Breaking News

Trending right now:
Description
 
Oct 10, 2013

വിനോദസഞ്ചാരികള്‍ക്കായി ആലപ്പുഴ ബീച്ചില്‍ പാരഗ്ലൈഡിംഗ്‌ സര്‍വീസ്‌

image ജലയാനങ്ങളും കായലോരവും കടല്‍ക്കാഴ്‌ചയും തിമിര്‍ത്താടുന്ന കിഴക്കിന്റെ വെനീസിലെത്തുന്ന സഞ്ചാരികള്‍ക്കായി ഇനി ആകാശക്കാഴ്‌ചയും. ബീച്ചിന്റെ സൗന്ദര്യം നുകരുന്നതിനൊപ്പം ആലപ്പുഴയില്‍ സാഹസികതയുടെ ആകാശക്കാഴ്‌ച കൂടിയൊരുക്കിയാണ്‌ ഇനി സഞ്ചാരികളെ വരവേല്‍ക്കുക. ഡിടിപിസിയുടെ സഹകരണത്തോടെ ഫ്‌ളൈ വാഗമണ്‍ സൊസൈറ്റി ബീച്ചില്‍ പാരഗ്ലൈഡിംഗ്‌ സര്‍വീസ്‌ ആരംഭിക്കുന്നതോടെയാണ്‌ ആലപ്പുഴയുടെ ആകാശദൃശ്യങ്ങള്‍ ഇനി വിനോദസഞ്ചാരികള്‍ക്ക്‌ വിരുന്നേകുക. സാഹസിക ടൂറിസത്തിന്‌ യാതൊരുസാധ്യതയുമില്ലാത്ത പ്രദേശമെന്ന പേര്‌ മാറ്റിയെടുക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിലുണ്ട്‌. 12 ലക്ഷം രൂപവിലവരുന്ന പൈലറ്റുള്‍പ്പടെ രണ്ടുപേര്‍ക്കു യാത്രചെയ്യാന്‍ കഴിയുന്ന ടാന്റം ട്രൈക്ക്‌ ഇനത്തില്‍പ്പെട്ട പവര്‍ പാരാഗ്ലൈഡറാണ്‌ ഇതിനായി ഇവര്‍ ബീച്ചിലെത്തിച്ചിരിക്കുന്നത്‌. ഭൂനിരപ്പില്‍നിന്നും 300 അടി ഉയരത്തില്‍പറന്ന്‌ ആകാശക്കാഴ്‌ചകള്‍ സഞ്ചാരികള്‍ക്ക്‌ കാണുന്നതരത്തിലുള്ള യാത്രയാണ്‌ ഉദ്ദേശിക്കുന്നത്‌. 10 മിനിറ്റ്‌ സഞ്ചാരത്തിന്‌ 1,500 രൂപയും 20 മിനിറ്റിന്‌ 2,500 രൂപയുമാണ്‌ കണക്കാക്കിയിരിക്കുന്നത്‌. പറന്നിറങ്ങുന്നതിനും ഉയരുന്നതിനും ചെറിയ റണ്‍വേ പോലുള്ള സ്ഥലം വേണമെന്നതിനാല്‍ കടല്‍പ്പാലത്തിന്‌ തെക്കുവശത്തായാണ്‌ ഗ്ലൈഡര്‍ ഇറങ്ങുന്നതിനും പറന്നുയരുന്നതിനുമായി ഉപയോഗപ്പെടുത്തുന്നത്‌. വരുംദിവസങ്ങളില്‍ സ്ഥിരമായുള്ള പറക്കല്‍ ആരംഭിക്കുമെന്ന്‌ ഫ്‌്‌ളൈ വാഗമണ്‍ സൊസൈറ്റി അറിയിച്ചു. കഴിഞ്ഞ എട്ടുവര്‍ഷമായി പാരാഗ്ലൈഡിംഗ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫളൈ വാഗമണ്‍ സൊസൈറ്റി സംസ്ഥാന ടൂറിസം വകുപ്പുമായി ചേര്‍ന്ന്‌ അഞ്ചുതവണ വാഗമണ്ണില്‍ പാരാഗ്ലൈഡിംഗില്‍ അന്തര്‍ദേശീയ ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌.