Breaking News

Trending right now:
Description
 
Oct 21, 2013

ആയുര്‍വേദ അസ്ഥിചികിത്സയില്‍ അവസാന വാക്കായി ഡോ. പത്രോസ്‌ പരത്തുവയലില്‍

ഗ്ലോബല്‍ മലയാളം എക്‌സ്‌ക്ലൂസീവ്‌
image അസ്ഥിരോഗ ചികിത്സയില്‍ പണ്ടുമുതലേ പേരെടുത്തതാണ്‌ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്തുള്ള കീഴില്ലം. അര നൂറ്റാണ്ടിന്റെ ചികിത്സാ പാരമ്പര്യവുമായി ആയുര്‍വ്വേദ ചികിത്സയില്‍ തനതു സ്ഥാനം ഉറപ്പിച്ച പരത്തുവയലില്‍ ആയുര്‍വേദ ആശുപത്രി ഇവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്‌. കേരളത്തില്‍ ഐഎസ്‌ഒ 9001 പദവി ആദ്യമായി സ്വന്തമാക്കിയ ആയുര്‍വ്വേദ ആശുപത്രിയാണ്‌ പരത്തുവയല്‍. അസ്ഥിരോഗ ചികിത്സാ വിദഗ്‌ധനായ പൗലോസ്‌ വൈദ്യര്‍ 1955-ല്‍ തുടങ്ങിയ പരത്തുവയല്‍ ആശുപത്രിയുടെ ഇപ്പോഴത്തെ സാരഥി ഡോ. പത്രോസാണ്‌. അസ്ഥിരോഗ ചികിത്സയില്‍ ഇന്ത്യയില്‍ തന്നെ മൂന്നുപേര്‍ക്കാണ്‌ ഗുരു പദവി നല്‌കി കേന്ദ്ര സര്‍ക്കാര്‍ ആദരിച്ചിരിക്കുന്നത്‌. അതില്‍ ഒരാളാണ്‌ ഡോ. പത്രോസ്‌. കേരളത്തില്‍ നിന്ന്‌ ആദ്യമായി ആയൂര്‍വ്വേദത്തില്‍ ബിരുദാനന്തര ബിരുദം (എം.ഡി) നേടിയ ഡോക്ടറാണ്‌ ഡോ. പത്രോസ്‌ വൈദ്യര്‍.

ചികിത്സാരംഗത്ത്‌ തനതു വ്യക്തി മുദ്ര പതിപ്പിച്ച പരത്തുവയലില്‍ ആയുര്‍വ്വേദ ആശുപത്രിയുടെ സാരഥി ഡോ.പത്രോസ്‌ വൈദ്യരുമായി ഗ്ലോബല്‍ മലയാളം പ്രതിനിധി ജിജി ഷിബു അസ്ഥിരോഗചികിത്സയെക്കുറിച്ചും ആയുര്‍വ്വേദത്തിലെ സൗന്ദര്യ ചികിത്സയെക്കുറിച്ചും നടത്തിയ പ്രത്യേക അഭിമുഖം. 



അസ്ഥിരോഗ ചികിത്സാരംഗത്ത്‌ വ്യക്തി മുദ്ര പതിപ്പിച്ചയാളാണ്‌ ഡോക്ടര്‍, അടുത്തകാലത്തായി സ്‌ത്രീകളില്‍ നടുവുവേദനയും മറ്റ്‌ അസ്ഥി സംബന്ധമായ രോഗങ്ങള്‍ കൂടി വരുന്നതായി കാണുന്നു. എന്താണ്‌ കാരണം?

