Breaking News

Trending right now:
Description
 
Oct 18, 2013

യു ട്യൂബിലൂടെ പ്രചരിച്ച ചന്ദ്രലേഖയുടെ മധുരശബ്ദം ഇനി സിനിമയിലും

image യു ട്യൂബിലൂടെയും ഫേസ്‌ ബുക്കിലൂടെയും പ്രചരിച്ച മധുരശബ്ദത്തിലൂടെ കേരളത്തിലും പുറത്തുമുള്ള സംഗീത പ്രേമികളുടെ മനസില്‍ പെട്ടെന്ന്‌ ഇടം നേടിയ ചന്ദ്രലേഖ രഘുനാഥിന്റെ പാട്ട്‌ ഇനി സിനിമയിലും. സംഗീതത്തിന്റെ ശാസ്‌ത്രീയപാഠങ്ങള്‍ പഠിക്കാതെ, ഇന്നലെവരെ റെക്കോര്‍ഡിംഗ്‌ സ്റ്റുഡിയോ കാണാന്‍ പോലും ഭാഗ്യമില്ലാതെ, മൂളിപ്പാട്ടുകള്‍ പാടി സംഗീതത്തെ ധ്യാനിച്ച പാട്ടുകാരിയുടെ ശബ്ദത്തില്‍ ആദ്യ സിനിമാഗാനം പിറന്നു. കണ്‍കളാലൊരു കവിതയെഴുതാന്‍ നിന്നുവോ കിളിവാതിലില്‍....പാട്ടുകേള്‍ക്കാനെത്തിയ സംവിധായകന്‍ സിബി മലയിലും സംഗീതസംവിധായകന്‍ മിലന്‍ ജലീലും കൈയടിച്ചു പറഞ്ഞു: പാട്ടു ഹിറ്റാകും. പുതുമുഖ സംവിധായകന്‍ എം. പ്രശാന്ത്‌ ഒരുക്കുന്ന ലവ്‌ സ്റ്റോറി എന്ന സിനിമയ്‌ക്കുവേണ്ടിയാണു ചന്ദ്രലേഖ പാടിയത്‌. പാലാരിവട്ടത്തുള്ള ഫ്രെഡിസ്‌ സ്റ്റുഡിയോയില്‍ ആദ്യപാട്ടിന്റെ റെക്കോര്‍ഡിംഗിനായി എത്തിയപ്പോള്‍, സിബി മലയില്‍ ഉള്‍പ്പെടെ സിനിമാരംഗത്തെ പ്രമുഖര്‍ പ്രോത്സാഹിപ്പിക്കാനും അഭിനന്ദനമറിയിക്കാനും ഉണ്ടായിരുന്നു. അടൂര്‍ പറക്കോട്‌ സ്വദേശി രഘുനാഥിന്റെ ഭാര്യ ചന്ദ്രലേഖ വീട്ടിലിരുന്നു പാടിയ പാട്ട്‌ മൊബൈല്‍ കാമറയില്‍ പകര്‍ത്തി യുട്യൂബില്‍ പോസ്റ്റ്‌ ചെയ്‌തതു ഭര്‍തൃസഹോദരന്‍ ദര്‍ശനാണ്‌. രാജഹംസമേ എന്നരാംഭിക്കുന്ന കെ.എസ്‌. ചിത്രയുടെ ശ്രദ്ധേയഗാനമാണു ചന്ദ്രലേഖ പാടിയത്‌. സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകളിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും അറിയപ്പെടാന്‍ തുടങ്ങിയ ചന്ദ്രലേഖയ്‌ക്കു ബുധനാഴ്‌ച നാട്ടില്‍ വിവിധ വേദികളില്‍ സ്വീകരണമുണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞാണു മൂന്നരവയസുള്ള മകന്‍ ശ്രീഹരിയെ കൂട്ടി എറണാകുളത്ത്‌ സിനിമയ്‌ക്കുവേണ്ടി എത്തിയത്‌. മൈക്രോഫോണിനു മുമ്പില്‍ പാടിയുള്ള പരിചയമില്ലെങ്കിലും അതിന്റെ അസ്വസ്ഥതകളൊന്നും റെക്കോര്‍ഡിംഗ്‌ സമയത്തു ചന്ദ്രലേഖയുടെ മുഖത്തുണ്ടായിരുന്നില്ലെന്നു സംഗീതസംവിധായകന്‍ ഡേവിഡ്‌ ഷോണ്‍ പറഞ്ഞു.