Breaking News

Trending right now:
Description
 
Oct 16, 2013

വലത്തോട്ടുതിരിയല്‍ പാടില്ല എന്ന അനാവശ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യണം

image ആലപ്പുഴ: പട്ടണത്തില്‍ ആവശ്യമില്ലാത്തതും മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍
ഏര്‍പ്പെടുത്തി പരാജയപ്പെട്ടതുമായ 'വലത്തോട്ടുള്ള തിരിയല്‍ പാടില്ല'
ഗതാഗത നിരോധന ബോര്‍ഡുകള്‍ ഉടനേ നീക്കം ചെയ്യണമെന്ന് തത്തംപള്ളി
റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡന്റ് തോമസ് മത്തായി
കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.

നന്നാക്കാനായി ആറു മാസമായി മെറ്റല്‍ കുത്തിക്കിളച്ചിട്ടിരുന്ന വൈ.എം.സി.എ
- ജില്ലാ കോടതി പാലം വടക്കേ റോഡ്, ടാര്‍ ചെയ്തതിനെത്തുടര്‍ന്നാണ് കഴിഞ്ഞ
ദിവസം ജില്ലാ കോടതി പാലത്തിനു സമീപത്ത് നിരോധന ബോര്‍ഡുകള്‍
സ്ഥാപിച്ചിട്ടുള്ളത്. ബോര്‍ഡുകള്‍ പ്രകാരം പടിഞ്ഞാറു നിന്നെത്തുന്ന
വാഹനങ്ങള്‍ക്ക് തെക്കോട്ടു ജില്ലാ കോടതി പാലത്തിലേക്കോ കിഴക്കു നിന്നു
വരുന്ന വാഹനങ്ങള്‍ക്ക് വടക്കോട്ടു ജില്ലാ കോടതി റോഡിലേക്കോ തിരിഞ്ഞു
പോകാനാകില്ല. തികച്ചും അശാസ്ത്രീയമായ നിരോധനമാണിത്.

വാടക്കനാല്‍ വടക്കേ റോഡിലൂടെ പടിഞ്ഞാറു നിന്നു എത്തുന്ന വാഹനങ്ങള്‍ക്ക്
പട്ടണത്തിലെ തന്നെ മുല്ലയ്ക്കല്‍, ബോട്ട് ജെട്ടി, പഴവങ്ങാടി, ചുങ്കം, ബസ്
സ്റ്റേഷന്‍ തുടങ്ങിയയിടങ്ങളിലേക്കും ചങ്ങനാശേരി ഭാഗത്തേക്കും പോകാന്‍
ജില്ലാ കോടതി പാലം കയറാതെ മാര്‍ഗമില്ല. ജില്ലാ കോടതി പാലം കഴിഞ്ഞു
മുന്നോട്ടു പോയാല്‍ വാടക്കനാലിനു കുറുകേ വേറെ പാലമില്ലാത്തുകൊണ്ടാണത്.
ഒരു മുന്നറിയിപ്പും ലഭിക്കാതെ ഓടിച്ചു വരുന്ന വാഹനങ്ങള്‍ക്കു
പാലത്തിലേക്കു കയറാതെ വേറെ വഴിയില്ല.

അതുപോലെ വാടക്കനാല്‍ വടക്കേ റോഡിലൂടെ കിഴക്കു നിന്നു പുന്നമട ഭാഗത്തു
നിന്നെത്തുന്ന വാഹനങ്ങള്‍ക്കു ജില്ലാ കോടതിയിലേക്കും മണ്ണഞ്ചേരി, മുഹമ്മ,
തണ്ണീര്‍മുക്കം എന്നിവിടങ്ങളിലേക്കും ചേര്‍ത്തലയിലൂടെയും
എറണാകുളത്തിലൂടെയും കടന്നു പോകുന്ന ദേശീയ പാതയിലേക്കും പോകാന്‍ ജില്ലാ
കോടതി റോഡാണ് എളുപ്പമാര്‍ഗം. പുതിയ ബോര്‍ഡ് അതു
നിരോധിച്ചിരിക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് വളരെ ദൂരം ചുറ്റിത്തിരിഞ്ഞു
പോകേണ്ടി വരും.