പ്രധാനമായും സ്‌ത്രീകളുടെ ഇന്നത്തെ ജോലി പ്രത്യേകതകളാണ്‌ കാരണം, വീട്ടമ്മയാണെങ്കിലും ഐടി മേഖലയിലാണെങ്കിലും ഇരിപ്പും ജീവിതശൈലിയുടെ വ്യത്യാസവും ഇതിന്‌ കാരണമാണ്‌. കൂടാതെ സ്‌ത്രീകളില്‍ മുട്ടുവേദന പുരുഷന്മാരെ അപേക്ഷിച്ച്‌ കൂടുതലാണ്‌. പ്രത്യേകിച്ച്‌ ആര്‍ത്തവവിരാമ കാലഘട്ടത്തില്‍ സ്‌ത്രീകളുടെ ശരീരത്തില്‍ ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാകും. ഇതും അസ്ഥി സംബന്ധമായ രോഗങ്ങള്‍ സ്‌ത്രീകള്‍ക്ക്‌ കൂടുവാന്‍ കാരണമാകുന്നു. കാല്‍സ്യത്തിന്റെ അഭാവം പുരുഷന്മാരെ അപേക്ഷിച്ച്‌ സ്‌ത്രീകളില്‍ കൂടുതലാണ്‌. ഇതൊക്കെയാണ്‌ സ്‌ത്രീകളിലെ എല്ലുസംബന്ധമായ രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണം.

പല സ്‌ത്രീകളും പറയാറുണ്ട്‌ പ്രസവരക്ഷ ശരിയാകാത്തതാണ്‌ നടുവേദനയ്‌ക്ക്‌ കാരണമെന്ന്‌, നടുവേദനയും പ്രസവ രക്ഷയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

തീര്‍ച്ചയായും, പ്രസവശേഷം സ്‌ത്രീകള്‍ക്ക്‌ രണ്ടുമൂന്നുമാസം നിര്‍ബന്ധമായും വിശ്രമം ആവശ്യമാണ്‌. ഒപ്പം പ്രസവരക്ഷയും വേണം. അതില്ലാതെ വരുന്നത്‌ സ്‌ത്രീകളില്‍ നടുവേദന അധികരിക്കാന്‍ കാരണമാകുന്നു.

വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന സ്‌ത്രീകള്‍ക്ക്‌ ഇത്തരത്തിലുള്ള വിശ്രമം പലപ്പോഴും കിട്ടാറില്ല, അവര്‍ക്ക്‌ ഇതുമൂലം നടുവേദന ഉണ്ടാകാന്‍ സാധ്യത കൂടുതലുണ്ടോ?

അതുകൊണ്ട്‌ തന്നെ വിദേശത്തു ജോലി ചെയ്യുന്ന സ്‌ത്രീകളില്‍ നടുവേദന കൂടുതലായി കണ്ടുവരുന്നു. വിദേശത്തു ജോലി ചെയ്യുന്ന ധാരാളം പേര്‍ ഇവിടെ എത്താറുണ്ട്‌. പ്രത്യേകിച്ച്‌ നഴ്‌സുമാരില്‍ നടുവേദന കൂടുതലായി കാണുന്നു.

മലയാളികള്‍ മാത്യകയാക്കുന്നത്‌ വിദേശിയരെയാണ്‌, അവിടുത്തെ സ്‌ത്രീകള്‍ ഇത്തരത്തിലുള്ള വിശ്രമം എടുക്കാറില്ലെന്നു പറയുന്നു?

വിദേശത്തെ സ്‌ത്രീകള്‍ പ്രസവിക്കാറില്ലല്ലോ...ജനസംഖ്യയും വളരെ കുറവല്ലേ? കൂടിവന്നാല്‍ ഒരു കുഞ്ഞല്ലേയുള്ളൂ.

പ്രസവിക്കുന്ന സ്‌ത്രീകള്‍ മൂന്നാം ദിവസം ജോലിക്ക്‌ പോകുന്നുണ്ട്‌?

