Breaking News

Trending right now:
Description
 
Oct 13, 2013

പ്രീതയുടെ മിഴികളില്‍ വെളിച്ചം നിറയ്‌ക്കാന്‍ കാരുണ്യഹസ്‌തവുമായി യു.എന്‍.എ

ഇ.എസ്‌. ജിജിമോള്‍
image കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തില്‍ ഹൈദരാബാദിലേക്കുള്ള ട്രെയിന്‍ യാത്രയ്‌ക്കിടയില്‍ ആരോ വലിച്ചെറിഞ്ഞ കല്ലു പതിച്ച്‌ ഇടംകണ്ണിന്‌ ഗുരുതരമായ പരുക്കേറ്റ്‌ ചികിത്സയില്‍ കഴിയുന്ന നഴ്‌സിനെ സഹായിക്കാന്‍ നഴ്‌സുമാര്‍ കൈക്കോര്‍ക്കുന്നു. തങ്ങളുടെ തുച്ഛമായ ശമ്പളത്തില്‍ നിന്ന്‌ ഇത്തിരി മിച്ചം പിടിച്ച്‌ തങ്ങളുടെ സഹോദരിക്ക്‌ സഹായമെത്തിക്കാന്‍ നഴ്‌സുമാര്‍ മുന്നോട്ട്‌ വന്നിരിക്കുന്നത്‌ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ്‌.

നഴ്‌സുമാരില്‍ നിന്ന്‌ പിരിച്ചെടുത്ത കാല്‍ ലക്ഷം രൂപ ബീന ബേബി രക്തസാക്ഷി അനുസ്‌മരണ ദിനമായ ഒക്ടോബര്‍ 18-ന്‌ തൃശൂരില്‍ വച്ചു നല്‌കുമെന്ന്‌ യു.എന്‍.എ പ്രസിഡന്റ്‌ ജാസ്‌മിന്‍ ഷാ അറിയിച്ചു. അതിനു മുന്നോടിയായി യു.എന്‍.എയുടെ സംസ്ഥാന പ്രസിഡന്റ്‌ ജാസ്‌മീന്‍ ഷാ, വൈസ്‌ പ്രസിഡന്റ്‌ സുജനപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പതിനഞ്ചംഗ സംഘം ഒക്ടോബര്‍ പതിനേഴാം തീയതി പ്രീതയെ കോട്ടയത്തുള്ള വീട്ടിലെത്തി കണ്ട്‌ പിന്തുണ അറിയിക്കും.

പ്രീതയ്‌ക്ക്‌ റെയില്‍വേ തൊഴില്‍ നല്‍കാന്‍ തയാറാകണമെന്നും ജാസ്‌മിന്‍ ഷാ ആവശ്യപ്പെട്ടു. കേരളത്തിലെ ആരോഗ്യമന്ത്രി, കേന്ദ്ര റെയില്‍വേ മന്ത്രി എന്നിവര്‍ക്ക്‌ ഈ ആവശ്യം ഉന്നയിച്ച്‌ ഹര്‍ജി നല്‌കുമെന്നും അറിയിച്ചു.

കോട്ടയം കല്ലറ സ്വദേശിയായ പ്രീത എന്ന നഴ്‌സിന്‌ വെളിച്ചം നഷ്ടമായത്‌ ആരുടെയോ ക്രൂരവിനോദം മൂലമാണ്‌. തിരുവനന്തപുരം- ഹൈദരബാദ്‌ ശബരി എക്‌സ്‌പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന പ്രീതയുടെ കണ്ണില്‍ കല്ലു പതിച്ചത്‌ പാലക്കാട്‌ മങ്കരയ്‌ക്കും പറളി സ്റ്റേഷനു ഇടയിലാണ്‌. പ്രീതയുടെ കണ്ണില്‍ കല്ല്‌ തറച്ചയുടനെ അശുപത്രിയില്‍ എത്തിക്കാനും സഹായിക്കാനും യാത്രക്കാരും ഒപ്പം കൂടി.

