Breaking News

Trending right now:
Description
 
Oct 07, 2013

വിമര്‍ശിച്ചാല്‍ കല്ലറ വിലക്കും സഭ: പ്രഫ.ജേക്കബിന്റെ ശവസംസ്‌കാരം വീട്ടുമുറ്റത്ത്‌ നടത്തി

image
കോട്ടയം:സഭാ വിമര്‍ശനം നടത്തി പുസ്‌തക രചന നടത്തിയതിന്റെ പേരില്‍ പുറത്താക്കിയ സി.എസ്‌.ഐ സഭയുടെ പ്രഥമ അല്‍മായ സെക്രട്ടറി പ്രഫ. ജേക്കബിന്റെ മൃതദേഹം കുടുംബകല്ലറയില്‍ അടക്കാന്‍ അധികാരികള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്‌ വീട്ടുമുറ്റത്ത്‌ സംസ്‌കരിച്ചു. കാത്തോലിക്‌ സഭയും മറ്റും വിമര്‍ശനം നടത്തുന്നവരെ മഹറോന്‍ ചൊല്ലുന്നതും തെമ്മാടി കുഴിയില്‍ അടക്കുന്നതും ഉപേക്ഷിച്ചു തുടങ്ങിയിട്ടും സിഎസ്‌.ഐ സഭ കടും പിടുത്തം നടത്തിയത്‌ വിശ്വാസികളെ ഏറെ വേദനിപ്പിച്ചു.
ഇദ്ദേഹത്തെ കുടുംബക്കല്ലറയില്‍ അടക്കില്ലെന്ന ഉറച്ച നിലപാടില്‍ നിന്ന ബിഷപ്പിനോട്‌ കളക്ടറും മറ്റുസാമൂഹിക രാഷ്ട്രീയ രംഗത്തുള്ളവരും സംസാരിച്ചിരുന്നു. ക്രിസ്‌തുമതവിശ്വാസികളെ വീട്ടുവളപ്പില്‍ സംസ്‌കരിക്കുന്നത്‌ വലിയ അവമതിയായാണ്‌ കാണുന്നത്‌. അതിനാല്‍ ശനിയാഴ്‌ചയും ഞായറാഴ്‌ചയുമായി പല ഒത്തുതീര്‍പ്പ്‌ ചര്‍ച്ചകളും ബന്ധുക്കള്‍ നടത്തിയിരുന്നു.

സഭാവിശ്വാസത്തെ തള്ളി പറയാന്‍ തയാറാകാതെ ഇദ്ദേഹം തന്നെ സിഎസ്‌ഐ സഭയില്‍ നിലനിര്‍ത്തണമെന്ന്‌ ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരുന്നു. കോടതി വിധി വരുന്നതിന്‌ മുമ്പ്‌ ഇദ്ദേഹം മരണത്തിന്‌ കീഴടങ്ങിയത്‌.
സഭയ്‌ക്കെതിരെ ജലസ്‌നാനം ഒരു പഠനം എന്ന പേരില്‍ ഒരു വിവാദപുസ്‌തകമെഴുതിയിരുന്നു ഇദ്ദേഹം. മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റംഗവും അത്മായ സെക്രട്ടറിയും രജിസ്‌ട്രാറുമായിരുന്ന പ്രഫ. ജേക്കബിന്റെ (64) മൃതദ്ദേഹം മുട്ടം എള്ളുമ്പറം പള്ളിയിലെ കുടുംബക്കല്ലറയില്‍ അടക്കാന്‍ പറ്റില്ലന്ന നിലപാടണ്‌ ഭ സ്വീകരിച്ചത്‌.

മേലുകാവ്‌ ഹെന്റി ബേക്കര്‍ കോളെജ്‌ ചരിത്രവിഭാഗം മേധാവിയായിരുന്നു ജേക്കബ്‌. കുഞ്ഞുങ്ങള്‍ ജനിച്ച്‌ 56-0ം ദിവസം സ്‌നാനം നല്‌കി സഭാവിശ്വാസിയാക്കുന്നത്‌ ഉചിതമല്ലെന്നായിരുന്നു ജേക്കബിന്റെ വാദം. കുട്ടികള്‍ മുതിര്‍ന്നതിന്‌ ശേഷം വിശ്വാസം തിരഞ്ഞെടുക്കണമെന്ന്‌ അദ്ദേഹം വാദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ സഭ ഇദ്ദേഹത്തെ പുറത്താക്കിയത്‌.
വിലക്കുള്ളതിനാല്‍ കുടുംബക്കല്ലറ ഉപയോഗിക്കാന്‍ പാടില്ലെന്നും എന്നാല്‍ സാധാരണക്കല്ലറ ഉപയോഗിക്കാന്‍ അനുവദിക്കാമെന്നുമാണ്‌ സഭ നിലപാട്‌ എടുത്തതെന്ന്‌ ബന്ധുക്കള്‍ ആരോപിച്ചു.
എന്നാല്‍ വിലക്ക്‌ നിലനില്‍ക്കുന്നതിനാലാണ്‌ കുടുംബക്കല്ലറയില്‍ അടക്കാന്‍ അനുവദിക്കാതിരുന്നതെന്നാണ്‌ ഈസ്റ്റ്‌ കേരള മഹായിടവക ബിഷപ്പ്‌ കെ. ജി ദാനിയേല്‍ പറഞ്ഞു.