Breaking News

Trending right now:
Description
 
Oct 20, 2013

കത്തോലിക്കാ സഭയ്‌ക്കു നേരെ വിമര്‍ശനത്തിന്റെ കുന്തമുന ഉയര്‍ത്തിയ ഓശാന മാസിക ഓര്‍മകളിലേയ്‌ക്ക്‌

ജോണ്‍ ഗോഡ്‌ഫ്രേ
image കഴിഞ്ഞ 38 വര്‍ഷമായി കത്തോലിക്ക സഭയുടെ പ്രവര്‍ത്തനങ്ങളില്‍ തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ച ഓശാന മാസിക അടുത്ത ലക്കത്തോടുകൂടി പ്രസിദ്ധീകരണം നിറുത്തുന്നു. സാമൂഹിക പ്രവര്‍ത്തകനും കത്തോലിക്കാ സഭാ വിമര്‍ശകനുമായ ജോസഫ്‌ പുലിക്കുന്നേലിന്റെ പത്രാധിപത്യത്തില്‍ 975-ലാണ്‌ ഓശാന മാസിക ആരംഭിച്ചത്‌. കോട്ടയം പാലായ്‌ക്ക്‌ സമീപമുള്ള ഇടമറ്റത്തു നിന്നാണ്‌ ഓശാന മാസിക പ്രസിദ്ധീകരണം നടത്തിയിരുന്നത്‌. വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ മൂലം ചിന്തിക്കാനും എഴുതാനും സാധിക്കാത്തതിനാലാണ്‌ ഓശാനയുടെ പ്രസിദ്ധീകരണം നിര്‍ത്തുന്നതെന്ന്‌ ജോസഫ്‌ പുലിക്കുന്നേല്‍ ഗ്ലോബല്‍ മലയാളത്തോട്‌ പറഞ്ഞു.

സഭയെ ബൈബിളിന്റെ അടിത്തറയില്‍ ഉറപ്പിച്ചു നിറുത്തി നവീകരിക്കുക എന്ന ദൗത്യം ഏറ്റെടുത്ത്‌ കാമ്പുള്ള സഭാവിമര്‍ശനം നടത്തിയിരുന്ന ജോസഫ്‌ പുലിക്കുന്നേലിന്റെ വാക്കുകള്‍ക്ക്‌ കത്തോലിക്കാസഭയും ചെവികൊടുത്തിരുന്നു.

അടുത്ത ലക്കത്തിലെ യാത്രാമൊഴിയോടെ തന്റെ നവീകരണ ദൗത്യം താന്‍ പൂര്‍ത്തിയാക്കുകയാണെന്ന്‌ ജോസഫ്‌ പുലിക്കുന്നേല്‍ ഗ്ലോബല്‍ മലയാളത്തോട്‌ വ്യക്തമാക്കി. തന്റെ ആശയങ്ങളാണ്‌ ഓശാന മാസികയിലൂടെ പങ്കു വച്ചത്‌. അതിനാല്‍ പുതിയൊരാളെ ഏല്‌പ്പിക്കാന്‍ താനൊരുക്കമല്ലെന്നും പുലിക്കുന്നേല്‍ വ്യക്തമാക്കി. ഗാന്ധിജിയും ശ്രീനാരായണ ഗുരുവും തങ്ങളുടെ ആശയങ്ങള്‍ക്ക്‌ തുടര്‍ച്ചക്കാരെ ഏല്‌പിക്കാത്തതുപോലെ താനും തന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ പൂര്‍ത്തികരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍ക്കെങ്കിലും സഭയെ വിമര്‍ശനാത്മകമായി സമീപിക്കണമെങ്കില്‍ പ്രസിദ്ധീകരണം മറ്റൊരു പേരില്‍ ആരംഭിക്കാം. എന്നാല്‍ താന്‍ ആരംഭിച്ച ഓശാനയ്‌ക്ക്‌ തുടര്‍ച്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഓശാന മൗണ്ടിലെ മറ്റു സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഇതേനിലയില്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. തന്നെ ശ്രവിക്കുകയും വായിക്കുകയും ചെയ്‌ത എല്ലാവായനക്കാര്‍ക്കും അദ്ദേഹം നന്ദിയും അറിയിച്ചു.

81 വയസുള്ള ജോസഫ്‌ പുലിക്കുന്നേല്‍ സാമ്പത്തിക ശാസ്‌ത്രത്തില്‍ ബിരുദധാരിയാണ്‌. അധ്യാപകനായിരുന്ന അദ്ദേഹം കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ്‌. ബൈബിളിനെക്കുറിച്ച്‌ കൂടുതല്‍ അറിയാനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ക്രിസ്റ്റ്യന്‍ സ്റ്റഡീസ്‌ എന്ന സ്ഥാപനവും അദ്ദേഹം നടത്തുന്നു. ബൈബിള്‍ പഠനങ്ങളും സഭാ ചരിത്രങ്ങളും അടങ്ങുന്ന നല്ലൊരു ഗ്രന്ഥശാലയും ഇതിനോടനുബന്ധിച്ചുണ്ട്‌. ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പഴയ നിലയില്‍ തുടരുമെന്ന്‌ പുലിക്കുന്നേല്‍ പറഞ്ഞു.