Breaking News

Trending right now:
Description
 
Oct 15, 2013

കണ്ണു നഷ്ടപ്പെട്ടതിലും ക്രൂരത, കണ്ണുള്ളവരുടെ വഞ്ചന

E.S. Gigimol
image ട്രെയിന്‍ യാത്രയ്‌ക്കിടയില്‍ അഞ്‌ജാതന്റെ കല്ലേറുക്കൊണ്ട്‌ കണ്ണ്‌ നഷ്ടമായ കോട്ടയം കല്ലറ സ്വദേശിയായ പ്രീതയോട്‌ സഹായഹസ്‌തം നീട്ടി വഞ്ചന കാട്ടിയത്‌ കണ്ണുള്ളവര്‍. കണ്ണിന്‌ ഗുരുതരമായി പരുക്കേറ്റ പ്രീതയെ അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ്‌ നഴ്‌സിംഗ്‌ കൗണ്‍സില്‍ അംഗവും നഴ്‌സിംഗ്‌ അസോസിയേഷന്റെ ആളുമാണെന്ന്‌ പരിചയപ്പെടുത്തിയ ഒരാളുടെ നമ്പര്‍ നല്‌കിയിട്ട്‌ വിളിക്കാന്‍ പ്രീതയുടെ പിതാവിനോട്‌ ആവശ്യപ്പെട്ടത്‌.

അതനുസരിച്ച്‌ പവിത്രന്‍ വിളിച്ചു. തമ്പി എന്നു പേരു പറഞ്ഞ ഒരാളാണ്‌ ഫോണ്‍ എടുത്തത്‌. അങ്കമാലിയില്‍ നിന്ന്‌ ഉടന്‍ ഡിഡ്‌ചാര്‍ജ്‌ വാങ്ങി മധുരയിലെ അരവിന്ദ്‌ ഹോസ്‌പിറ്റലിലേയ്‌ക്ക്‌ പോകണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. വെറും ചുമട്ടു തൊഴിലാളിയായ തനിക്ക്‌ താങ്ങാന്‍ സാധിക്കുന്നതല്ല മധുരയിലേയ്‌ക്കുള്ള യാത്രയും അവിടുത്തെ ചെലവുകളെന്നും അതിലുപരി ഭാഷ അറിയില്ലെന്നും പറഞ്ഞിട്ടും സമ്മതിച്ചില്ല. അതെല്ലാം താന്‍ നോക്കിക്കോളാമെന്നായിരുന്നു വാഗ്‌ദാനം. എല്ലാവിധ സഹായ വാഗ്‌ദാനങ്ങളും തന്ന അദ്ദേഹത്തിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന്‌ അരവിന്ദിലേക്ക്‌ പോകാമെന്നു സമ്മതിച്ചു.

Photo: http://globalmalayalam.com/news.php?nid=6909#.Ul0IHlCVNo8

മധുര ദൂരമായതിനാല്‍ അവസാനം കോയമ്പത്തൂര്‍ അരവിന്ദ്‌ ഹോസ്‌പിറ്റല്‍ എന്ന തീരുമാനവുമായി. ഇല്ലാത്ത പണവും സംഘടിപ്പിച്ച്‌ ലിറ്റില്‍ ഫ്‌ളവറിലെ ചികിത്സ ചിലവ്‌ അവര്‍ തന്നെ അടച്ചു. കണ്ണില്‍ പൊടിയടിക്കാതിരിക്കാനായി എ.സി കാര്‍ വാടകയ്‌ക്ക്‌ എടുത്ത്‌ കോയമ്പത്തൂരിലേക്ക്‌ പോയി. വണ്ടി കേരളം വിട്ടതിനുശേഷം സഹായവാഗ്‌ദാനം നല്‌കിയവരെക്കുറിച്ച്‌ യാതൊരുവിധ വിവരവുമില്ല.

കാര്‍ വാടകമാത്രം 6000 രൂപയായി. പരിചയമില്ലാത്ത നാട്ടില്‍ കയ്യില്‍ പണമില്ലാതെ ദുരിതത്തിലായ പ്രീതയും കുടുംബവും ഒരു പകല്‍ മുഴുവന്‍ പട്ടിണി.

