Breaking News

Trending right now:
Description
 
Oct 12, 2013

രാജ്യം ഈ സാമ്പത്തികവര്‍ഷം മുന്നേറുമെന്നു ചിദംബരം

image രാജ്യം ഈ സാമ്പത്തികവര്‍ഷം 5-5.5% സാമ്പത്തികവളര്‍ച്ച നേടുമെന്നു ധനകാര്യ മന്ത്രി പി. ചിദംബരം വ്യക്തമാക്കി. മെച്ചപ്പെട്ട മഴയെത്തുടര്‍ന്ന്‌ കാര്‍ഷികോത്‌പാദനത്തിലുണ്ടാകുന്ന വര്‍ധനയാണ്‌്‌ ഇതിനു പിന്‍ബലമേകുന്നത്‌. രണ്ടാം പാദം മുതല്‍ ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കാര്‍ണീജ്‌ എന്‍ഡോവ്‌മെന്റ്‌ ഫോര്‍ ഇന്റര്‍നാഷണല്‍ പീസ്‌ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധനകാര്യ സംവിധാനം, കഴിവുറ്റ തൊഴില്‍ ശക്‌തി, ശക്‌തമായ കോര്‍പറേറ്റ്‌ തുടങ്ങിയവ ഉള്‍പ്പെടെ ആറു ഘടകങ്ങള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനങ്ങളാണെന്നു മന്ത്രി പറഞ്ഞു. ഓരോവര്‍ഷവും ഇന്ത്യയുടെ ധനകാര്യ സംവിധാനം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. അതു കൂടുതല്‍ വളര്‍ച്ച പ്രാപിക്കുകയും ശക്‌തിയാര്‍ജിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന ആഭ്യന്തര വളര്‍ച്ചയാണു പ്രതീക്ഷിക്കുന്നത്‌. നിലവിലുളള ചട്ടക്കൂടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടു കൂടുതല്‍ വിദേശനിക്ഷേപം കൊണ്ടുവരാനാണു ശ്രമിക്കുന്നത്‌. യഥാര്‍ഥ നിക്ഷേപകര്‍ ഇതിനുള്ളില്‍ നിന്നു പ്രവര്‍ത്തിക്കാന്‍ തയാറാകണം. ഈ സാമ്പത്തികവര്‍ഷം ഒന്നോ, രണ്ടോ ബഹുരാഷ്‌ട്ര റീട്ടെയില്‍ കമ്പനികള്‍ രാജ്യത്ത്‌ എത്തുമെന്നാണു പ്രതീക്ഷ. അതില്‍ ഒരെണ്ണം പടിവാതില്‍ക്കല്‍ നില്‍ക്കുകയാണെന്നു വാള്‍മാര്‍ട്ടിനെ ഉദ്ദേശിച്ച്‌ മന്ത്രി പറഞ്ഞു. കഴിഞ്ഞ 21 വര്‍ഷമായി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വളര്‍ന്നു വരുകയായിരുന്നു. 2008-09 വളര്‍ച്ചാനിരക്കു താഴ്‌ന്നുവെങ്കിലും പിന്നീട്‌ ശക്‌തമായി തിരിച്ചുവരുന്നതാണു കണ്ടത്‌. 2010-11ല്‍ 9.3% വളര്‍ച്ചയാണുണ്ടായതെന്നു മന്ത്രി പറഞ്ഞു. അടുത്ത പൊതുതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള യുപിഎ അധികാരത്തില്‍ വരുമെന്നു ചിദംബരം പറഞ്ഞു. പ്രാദേശിക പാര്‍ട്ടികളുടെ വളര്‍ച്ച ദേശതാല്‍പ്പര്യത്തിനെതിരാണെന്ന വാദം അദ്ദേഹം തള്ളി. ദേശീയ പാര്‍ട്ടികള്‍ പ്രാദേശികവാദം അധികം ഉള്‍ക്കൊള്ളാന്‍ തയാറാകാത്തതിനാലാണു പ്രാദേശിക പാര്‍ട്ടികള്‍ വളരുന്നത്‌. ഇന്ത്യ സങ്കീര്‍ണമായ വിഷയങ്ങള്‍ നേരിടുന്ന ഒരു രാജ്യമാണെന്നു ചിദംബരം പറഞ്ഞു. 

രാജ്യത്ത്‌ സാമ്പത്തിക പ്രതിസന്ധിയില്ലെന്ന്‌ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു. അടുത്ത അഞ്ചു വര്‍ഷത്തേക്ക്‌ ഫണ്ടിനായി ഐഎംഎഫിനെ ആശ്രയിക്കേണ്ട കാര്യമില്ലെന്നും ആവശ്യത്തിന്‌ വിദേശനാണ്യശേഖരം ഇന്ത്യയ്‌ക്കുണ്ടെന്നും രഘുറാം രാജന്‍ കൂട്ടിച്ചേര്‍ത്തു. ആഗോള സാമ്പത്തിക രംഗത്തെക്കുറിച്ച്‌ ഒരു ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വിദേശകടം ജിഡിപിയുടെ 22 ശതമാനമാണ്‌. 280 ബില്യന്‍ യുഎസ്‌ ഡോളറിന്റെ വിദേശനാണ്യ കരുതല്‍ ശേഖരമാണ്‌ ഇന്ത്യയ്‌ക്കുള്ളത്‌. ഇത്‌ ജിഡിപിയുടെ 15 ശതമാനം വരുമെന്നും അതുകൊണ്ടുതന്നെ കടത്തിന്റെ ഒരു ശതമാനം ഇതിലൊതുങ്ങുമെന്നും രഘുറാം രാജന്‍ വ്യക്തമാക്കി.