Breaking News

Trending right now:
Description
 
Oct 12, 2013

മോഹന്‍ലാല്‍ നായകനായി ടാറ്റ സ്‌കൈയുടെ പുതിയ പരസ്യചിത്രം

image സിനിമാതാരങ്ങളെല്ലാം പ്രമുഖ ബ്രാന്‍ഡുകളുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍മാരാകുന്നതാണ്‌ ഇപ്പോഴത്തെ പുതിയ ട്രെന്‍ഡ്‌. മഞ്‌ജു വാര്യര്‍ കല്യാണ്‍ ജ്യൂവല്ലേഴ്‌സിന്റെ താരമായി അമിതാഭ്‌ ബച്ചനും ഐശ്വര്യാറായിക്കുമൊപ്പം പ്രത്യക്ഷപ്പെട്ടത്‌ ഈയിടെ വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

ഇപ്പോള്‍ ടാറ്റാ സ്‌കൈയാണ്‌ സിനിമാതാരം മോഹന്‍ലാലിന്റെ താരപ്രഭ മുതലാക്കാന്‍ മുന്‍കൈയെടുക്കുന്നത്‌. ഓണത്തിന്‌ പുതിയ പത്തൊന്‍പതു ചാനലുകള്‍ പുതിയതായി മലയാളത്തില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി മോഹന്‍ലാലിനെ ബ്രാന്‍ഡ്‌ അംബാസിഡറായി അവതരിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ്‌ പുതിയ ഒരു നിര പരസ്യങ്ങളില്‍ മോഹന്‍ലാല്‍ നായകനാകുന്നത്‌. പ്രിയദര്‍ശനാണ്‌ പരസ്യചിത്രങ്ങളുടെ സംവിധായകന്‍.

കഴിഞ്ഞ ദിവസം റാമോജിറാവു ഫിലിം സിറ്റിയില്‍ മോഹന്‍ലാലിന്റെ പരസ്യചിത്രത്തിന്റെ ഷൂട്ടിംഗ്‌ പൂര്‍ത്തിയായി. ആന്ധ്രാതീരത്ത്‌ ചുഴലി ആഞ്ഞുവീശുമെന്ന മുന്നറിയിപ്പിനിടയിലും തെലുങ്കാന സമരത്തിനിടയിലും മോഹന്‍ലാല്‍ കൃത്യമായി ചിത്രീകരണത്തിനെത്തി. 



15 തെലുങ്ക്‌ ചാനലുകളും 20 തമിഴ്‌ ചാനലുകളും 11 കന്നഡ ചാനലുകളും പുതിയതായി 19 മലയാളം ചാനലുകളും അടങ്ങിയ പായ്‌ക്കേജാണ്‌ ദക്ഷിണേന്ത്യന്‍ വരിക്കാര്‍ക്കായി ടാറ്റ സ്‌കൈ അവതരിപ്പിക്കുന്നത്‌. ദക്ഷിണേന്ത്യയില്‍ ഇപ്പോള്‍ ഏറ്റവുമധികം പ്രാദേശിക ചാനലുകള്‍ ലഭ്യമാക്കുന്നത്‌ ടാറ്റ സ്‌കൈയാണ്‌ എന്ന സന്ദേശം നല്‌കുന്നതാണ്‌ പുതിയ പരസ്യം.

ടാറ്റ സ്‌കൈയുമായി പങ്കാളിയാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന്‌ മോഹന്‍ലാല്‍ പറഞ്ഞു. ഹോം എന്റര്‍ടെയ്‌ന്‍മെന്റ്‌ രംഗത്ത്‌ തുടര്‍ച്ചയായി മികവ്‌ പുലര്‍ത്താന്‍ ടാറ്റ സ്‌കൈക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. പുതിയ മലയാളം ചാനലുകള്‍ അവതരിപ്പിച്ചതോടെ, ഇന്ത്യയില്‍ എവിടെയും മികച്ച ഗുണമേന്മയുള്ള ഏറ്റവുമധികം ചാനലുകള്‍ കാണാന്‍ സാധിക്കുമെന്ന കാര്യം ഉറപ്പാണെന്ന്‌ മോഹന്‍ലാല്‍ പറഞ്ഞു.