Breaking News

Trending right now:
Description
 
Oct 10, 2013

അമേരിക്കന്‍ കേന്ദ്രബാങ്കിന്‌ ഇനി വനിതാ മേധാവി

image അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്‌ ബോര്‍ഡിന്റെ ചെയര്‍പേഴ്‌സണായി ജാനറ്റ്‌ എലനെ പ്രസിഡന്റ്‌ ബറാക്‌ ഒബാമ നോമിനേറ്റ്‌ ചെയ്‌തു. സെനറ്റ്‌ ബാങ്കിംഗ്‌ കമ്മിറ്റി അംഗീകരിച്ചാല്‍ ഫെബ്രുവരി ഒന്നിന്‌ എലന്‍ ഫെഡിന്റെ ആദ്യത്തെ വനിതാ മേധാവിയാകും. ഇപ്പോഴത്തെ ചെയര്‍മാന്‍ ബെന്‍ ബെര്‍ണാങ്കി ജനുവരി 31-നു റിട്ടര്‍ ചെയ്യും. പാശ്ചാത്യ വികസിത രാജ്യങ്ങളില്‍ ഇതാദ്യമാണ്‌ ഒരു വനിത കേന്ദ്രബാങ്ക്‌ മേധാവിയാകുന്നത്‌. 2010 മുതല്‍ ഫെഡ്‌ വൈസ്‌ ചെയര്‍മാനാണ്‌ എലന്‍. ഹാര്‍വാഡില്‍ ധനശാസ്‌ത്ര അധ്യാപികയായിരുന്ന അവര്‍ 76 ല്‍ ഫെഡില്‍ സ്റ്റാഫ്‌ ഇക്കണോമിസ്റ്റായി. പിന്നീടു ലണ്ടന്‍ സ്‌കൂള്‍ ഓഫ്‌ ഇക്കണോമിക്‌സിലും ബര്‍ക്‌ലിയിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ കലിഫോര്‍ണിയയിലും അധ്യാപികയായി. 1994 ല്‍ ഫെഡ്‌ ഗവര്‍ണര്‍മാരിലൊരാളായി. 97 മുതല്‍ 99 വരെ പ്രസിഡന്റ്‌ ബില്‍ ക്ലിന്റന്റെ കൗണ്‍സില്‍ ഓഫ്‌ ഇക്കണോമിക്‌ അഡൈ്വസേഴ്‌സിന്റെ അധ്യക്ഷയായിരുന്നു. വീണ്ടും ബര്‍ക്‌ലിയില്‍ അധ്യാപികയായി പോയ അവര്‍ 2004-ല്‍ സാന്‍ഫ്രാന്‍സിസ്‌കോ ഫെഡ്‌ പ്രസിഡന്റായി. സാമ്പത്തിക നയരൂപീകരണത്തിലും ഭരണകൂടത്തിലും ഫെഡല്‍ റിസര്‍വിലും സുദീര്‍ഘമായ പരിചയസമ്പത്തുള്ള എലന്റെ നിയമനത്തെ കമ്പോളങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചു. ഓഹരികള്‍ ഉയരുകയും ചെയ്‌തു. ബെര്‍ണാങ്കിയുടെ സാമ്പത്തിക ഉത്തേജക പദ്ധതിയുടെ മുഖ്യവക്താവാണ്‌ എലന്‍. ഇവര്‍ ഫെഡ്‌ ചെയര്‍പേഴ്‌സണാകുന്നത്‌ ഉത്തേജക പദ്ധതി കുറേക്കാലംകൂടി തുടരാന്‍ സഹായിക്കുമെന്നാണു വിലയിരുത്തല്‍. 2015 വരെ തീരെക്കുറഞ്ഞ പലിശനിരക്കു തുടരണമെന്ന പക്ഷക്കാരിയാണ്‌ എലന്‍. മാസം 8,500 കോടി ഡോളര്‍ വീതം കടപ്പത്രങ്ങള്‍ വാങ്ങുന്ന ഫെഡ്‌ ഉത്തേജക പദ്ധതി കുറയ്‌ക്കാന്‍ ഡിസംബറില്‍ തീരുമാനിക്കും എന്നായിരുന്നു ധാരണ. എന്നാല്‍, യുഎസ്‌ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷയിലും കുറവാകുമെന്ന പ്രവചനങ്ങള്‍ ആ സാധ്യത നീണ്ടുപോകുമെന്ന സൂചന നല്‍കുന്നു. ഉത്തേജക പദ്ധതികള്‍ തൊഴിലും വളര്‍ച്ചയും കൂട്ടുമെന്നു പല വേദികളിലും കണക്കുകള്‍ സഹിതം അവതരിപ്പിച്ചിട്ടുള്ളയാളാണ്‌ എലന്‍. ധനശാസ്‌ത്രത്തില്‍ നൊബേല്‍ പുരസ്‌കാരം നേടിയിട്ടുള്ള ജോര്‍ജ്‌ അകെര്‍ലോഫാണ്‌ ഈ അറുപത്തേഴുകാരിയുടെ ഭര്‍ത്താവ്‌. റഷ്യയടക്കം 17 രാജ്യങ്ങളില്‍ ഇപ്പോള്‍ കേന്ദ്രബാങ്ക്‌ അധ്യക്ഷപദവിയില്‍ വനിതകളുണ്ട്‌. സൊമാലിയ കഴിഞ്ഞമാസം യൂസുര്‍ അബ്രാര്‍ എന്ന വനിതയെ കേന്ദ്രബാങ്ക്‌ ഗവര്‍ണറായി നിയമിച്ചിട്ടുണ്ട്‌.