Breaking News

Trending right now:
Description
 
Oct 16, 2013

പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന്‌ കോണ്‍ഗ്രസിന്റെ പ്രമേയം

image പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അലഹബാദ്‌ കോണ്‍ഗ്രസ്‌ കമ്മറ്റി പ്രമേയം പാസാക്കി. പണ്‌ഡിറ്റ്‌ ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ മണ്‌ഡലമായിരുന്ന ഫൂല്‍പൂരില്‍ പ്രിയങ്കയെ സ്ഥാനാര്‍ഥിയാക്കണമെന്ന്‌ ആവശ്യപ്പെടുന്ന പ്രമേയമാണ്‌ പാസാക്കിയത്‌. ഫൂല്‍പൂരില്‍ ദശാബ്‌ദങ്ങളായി നെഹ്‌റു കുടുംബത്തിന്‌ അവകാശപ്പെട്ടതാണെന്നും അതുകൊണ്ടുതന്നെയാണ്‌ പ്രിയങ്കയെ അവിടെ മത്സരിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടതെന്നും കോണ്‍ഗ്രസ്‌ കമ്മറ്റി വിശദീകരിച്ചു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക പ്രചാരണത്തിനിറങ്ങുമോയെന്ന കാര്യം ദേശീയ രാഷ്‌ട്രീയത്തില്‍ സജീവ ചര്‍ച്ചയായിരിക്കെയാണ്‌ അവരെ മത്സരിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ കമ്മറ്റി പ്രമേയം പാസാക്കിയത്‌. പ്രിയങ്കയെ പ്രചാരണത്തിന്‌ ഇറക്കണമെന്ന്‌ ഒരു വിഭാഗം കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കിടയില്‍ ശക്തമായ അഭിപ്രായമുണ്ട്‌. അതേസമയം പ്രിയങ്ക പ്രചാരണത്തിനിറങ്ങുമെന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസ്‌ വക്താവ്‌ അജയ്‌ മാക്കന്‍ ഇന്നലെ നിഷേധിച്ചിരുന്നു. മറ്റു വിഷയങ്ങളില്‍ നിന്ന്‌ ശ്രദ്ധ തിരിച്ചുവിടാനാണ്‌ ഇക്കാര്യം ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അമ്മ സോണിയയും സഹോദരന്‍ രാഹുലും മത്സരിച്ച മണ്‌ഡലങ്ങളില്‍ പ്രിയങ്ക പ്രചാരണത്തിന്‌ ഇറങ്ങിയിരുന്നു. എന്നാല്‍ രാഷ്ട്രീയത്തില്‍ സജീവമാകാന്‍ പ്രിയങ്ക ഇതുവരെ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ്‌ അവരുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നത്‌.