്നവര്‍ക്ക്‌ റിലാക്‌സേഷന്‍ എന്ന രീതിയില്‍ മസാജ്‌ ചെയ്യുന്നത്‌ കുഴപ്പമില്ല. എന്നാല്‍, ആയുര്‍വേദ ചികിത്സയ്‌ക്ക്‌ പൂര്‍ണമായ വിശ്രമം വേണം. ചികിത്സ നടത്തുന്നതിനിടയില്‍ സ്ഥലം കാണാന്‍ പോകുന്നതും കടല്‍പ്പുറത്ത്‌ ഉല്ലസിക്കുന്നതും വെയില്‍കൊണ്ട്‌ മലര്‍ന്നുകിടക്കുകയും മറ്റും ചെയ്യുന്നത്‌ ദോഷങ്ങളുണ്ടാക്കും. അതുകൊണ്ടു തന്നെ അസുഖത്തിനുള്ള ചികിത്സയെ ടൂറിസവുമായി ബന്ധിപ്പിക്കുന്നതിനോട്‌ എനിക്ക്‌ യോജിപ്പില്ല.


അങ്ങയുടെ ഏറ്റവും വലിയ സ്വപ്‌നം?


ശുശ്രുതനാണ്‌ ലോകത്തിലെ ആദ്യത്തെ സര്‍ജന്‍. എന്നാല്‍, സാഹചര്യങ്ങള്‍കൊണ്ട്‌ സര്‍ജറി ഇന്ന്‌ ആയുര്‍വേദത്തില്‍ നിന്നുപോയി. എല്ലു ചികിത്സയില്‍ ഗുരുതരമായ കേസുകളില്‍ സര്‍ജറി ആവശ്യമായി വരാറുണ്ട്‌. അത്തരം രോഗികള്‍ക്കുള്ള ചികിത്സയും ഇവിടെത്തന്നെ ചെയ്യാന്‍ പറ്റണം. എല്ലാം ഒരു കുടക്കീഴില്‍ ലഭിക്കുന്നത്‌ രോഗിക്കും ഗുണകരമാണ്‌. അതിനുള്ള ചികിത്സാരീതികള്‍ ഇവിടെ വികസിപ്പിക്കണം എന്നതാണ്‌ ആഗ്രഹം

Part -1