കണ്ണംപുഞ്ചിയില്‍ പവിത്രന്റെയും രാധയുടെയും മകളാണ്‌ പ്രീത. കാഴ്‌ച നഷ്ടമായി ആശുപത്രികിടക്കയില്‍ നിന്ന്‌ കോട്ടയത്തെ ഒറ്റമുറി കെട്ടിടത്തിന്റെ ഇടുക്കുക്കൂട്ടിലേക്ക്‌ പ്രീത എത്തിയപ്പോള്‍ ഉള്‍ക്കണ്ണില്‍ നിറയുന്നത്‌ എസ്‌ബിടി കല്ലറ ശാഖയില്‍ നിന്ന്‌ എടുത്ത ലോണിന്റെ ഭാരം. രോഗിയായ അമ്മയുടെ പ്രതീക്ഷ നശിച്ച കണ്ണുകളില്‍ നിന്ന്‌ ഇറ്റിറ്റു വീഴുന്ന കണ്ണീര്‍കണങ്ങള്‍. എം.കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ സഹോദരിയുടെ വര്‍ണങ്ങള്‍ നഷ്ടപ്പെട്ട സ്വപ്‌നം.
ചെത്തു തൊഴിലാളിയായ അച്ഛന്‍പ്രസന്നനെ സഹായിക്കാന്‍ സാധിക്കുമല്ലോ എന്ന സന്തോഷത്തിലായിരുന്നു പ്രീത
കുടുംബത്തിന്റെ സുവര്‍ണ പ്രതീക്ഷകള്‍ മാത്രമല്ല, പ്രീത എന്ന സാധാരണ സ്‌ത്രീയുടെ ജീവിക്കാനുള്ള അവകാശമാണ്‌ ഈ വിനോദ ക്രൂരതയില്‍ നഷ്ടമായത്‌.

ശാസ്‌ത്രക്രീയ നടത്തിയെങ്കിലും കാഴ്‌ച വീണ്ടുകിട്ടുവാന്‍ സാധ്യതയില്ലെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു. കണ്ണിന്റെ വിട്രിയസ്‌ ഹ്യൂമര്‍, ലെന്‍സ്‌, ഞരമ്പുകള്‍ തുടങ്ങിയവയ്‌ക്ക്‌ സംഭവിച്ച തകരാര്‍ പൂര്‍ണമായി ഭേദമാക്കുവാന്‍ സാധ്യമല്ലെന്ന്‌ ഡോക്ടര്‍മാര്‍ പറഞ്ഞു. ശാസ്‌ത്രക്രീയ നടത്തിയത്‌ കണ്ണിന്റെ വൈരൂപ്യം ഒരു പരിധിവരെ ഒഴിവാക്കുവാന്‍ വേണ്ടി മാത്രമാണെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു.

തൃശൂര്‍ മെഡിക്കല്‍ കോളേജിലും അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലും കോയമ്പത്തൂര്‍ അരവിന്ദ്‌ ആശുപത്രിയിലും ചികിത്സ നല്‌കി കഴിഞ്ഞു. കാഴ്‌ച തിരികെ കിട്ടാന്‍ സാധ്യത തീരെയില്ല. എങ്കിലും പ്രതീക്ഷയാണ്‌ ഈ കൊച്ചു പെണ്‍കുട്ടിക്ക്‌. അവള്‍ തന്നെ കാണാന്‍ എത്തുന്ന എല്ലാവരോടും പറയുന്നത്‌ ഒന്നുമാത്രം പ്രാര്‍ത്ഥിക്കണേ എനിക്കായി എനിക്ക്‌ മങ്ങിയ കാഴ്‌ചകളെങ്കിലും തിരികെ കിട്ടാന്‍. സ്വപ്‌നങ്ങള്‍ മങ്ങിപ്പോയ ഈ കുടുംബം ചികിത്സച്ചെലവും ഭാരിച്ച ജീവിതത്തെയും നോക്കി പ്രാര്‍ത്ഥിക്കുകയാണ്‌ പ്രീതമോള്‍ തന്നെ സഹായിച്ചവരോട്‌ നന്ദി പറയുമ്പോഴും തേങ്ങുന്നുണ്ട്‌.

അരവിന്ദ്‌ ഹോസ്‌പിറ്റലില്‍ ഒരു പരിശോധന കൂടി ഉണ്ട്‌. മുറിവേറ്റ ഇടതുകണ്ണിന്‌ പഴുപ്പു വരാതെ നോക്കണം. കോയമ്പത്തൂര്‍ അരവിന്ദ്‌ ആശുപത്രിയില്‍ 20-ന്‌ എത്തണം - പ്രീത പറഞ്ഞു.

ഗ്ലോബല്‍ മലയാളം പ്രീതയുടെ ദുരിതാവസ്ഥ കാഴ്‌ച ദിനത്തില്‍ പുറത്തുകൊണ്ടു വന്നിരുന്നു. ഈ വാര്‍ത്ത വായിച്ചറിഞ്ഞ നഴ്‌സുമാര്‍ പ്രീതയെ സഹായിക്കാന്‍ അണിച്ചേരുകയായിരുന്നു. ലോകത്തെമ്പാടുമുള്ള മലയാളി നഴ്‌സുമാര്‍ കണ്ണു നഷ്ടപ്പെട്ട പ്രീതയെ സഹായിക്കാന്‍ തയാറാകണമെന്നും പറഞ്ഞു.