അവരില്‍ ഈ വിഷയങ്ങളൊക്കെ ഉണ്ട്‌. അവര്‍ ഇതിനെക്കുറിച്ച്‌ ബോധവാന്മാര്‍ അല്ലെന്നു മാത്രം. പിന്നെ വിദേശത്ത്‌ മുട്ടു വേദനയാണെന്നു പറഞ്ഞാല്‍ മുട്ടു മാറ്റും. ഹിപ്പ്‌ വേദനയാണെങ്കില്‍ ഹിപ്പ്‌ മാറ്റും അതാണ്‌ രീതി. എന്തിനും സര്‍ജറിയാണ്‌ അവരുടെ പോംവഴി.

ജീവിതരീതികളും ആഹാരരീതികളും പൊണ്ണത്തടിക്ക്‌ കാരണമാകുന്നുണ്ടോ?

ശരിയായ വ്യായാമം ഇല്ലെന്നതാണ്‌ രോഗത്തിന്‌ ഏറ്റവും വലിയ കാരണം. ആഹാരരീതികളില്‍ ചോക്ലേറ്റ്‌ പോലെയുള്ളവയും മധുരസാധനങ്ങളും വളരെ അധികമായി ഉപയോഗിക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്‌. ഈ മാറ്റം പാന്‍ക്രിയാസ്‌ ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെപോലും ബാധിക്കുന്നു. അതുകൊണ്ട്‌ പ്രമേഹരോഗികളുടെ എണ്ണം കൂടി വരികയാണ്‌ കേരളത്തില്‍.


നമ്മുടെ കാലാവസ്ഥയ്‌ക്കും രീതികള്‍ക്കും ചേരാത്ത ആഹാരശീലങ്ങള്‍ വരും തലമുറയുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കും?

തീര്‍ച്ചയായും വരുംതലമുറയും ഈ നാട്ടില്‍ തന്നെയല്ലേ ജീവിക്കുന്നത്‌. പ്രകൃതിക്ക്‌ അനുസൃതമല്ലാത്ത ആഹാരരീതി വരുംതലമുറയെ ബാധിക്കുക തന്നെ ചെയ്യും.

ജീവിതശൈലികൊണ്ടുണ്ടായ പൊണ്ണത്തടി പോലെയുള്ള പ്രശ്‌നങ്ങള്‍ സൂത്രപ്പണികള്‍ കൊണ്ടു മാറുമോ? അതായത്‌ എണ്ണപുരട്ടിയാല്‍ വയറു കുറയ്‌ക്കാം എന്നൊക്കെ പറയുന്നതില്‍ വാസ്‌തവമുണ്ടോ?

തീര്‍ച്ചയായും ദുര്‍മേദസ്‌ കളയാം, ഒരു പരിധി വരെ. ഇത്തരം എണ്ണ പുരട്ടുന്നത്‌ ചെറുപ്പക്കാരില്‍ വിജയമാണ്‌. പ്രായമായവരില്‍ അത്ര സാധ്യമല്ല, വയറില്‍ ഒത്തിരി കൊഴുപ്പ്‌ അടിഞ്ഞു കൂടിയുണ്ടെങ്കില്‍ ഓപ്പറേഷന്‍ നടത്തി കൊഴുപ്പ്‌ വലിച്ചു കളയണം. ശരിയായ ഭക്ഷണനിയന്ത്രണവും വ്യായാമവും കൂടിയായാല്‍ പൂര്‍ണമായി വിജയിക്കാന്‍ സാധിക്കും. ആയുര്‍വ്വേദ വിധിപ്രകാരമാണ്‌ ഈ ചികിത്സാ രീതിയും. പൊടികൂട്ടി തിരുമ്മുന്നത്‌ തൊലിക്കടിയിലെ കൊഴുപ്പ്‌ അലിയിച്ചു കളയുന്ന രീതി പണ്ടു മുതലേ നാം ചെയ്യാറുള്ളതാണ്‌. സ്വേദന കര്‍മ്മവും വിരേചന കര്‍മ്മവും എല്ലാം ചേര്‍ന്ന സമഗ്ര ചികിത്സയാണ്‌ ഇത്‌.

രണ്ടാം ഭാഗം