ആലപ്പുഴ പട്ടണത്തിലെ റോഡുകളുടെ കിടപ്പനുസരിച്ച് ഒരിടത്തും
'വണ്‍വേ'യുടേയും 'നോ റൈറ്റ് ടേണി'ന്റേയും ആവശ്യമില്ല. കൂടുതല്‍ ഇന്ധനം
ചെലവാക്കാനും പോലീസിന് പെറ്റി കേസ് ചാര്‍ജ് ചെയ്യാന്‍ അവസരം ഒരുക്കാനും
മാത്രമാണ് അത്തരം നിരോധനങ്ങള്‍ അവസരമൊരുക്കുക. റോഡുവക്കിലെയും
ജംഗ്ഷനുകളിലെയും അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചാല്‍ തന്നെ ഗതാഗതം
സുഗമമാകും. എന്നാല്‍ അതിനു തുനിയാതെ ആവശ്യമില്ലാത്ത നിരോധന ബോര്‍ഡുകള്‍
സ്ഥാപിച്ചു ചട്ടം ലംഘിപ്പിച്ച ശേഷം നാട്ടുകാരെയെല്ലാം കുറ്റക്കാരാക്കി
പിഴയീടാക്കാനാണ് പോലീസ് ശ്രമം.

ഇതേസമയം, പോലീസ് സ്ഥാപിച്ചിട്ടുള്ള നിരോധന ബോര്‍ഡുകള്‍ മോട്ടോര്‍ വാഹന
നിയമം അനുസൃതമായുള്ളതല്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഡ്രൈവര്‍മാര്‍ക്കു മുന്നറിയിപ്പു നല്കുന്ന ബോര്‍ഡുകള്‍ റോഡിന്റെ ഇടതു
വശത്താണ് സ്ഥാപിക്കേണ്ടത്. എന്നാല്‍ ബോര്‍ഡു ശ്രദ്ധയില്‍പ്പെടാത്ത വിധം
മിക്കവയും വലത്തു വശത്താണ് സ്ഥാപിച്ചിട്ടുള്ളത്. അതില്‍ പരസ്യങ്ങള്‍
ഉള്ളതിനാല്‍ വ്യാപാര സ്ഥാപനങ്ങളുടെ ബോര്‍ഡാണെന്നു ഒറ്റനോട്ടത്തില്‍
തോന്നുകയും ചെയ്യും. ഗതാഗത നിയന്ത്രണ ബോര്‍ഡുകളില്‍ പരസ്യങ്ങള്‍
പാടില്ലാത്തതാണ്.

ഇതിനു മുന്‍പ് ആറു റോഡുകള്‍ ചേരുന്ന ഇരുമ്പുപാലത്തില്‍ എല്ലാ റോഡിലും 'നോ
ടേണ്‍' ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെത്തുടര്‍ന്നു സമീപത്തെ വ്യാപാര
സ്ഥാപനങ്ങളിലെ കച്ചവടം കുത്തനെ കുറഞ്ഞിരുന്നു. പാലത്തിനു തൊട്ടടുത്ത
സ്ഥാപനങ്ങളില്‍ എത്തേണ്ടവര്‍ക്കു കിലോമീറ്ററുകള്‍
ചുറ്റിത്തിരിയേണ്ടതുണ്ടായിരുന്നു. അതിനാല്‍ ക്രമേണ നിരോധനം ഇല്ലാതായി.

പാഠങ്ങളില്‍ നിന്നു ഒന്നും ഉള്‍ക്കൊള്ളാതെ ജനങ്ങളെ എങ്ങനെയും
ബുദ്ധിമുട്ടിക്കുകയെന്നതാണ് അധികൃതരുടെ മനോഭാവം എന്നുള്ള ആരോപണം
ശക്തിപ്പെടുന്നതാണ് പുതിയ നിരോധന ബോര്‍ഡുകള്‍.