Breaking News

Trending right now:
Description
 
Oct 09, 2013

ഇന്ത്യയില്‍നിന്ന്‌ അടിച്ചുമാറ്റിയ ശിലാവിഗ്രഹം ഓസ്‌ട്രേലിയിയിലെ ഗാലറിയില്‍ പ്രദര്‍ശനത്തില്‍

Vinod Mathai
image തമിഴ്‌നാട്ടിലെ വൃദ്ധാചലം വൃദ്ധാഗിരീശ്വര്‍ ക്ഷേത്രത്തില്‍നിന്ന്‌ മോഷണം പോയ ആയിരം വര്‍ഷം പഴക്കമുള്ള അര്‍ദ്ധനാരീശ്വര വിഗ്രഹം ഓസ്‌ട്രേലിയയിലെ ന്യൂസൗത്ത്‌ വെയില്‍സിലുള്ള ആര്‍ട്ട്‌ ഗാലറിയില്‍ കണ്ടെത്തി. ഇത്‌ ഇവിടെ എങ്ങനെയെത്തിയെന്നതിനെക്കുറിച്ച്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. 2004-ല്‍ അമേരിക്ക കേന്ദ്രമായി ആന്റിക്കുകള്‍ വില്‍ക്കുന്ന സുഭാഷ്‌ ചന്ദ്രകപൂറിന്റെ പക്കല്‍ നിന്നാണ്‌ ആര്‍ട്ട്‌ ഗാലറി ഈ പുരാതനശിലാവിഗ്രഹം വാങ്ങിയതെന്നാണ്‌ രേഖകള്‍.

ചോളരാജവംശകാലത്തെ പത്താം നൂറ്റാണ്ടില്‍ കൊത്തിയെടുത്ത വിഗ്രഹമാണ്‌ ഇതെന്നാണ്‌ നിഗമനം. വിഗ്രഹത്തിന്‌ ചില കേടുപാടുകള്‍ വന്നതിനെത്തുടര്‍ന്ന്‌ 2002-ല്‍ ക്ഷേത്രത്തിന്റെ ശ്രീകോവിലിനോട്‌ ചേര്‍ന്ന കോഷ്‌ഠത്തില്‍നിന്ന്‌ മാറ്റിസ്ഥാപിച്ചിരുന്നു. ഇതിനോട്‌ ഏതാണ്ട്‌ സാമ്യമുള്ള വിഗ്രഹം പകരം പ്രതിഷ്‌ഠിക്കുകയും ചെയ്‌തിരുന്നു.

കാന്‍ബറയിലെ നാഷണല്‍ ഗാലറി ഓഫ്‌ ഓസ്‌ട്രേലിയയില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള നടരാജവിഗ്രഹം എത്തിപ്പെട്ടതിനെക്കുറിച്ച്‌ നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്‌. ഇതും കപൂര്‍ എത്തിച്ചതാണെന്നാണ്‌ നിഗമനം. 



തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്‌ വൃദ്ധാചലം. കാശിയേക്കാള്‍ പുണ്യമുള്ള ക്ഷേത്രമായാണ്‌ ഇതിനെ ഭക്തര്‍ കാണുന്നത്‌. കാശിയില്‍ പോകുന്നതിലും പുണ്യമാണ്‌ ഇവിടെ ദര്‍ശനം നടത്തുന്നത്‌ എന്നതിനാല്‍ വൃദ്ധകാശി എന്നാണ്‌ അറിയപ്പെടുന്നത്‌. ദക്ഷിണ വില്ലുപുരത്തുനിന്ന്‌ 55 കിലോമീറ്റര്‍ അകലെയാണ്‌ വൃദ്ധാചലം. 



സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിജയകുമാര്‍ എന്ന ബ്ലോഗറാണ്‌ ഓസ്‌ട്രേലിയയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിഗ്രഹം വൃദ്ധാചലത്തുനിന്ന്‌ മോഷ്ടിക്കപ്പെട്ടതാണെന്നു കണ്ടെത്തിയത്‌. ചോളഭരണകാലത്തെ വിഗ്രഹങ്ങളെക്കുറിച്ച്‌ 1974-ല്‍ ഡഗ്‌ളസ്‌ ബാരറ്റ്‌ പ്രസിദ്ധീകരിച്ച ഫോട്ടോയില്‍നിന്നാണ്‌ വിഗ്രഹം മോഷ്ടിക്കപ്പെട്ടതാണെന്നു കണ്ടെത്തിയത്‌. ലോസ്‌ ആഞ്ചലസ്‌ ടൈംസിലെ ജാസണ്‍ ഫെല്‍ച്ച്‌, ദ ഓസ്‌ട്രേലിയയിലെ മൈക്കേള ബോളണ്ട്‌, ദ ഹിന്ദു ദിനപ്പത്രത്തിലെ എ. ശ്രീവാതസന്‍, എ.വി. രഘുനാഥന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ്‌ വിഗ്രഹം തമിഴ്‌നാട്ടില്‍നിന്ന്‌ മോഷണം പോയതാണെന്ന്‌ സ്ഥിരീകരിച്ചത്‌.