Breaking News

Trending right now:
Description
 
Oct 13, 2013

യൂട്യൂബില്‍ ചന്ദ്രലേഖ രാജഹംസമായി ശ്രുതിമീട്ടുന്നു,

image ആരുടെയും എസ്‌.എം.എസ്‌ വോട്ടും മാര്‍ക്കും ഗുരുവുമില്ലാതെ ചന്ദ്രലേഖ മൊബൈല്‍ ക്യാമറയില്‍ പാടിയ പാട്ട്‌ ഇന്റര്‍നെറ്റ്‌ ലോകത്ത്‌ തരംഗമായി മാറുന്നു. കഴിഞ്ഞ വര്‍ഷമാണ്‌ ചന്ദ്രലേഖ ഈ പാട്ട്‌ പാടിയെതെങ്കിലും പാട്ടിന്റെ തനിമയില്‍ സംശയമായിരുന്നു പലര്‍ക്കും. എന്നാല്‍, കഴിഞ്ഞ ദിവസം വീഡിയോയില്‍ ചന്ദ്രലേഖയുടെ നമ്പര്‍ ചേര്‍ത്തതോടെയാണ്‌ പാട്ട്‌ സത്യമാണെന്നു ലോകം തിരിച്ചറിയുന്നത്‌. ഇതോടെ ലോകമെങ്ങുനിന്നും ചന്ദ്രലേഖയെ തേടി വിളികളെത്തി. റാന്നി വടക്കാശേരിയില്‍ തങ്കമ്മയുടെ മകള്‍ ചന്ദ്രലേഖ (33)യുടെ പാട്ടിന്റെ മധുരിമ ഇതുവരെ ഒറ്റ മുറി വീടിന്റെ അടുക്കളയുടെ അകത്തളങ്ങളില്‍ മകന്‍ ശ്രീഹരിക്ക്‌ മാത്രം സ്വന്തമായിരുന്നു. ആ സംഗീതം ലോകത്തിന്റെ ഹൃദയത്തിലേക്ക്‌ പെയ്‌തിറങ്ങിയത്‌ സോഷ്യല്‍ നെറ്റ്‌ വര്‍ക്‌ മീഡിയയിലൂടെ. അതോടെ കുപ്പത്തൊട്ടിയില്‍ കിടന്ന മാണിക്യത്തെ തിരിച്ചറിയുന്നതുപോലെ ലോകം ഈ ഗായികയെ തിരിച്ചറിഞ്ഞിരിക്കുന്നു.

ചന്ദ്രലേഖയുടെ പാട്ടിന്‌ അംഗീകാരവും തേടിയെത്തിക്കഴിഞ്ഞു. ബിജിപാല്‍, രതീഷ്‌ വേഗ, റോണി റാഫേല്‍ തുടങ്ങിയ സംവിധായകരാണ്‌ ഈ ഗായികയ്‌ക്ക്‌ പാടാന്‍ അവസരം നല്‌കാമെന്ന്‌ ഉറപ്പു നല്‌കിയത്‌. ചിത്ര, ലതിക തുടങ്ങിയ ഗായികമാര്‍ ഈ കൊച്ചു കലാകാരിയെ അഭിനന്ദനം കൊണ്ട്‌ മൂടുകയും ചെയ്‌തതോടെ സന്തോഷത്തിലാണ്‌ ഈ ചന്ദ്രലേഖ പാട്ടിന്റെ പാലാഴി തുറന്ന്‌ ഒരു കൊച്ചു പാട്ട്‌ അനിയന്റെ മൊബൈലില്‍ റിക്കോര്‍ഡ്‌ ചെയ്യുമ്പോള്‍ വെറുമൊരു കൗതുകവും നേരംമ്പോക്കും മാത്രമായിരുന്നു ചന്ദ്രലേഖയ്‌ക്ക്‌. ചേടത്തിയുടെ പാട്ട്‌ കേട്ടപ്പോള്‍ ഭര്‍ത്താവിന്റെ ബന്ധുവായ ദര്‍ശനാണ്‌ ഇങ്ങനെയൊരു ഐഡിയ തോന്നിച്ചത്‌. ചമയം എന്ന ചിത്രത്തില്‍ ചിത്ര പാടിയ രാജഹംസമേ എന്ന പാട്ടാണ്‌ ചന്ദ്രലേഖ പാടിയത്‌. ആ പാട്ട്‌ മൂന്നുദിവസം കൊണ്ട്‌ മൂന്നുലക്ഷം പേര്‍ കേള്‍ക്കുമെന്നും തന്നിലെ ഗായികയെ ലോകം തിരിച്ചറിയുമെന്നും ചന്ദ്രലേഖയ്‌ക്ക്‌ അറിയില്ലായിരുന്നു.

എന്നാല്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന്‌ സോഷ്യല്‍ മീഡിയയില്‍ നിന്ന്‌ ആ പാട്ട്‌ കേട്ട്‌ പലരും വിളിച്ചഭിനന്ദിക്കുമ്പോള്‍ ചന്ദ്രലേഖയ്‌ക്ക്‌ നാണം കലര്‍ന്ന ചിരി. പക്ഷേ ചന്ദ്രലേഖ താന്‍ പാടിയ പാട്ട്‌ ഇന്റര്‍നെറ്റില്‍ ഇതുവരെ കേട്ടതുമില്ല.

