Breaking News

Trending right now:
Description
 
Oct 16, 2013

പ്രമുഖ പത്രപ്രവര്‍ത്തകനുമായ ജോര്‍ജ് വര്‍ഗീസ് നിര്യാതനായി

image പ്രമുഖ പത്രപ്രവര്‍ത്തകനും പ്രസാര്‍ ഭാരതി കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡംഗവുമായിരുന്ന ജോര്‍ജ് വര്‍ഗീസ് നിര്യാതനായി. മൂന്നു ദശാബ്ദത്തോളം ഡല്‍ഹിയില്‍ യുഎന്‍ഐയുടെ ലേഖകനായിരുന്നു. ദീപിക, മംഗളം എന്നീ പത്രങ്ങളില്‍ കോളം എഴുതിയിരുന്നു. യുഎന്‍ഐ ന്യൂസ് കോഓര്‍ഡിനേഷന്‍ എഡിറ്റര്‍, ഡല്‍ഹിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റഡീസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി(ഇംസിറ്റ്) ചെയര്‍മാന്, വേള്‍ഡ് മലയാളി കൌണ്‍സില്‍ ഡല്‍ഹി ഘടകം ചെയര്‍മാന്‍, വൈഎംസിഎ നാഷനല്‍ ബോര്‍ഡ് അംഗം, ഓര്‍ത്തഡോക്സ് സഭാ മാനേജിങ് കമ്മറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. തുമ്പമണ്‍ മാര്‍ ഗ്രിഗോറിയോസ് ഹൈസ്കൂള്‍, പന്തളം എന്‍എസ് എസ് കോളജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് എന്നിവിടങ്ങളിലായിരുന്നു പഠനം. റാന്നി സെന്റ് തോമസ് കോളജില്‍ അധ്യാപകനായിരുന്നു. 

കേരളാ ചിത്രകലാകേന്ദ്രത്തിന്റെ കലാദര്‍ശന്‍ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ചേരിചേരാ ഉച്ചകോടി, കോമണ്‍വെല്‍ത് ഉച്ചകോടി, ജി 7, ജി 15 തുടങ്ങി ഒട്ടേറെ രാജ്യാന്തര സമ്മേളനങ്ങള്‍ കവര്‍ ചെയ്തിട്ടുണ്ട്. സഞ്ജയ് ഗാന്ധിയുടെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചത് ഇദ്ദേഹമായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ മരണവാര്‍ത്ത ആദ്യം അറിഞ്ഞെങ്കിലും ഒൌദ്യോഗിക സ്ഥിരീകരണം ലഭിച്ചതിനു ശേഷം വാര്‍ത്ത നല്‍കിയാല്‍ മതിയെന്നു മേലധികാരി അറിയിച്ചതിനാല്‍ അതിനു സാധിച്ചില്ല. 

പല മലയാള പത്രങ്ങളിലായി 24 വര്‍ഷമായി തുടരുന്ന രാജധാനിയില്‍ നിന്ന്, അമേരിക്കയില്‍ ഇറങ്ങുന്ന മലയാളം പത്രത്തില്‍ 18 വര്‍ഷമായുള്ള ഡല്‍ഹി എന്നിവ അദ്ദേഹത്തിന്റെ പ്രസിദ്ധമായ കോളങ്ങളാണ്. ഒരു വലിയ ബാബയുടെ കഥ, ചുവപ്പു കോട്ടയില്‍ നിന്ന് സസ്നേഹം എന്നിവ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. 

ലയണ്‍സ് ഇന്റര്‍നാഷണല്‍ 95ലും ക്യാപിറ്റല്‍ ഫൌണ്ടേഷന്‍ സൊസൈറ്റി 98ലും ഇന്ത്യയിലെ മികച്ച പത്രപ്രവര്‍ത്തകനായി തിരഞ്ഞെടുത്തു. തുമ്പമണ്‍ വലിയവീട്ടില്‍ ബഥാന്യയില്‍ പരേതനായ വി.ജി. ജോര്‍ജിന്റെ മകനാണ്. പരേതയായ ശോശാമ്മയാണു ഭാര്യ. ഗിരീഷ് വര്‍ഗീസ്, സൂര്യ സൂസന്‍ വര്‍ഗീസ് എന്നിവര്‍ മക്കളാണ്.