Breaking News

Trending right now:
Description
 
Oct 19, 2012

ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവിള 10 വര്‍ഷത്തേക്ക്‌ പരീക്ഷിക്കരുതെന്ന്‌ ശുപാര്‍ശ

image ന്യൂഡല്‍ഹി: ജനിതകമാറ്റം വരുത്തിയ ഭക്ഷ്യവിളകള്‍ കൃഷിയിടങ്ങളില്‍ പരീക്ഷിക്കുന്നതിനു 10 വര്‍ഷത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്തണമെന്നു സുപ്രീംകോടതി നിയോഗിച്ച സാങ്കേതിക വിദഗ്‌ധ സമിതി (ടിഇസി) ശുപാര്‍ശ ചെയ്‌തു. ഇന്ത്യയുടെ തനതു വിളകളിലും അവയുടെ വകഭേദങ്ങളിലും ജനിതകമാറ്റ പരീക്ഷണം അനുവദിക്കരുതെന്നും കഴിഞ്ഞ ദിവസം നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ സമിതി ആവശ്യപ്പെട്ടു. കളകള്‍ ചെറുക്കാന്‍ ശേഷിയുള്ള വിളകള്‍ ഇന്ത്യന്‍ സാഹചര്യത്തിനു യോജിച്ചതാണോയെന്നു വിദഗ്‌ധസമിതി പഠിക്കണം. അതുവരെ അത്തരം വിളകള്‍ കൃഷിയിടങ്ങളില്‍ പരീക്ഷിക്കുന്നതു തടയണം. ആരോഗ്യ, പരിസ്ഥിതി, സാമൂഹിക, സാമ്പത്തിക വശങ്ങള്‍ കണക്കിലെടുത്താണ്‌ ഈ നിര്‍ദേസം മുന്നോട്ടുവച്ചിട്ടുള്ളത്‌. ജനിതക വിളകളുടെ ജൈവസുരക്ഷ സംബന്ധിച്ചു നിലവിലുള്ള വിവരങ്ങള്‍ വിശദമായ വിലയിരുത്തലിനു വിധേയമാക്കണം. പ്രശ്‌നവശങ്ങള്‍ പലതും വിട്ടുകളഞ്ഞിട്ടാണ്‌ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്ന ആക്ഷേപമുള്ളതിനാലാണ്‌ ഈ നിര്‍ദേശം. ജനിതക പരീക്ഷണങ്ങള്‍ അനുവദിക്കുംമുമ്പ്‌ ജൈവസുരക്ഷ ഉറപ്പാക്കുമ്പോള്‍ ചെറുമൃങ്ങളെ ബാധിക്കാവുന്ന വിഷാംശങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കണം. ജനിതകവിളകള്‍ പരീക്ഷിക്കാനുള്ള കൃഷിയിടങ്ങള്‍ വേര്‍തിരിക്കണം. അത്തരം സ്ഥലങ്ങളില്‍ ജനിതക വിളകള്‍ മാത്രമേ വളര്‍ത്താവൂ. കര്‍ഷകര്‍ കൃഷിയിറക്കുന്ന സ്ഥലങ്ങളില്‍ ഇത്തരം പരീക്ഷണങ്ങള്‍ പാടില്ലെന്നും ടിഇസി ശുപാര്‍ശചെയ്‌തു. ജനിതകമാറ്റ പരീക്ഷണങ്ങള്‍ക്കെതിരെ അരുണ റോഡ്രിഗ്‌സും മറ്റും നല്‍കിയ ഹര്‍ജിയിലാണ്‌ കോടതി ടിഇസിയെ നിയോഗിച്ചത്‌.