വിവാഹത്തിന്‌ മുമ്പ്‌ ഗാനമേള ട്രൂപ്പുകളില്‍ പാടാന്‍ പോയിരുന്നു കുറെ തവണ. എന്നാല്‍ രാത്രിയിലെ ഗാനമേള പോക്കിന്‌ കൂട്ടുവരുവാന്‍ ഉത്തവവാദിത്വപ്പെട്ടവര്‍ ഇല്ലാതെ വന്നതോടെ ആ പരിപാടി വേണ്ടെന്നു വച്ചു. ആറു മക്കളാണ്‌ ചന്ദ്രലേഖയൊക്കെ. ചന്ദ്രലേഖ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. കൂലിപ്പണിചെയ്‌തും ഒഴുവു നേരങ്ങളില്‍ കൊട്ട കെട്ടിയും ജീവിതത്തിന്റെ ശ്രൂതി മീട്ടുവാന്‍ പരിശ്രമിച്ച അമ്മയ്‌ക്ക്‌ മകളിലെ ഗായികയെ പ്രോത്സാഹിപ്പിക്കാന്‍ സമയം കിട്ടിയില്ല. ഇപ്പോഴും നടക്കാതെ പോയ നഷ്‌ടം സ്വപ്‌നത്തെക്കുറിച്ച്‌ ഓര്‍ക്കുമ്പോഴൊക്കെ ചന്ദ്രലേഖ ഈ വരികള്‍ മൂളും.
സ്വപ്‌നങ്ങളെ നിങ്ങള്‍.... സ്വര്‍ഗകുമാരികള്‍ അല്ലേ.... നിങ്ങളീ ഭൂമിയില്‍... മ്യൂസിക്‌ കോളേജില്‍ പഠിക്കണമെന്നായിരുന്നു ആഗ്രഹം. നടക്കാതെ പോയ സ്വപ്‌നത്തെക്കുറിച്ച്‌ പറയുമ്പോള്‍ ചിത്രലേഖയുടെ മുഖത്ത്‌ നാണം.
ചിത്രച്ചേച്ചി തൊണ്ണൂറുകളില്‍ പാടിയ മെലഡികള്‍ മുഴുവന്‍ ചിത്രലേഖയ്‌ക്ക്‌ മനസില്‍ ഹൃദ്യസ്ഥമാണ്‌. പുതിയ അടിപ്പൊളി നമ്പരുകള്‍ ഒന്നും അറിയില്ല.

സ്‌കൂള്‍ കലാമേളകളില്‍ ഈ സ്വരം പലരും ശ്രദ്ധിച്ചിരുന്നു. പക്ഷേ പാട്ട്‌ അവിടെ നിന്നു. പിന്നീട്‌ അടൂര്‍ സെന്റ്‌ സിറിള്‍ കോളേജില്‍ ഡിഗ്രിപഠനക്കാലത്ത്‌ കൂട്ടുകാര്‍ക്ക്‌ വേണ്ടി ഒഴിവു നേരങ്ങളില്‍ ജാഡകളുടെ ആഡംബരമില്ലാതെ ചന്ദ്രലേഖ പാടി.
പിന്നീട്‌ ബിരുദാനന്തര ബിരുദം പാതി വഴിയില്‍ ഉപേക്ഷിച്ച്‌ വടശ്ശേരിക്കര രഘുനാഥന്റെ ഭാര്യയായി മാറിയതോടെ പാട്ടിന്റെ ആസ്വാദകര്‍ ഈ വീട്ടിലെ അംഗങ്ങളായി. മകന്‍ ശ്രീഹരികൂടി എത്തിയതോടെ ചന്ദ്രലേഖ പാടിയ പാട്ടെല്ലാം അവനുവേണ്ടി മാത്രമാണ്‌. കുമ്പളാംപൊയ്‌ക നരിക്കുഴിക്കുന്നിലെ ചെറിയവീടിന്റെ ആഹ്‌ളാദത്തില്‍ നില്‍ക്കുമ്പോള്‍ പാടാന്‍ പ്രോത്സാഹനവുമായി അമ്മ തങ്കമ്മയും ഭര്‍ത്താവ്‌ രഘുനാഥനു കൂടെയുണ്ട്‌. നല്ല ട്രൂപ്പുകളില്‍ അവസരം കിട്ടിയാല്‍ പാടാന്‍ ചന്ദ്രലേഖയെ വീടുമെന്ന്‌ രഘുനാഥന്‍ ഉറപ്പു നല്‌കുമ്പോള്‍ ചന്ദ്രലേഖയുടെ കണ്ണുകളില്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും ആത്മവിശ്വാസം.

കഴിഞ്ഞ മൂന്നു ദിവസമായി ചന്ദ്രലേഖയുടെ ഫോണ്‍ നിറുത്താതെ ചിലച്ചുക്കൊണ്ടിരിക്കുകയാണ്‌. മണിക്കൂറുകള്‍ ശ്രമിച്ചതിനു ശേഷമാണ്‌ ഫോണ്‍ കിട്ടുന്നതു തന്നെ. പലരും പാട്ട്‌ വീണ്ടും പാടുവാന്‍ ആവശ്യപ്പെടുമ്പോള്‍ ചന്ദ്രലേഖ വിനയത്തോടെ പാടുകയാണ്‌. പലര്‍ക്കായി പാടി പാടി സ്വരം പോയി. എന്നാലും ചിത്രലേഖ പാടാന്‍ തയാറാണ്‌.