പ്രീതയുടെ അച്ഛന്‍ ചോദിക്കുന്നത്‌ ഇത്രമാത്രം : "ഞങ്ങളുടെ കുഞ്ഞിന്റെ ചികിത്സാച്ചെലവ്‌ മറ്റൊരാള്‍ വഹിക്കണമെന്ന്‌ നിര്‍ബന്ധം പറയാന്‍ നമുക്കാവില്ല. ഒരു സംഘടനയാകുമ്പോള്‍ അതിന്റെ ചട്ടക്കൂട്ടുകള്‍ ഉണ്ടല്ലോ, പക്ഷേ ഇന്ത്യ മുഴുവന്‍ തങ്ങള്‍ക്ക്‌ പിടിപാടുണ്ടെന്ന്‌ പറയുന്ന ഒരു അസോസിയേഷന്റെ രക്ഷാധികാരി നഴ്‌്‌സിംഗ്‌ കൗണ്‍സില്‍ അംഗം എന്നിങ്ങനെ അവകാശപ്പെട്ടയാള്‍ ഞങ്ങള്‍ക്ക്‌ ഒരുപകാരം ചെയ്യാമായിരുന്നു. ഒരു രോഗി ഇവിടേക്ക്‌ വരുന്നുണ്ടെന്ന്‌ ആശുപത്രിയിലേയ്‌ക്ക്‌ ഒന്നു വിളിച്ചു പറഞ്ഞ്‌ അവിടെ അത്യാവശ്യ ക്രമീകരണം ചെയ്യാമായിരുന്നു. കണ്ണുകാണാത്ത ഈ പെണ്‍കുട്ടിയും വയ്യാത്ത അമ്മയുമായി ഞാന്‍ ഹോസ്‌പിറ്റല്‍ വരാന്ത വഴി അലഞ്ഞു നടന്നു. ഭാഷയറിയാത വിശപ്പടക്കാന്‍ കയ്യില്‍ കാശില്ലാതെ, ദുരിതങ്ങളുടെ കാണാകയത്തിലേക്ക്‌ വലഞ്ഞുപോയ ഞങ്ങളുടെ അവസ്ഥയില്‍ അലിവു തോന്നിയ ഒരാളാണ്‌ കോട്ടയം സ്വദേശിയായ ഒരു ഡോക്ടര്‍ അവിടെയുണ്ടെന്ന്‌ പറഞ്ഞത്‌. അവരുടെ സഹായത്താല്‍ ഞങ്ങള്‍ അവിടെ ഡോക്ടര്‍മാരെ കണ്ടു പരിശോധനകള്‍ പൂര്‍ത്തിയാക്കി. ആശുപത്രി കാന്റിനില്‍ നിന്ന്‌ രണ്ട്‌ ഇഡലിയും കഴിച്ചു ചായയും കഴിച്ച്‌ വീണ്ടും ടാക്‌സി വിളിച്ച്‌ കേരളത്തിലേക്ക്‌ മടങ്ങേണ്ടി വന്നു."

"എന്റെ മകളെ ഞാന്‍ കിടപ്പാടം വിറ്റു ചികിത്സിക്കാം. ഇത്തരത്തില്‍ സഹായ വാഗ്‌ദാനം നല്‌കി ആരും ആരെയും വഞ്ചിക്കരുത്‌, പ്രത്യേകിച്ച്‌ ഒരു ഗതിയുമില്ലാത്ത പാവങ്ങളെ,"പവിത്രന്റെ കണ്ണു നനഞ്ഞു.

"ഞങ്ങള്‍ അവിടെ നിന്ന്‌ മടങ്ങി വന്നിട്ട്‌ ദിവസം ഇത്രയായി തമ്പി സാര്‍ ഒന്നു വിളിച്ചില്ല. ബാക്ക്‌ അക്കൗണ്ട്‌ നമ്പര്‍ ഇവിടെയല്ലാത്തതിനാല്‍ അനിയത്തിയുടെ നമ്പര്‍ നല്‌കി. അവര്‍ പറഞ്ഞതുമാതിരി അനിയത്തിയെക്കൊണ്ട്‌ വിവരങ്ങള്‍ വിശദമായി കാണിച്ച അപേക്ഷയും എഴുതി. അവസാനം സഹായിക്കാന്‍ വന്നവരെപ്പറ്റി യാതൊരു വിവരവുമില്ല. എന്തിനാണ്‌ ആ നാടകം, ചിലപ്പോള്‍ തിരക്കു കാരണം അവര്‍ മറന്നതാകാം ഞങ്ങളെ... സാരമില്ല," പവിത്രന്‍ പറഞ്ഞു നിറുത്തി.

സംസ്ഥാന സര്‍ക്കാരിനോ മറ്റു റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കോ ഇങ്ങനെ ഒരു സംഭവം അറിഞ്ഞതായി പോലും ഭാവമില്ല. വൈക്കം എംഎല്‍എ അജിത്തും മോന്‍സ്‌ ജോസഫും കാണാന്‍ എത്തിയിരുന്നു. പഠിച്ചിറങ്ങിയിട്ട്‌ ഒരു വര്‍ഷമായെങ്കിലും കാര്യമായ ശമ്പളമൊന്നും കിട്ടാന്‍ തുടങ്ങിയിരുന്നില്ല. ഇനി എന്റെ കുഞ്ഞിന്‌ ജോലി ചെയ്‌തു ജിവിക്കാന്‍ പറ്റുമോ എന്നു പോലും അറിയില്ല. ലോണ്‍ എടുത്താ ഞാന്‍ അവളെ പഠിപ്പിച്ചത്‌. അതിന്റെ ഭാരം ഇനി എങ്ങനെ വീട്ടും.

ദുരിതങ്ങള്‍ സ്വപന്‌ങ്ങളുടെ മേല്‍ കരിനിഴല്‍ വീഴ്‌ത്തുമ്പോള്‍ ഇവര്‍ക്ക്‌ പറയാന്‍ ഒന്നു മാത്രം. സഹായിച്ചില്ലെങ്കിലും പറഞ്ഞു പറ്റിക്കരുതേ!