Breaking News

Trending right now:
Description
 
Oct 16, 2013

നിക്ഷേപ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറെന്ന്‌ സ്വിസ്‌ ബാങ്ക്‌

image

ജനീവ: സ്വിസ്‌ ബാങ്ക്‌ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാണെന്ന്‌ സ്വിറ്റ്‌സര്‍ലാന്‍ഡ്‌ സര്‍ക്കാര്‍. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ നിരവധിപ്പേര്‍ക്ക്‌ സ്വിസ്‌ ബാങ്കില്‍ കള്ളപ്പണനിക്ഷേപമുള്ളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടാന്‍ കഴിയില്ലെന്നായിരുന്നു ഇതുവരെ സ്വിസ്‌ സര്‍ക്കാര്‍ നിലപാട്‌.

എന്നാല്‍ ഇപ്പോള്‍ പണം നിക്ഷേപിച്ചിട്ടുള്ളവരുടെ വിവരങ്ങള്‍, നിക്ഷേപത്തിന്‌ നല്‍കുന്ന നികുതി തുടങ്ങിയ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്‌ സര്‍ക്കാര്‍ സമ്മതം മൂളിയിരിക്കുകയാണ്‌. സ്വിസ്‌ ബാങ്ക്‌ നിക്ഷേപം സംബന്ധിച്ച്‌ നിലനിന്നിരുന്ന രഹസ്യങ്ങളാണ്‌ ഇതോടെ ഇല്ലാതാവുന്നത്‌. വിവരങ്ങള്‍ ആവശ്യപ്രകാരമോ സ്വമേധയോ കൈമാറാമെന്നാണ്‌ സ്വിസ്‌ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്‌.

സ്വസ്‌ ബാങ്ക്‌ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്ക്‌ കൈമാറുന്നതിന്‌ ആഗോളതലത്തില്‍ സ്വിസ്‌ സര്‍ക്കാരിനു മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. ഇതു പരിഗണിച്ച്‌ നികുതി വെട്ടിപ്പ്‌ തടയുന്നതിനും കള്ളപ്പണത്തിന്റെ ഒഴുക്ക്‌ നിയന്ത്രിക്കുന്നതിനുമുള്ള സംഘടനയായ സാമ്പത്തിക സഹകരണ - വികസന സംഘടനയുടെ മള്‍ട്ടിലാറ്ററല്‍ കണ്‍വെന്‍ഷന്‍ ഓണ്‍ മ്യൂച്ച്വല്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്‍സ്‌ ഇന്‍ ടാക്‌സ്‌ മാറ്റേഴ്‌സ്‌ എന്ന കരാറില്‍ രാജ്യങ്ങള്‍ ഒപ്പുവച്ചത്‌. ഇതോടെയാണ്‌ നിക്ഷേപം സംബന്ധിച്ച വിവിരങ്ങള്‍ കൈമാറാന്‍ ധാരണയായത്‌.

ഇന്ത്യയുള്‍പ്പടെ 58 രാജ്യങ്ങളാണ്‌ ഈ കരാറില്‍ ഒപ്പുവെച്ചിട്ടുള്ളത്‌. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന്‌ നികുതി വെട്ടിച്ച്‌ നിക്ഷേപം നടത്തുന്നതിന്‌ നിരവധിപ്പേര്‍ സ്വിസ്‌ ബാങ്കുകളെ ആശ്രയിക്കുന്നുണ്ട്‌. ഇന്ത്യയില്‍ നിന്ന്‌ ഏകദേശം ഒന്‍പതിനായിരം കോടി രൂപ സ്വിസി ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ്‌ സ്വിസ്‌ ബാങ്ക്‌ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.