Breaking News

Trending right now:
Description
 
Oct 07, 2013

ഹൃദയാരോഗ്യത്തിന്‌ മത്സ്യം

image നെല്ലരിയും മരച്ചീനിയും ഇഷ്‌ടപ്പെടുന്ന കേരളീയരുടെ മറ്റൊരു ഇഷ്‌ടവിഭവമാണു മത്സ്യം. മത്സ്യം ഒന്നാന്തരം മാംസ്യത്തിന്റെ ഉറവിടമാണ്‌. ആഹാരത്തിലൂടെ എത്ര ഊര്‍ജം ലഭിച്ചാലും തക്കതായ അളവില്‍ മാംസ്യം ലഭിച്ചില്ലെങ്കില്‍ തൃപ്‌തികരമായ വളര്‍ച്ചയും ആരോഗ്യകരമായ നിലനില്‌പും അസാധ്യമാകും. പാല്‍, മുട്ട, കരള്‍ എന്നിവയിലെ മാംസ്യത്തെക്കാള്‍ തൊട്ടു താഴെയാണു മത്സ്യമാംസ്യത്തിന്റെ പോഷണ നിലവാരം. പക്ഷേ, എല്ലാ സസ്യ മാംസ്യങ്ങളെക്കാള്‍ ഉയര്‍ന്ന ഗുണനിലവാരമാണു മത്സ്യ മാംസ്യത്തിനുള്ളതെന്നും അറിയുക. ചിലയിനം മത്സ്യങ്ങളില്‍ താരതമ്യേന കൊഴുപ്പ്‌ കൂടുതല്‍ കാണാം. സ്രാവ്‌, കോഡ്‌ എന്നീ മത്സ്യങ്ങളുടെ കരളില്‍ വളരെയധികം കൊഴുപ്പുണ്ട്‌. കാഴ്‌ച ശക്തിക്ക്‌ അവശ്യം വേണ്ട ജീവകമായ `എ' യും എല്ലുകളുടെ ആരോഗ്യം ഉറപ്പുവരുത്തുന്ന ജീവകം `ഡി'യും സമൃദ്ധമായി അടങ്ങിയ കൊഴുപ്പാണു മീനെണ്ണ. ഒരു ടീസ്‌പൂണ്‍ മീനെണ്ണ ഒരു ദിവസം എന്ന തോതില്‍ നല്‌കുന്നതു കൊണ്ടു ഭവിഷ്യത്തുകളൊന്നും കുട്ടികള്‍ക്കു സംഭവിക്കുന്നില്ല എന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മത്സ്യം ലോകശ്രദ്ധ പിടിച്ചുപറ്റിയത്‌ മത്സ്യവും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള പുത്തനറിവുകള്‍ ലഭിച്ചപ്പോഴാണ്‌. പൂര്‍ണമായി മത്സ്യഭക്ഷണത്തെ ആശ്രയിക്കുന്ന എസ്‌കിമോകളിലും ലോകത്തെ പ്രധാനപ്പെട്ട മത്സ്യബന്ധന രാഷ്‌ട്രമായ നോര്‍വേയിലും മാംസത്തിനുപകരം മത്സ്യം സ്ഥിര ഭക്ഷണമാക്കിയ സമൂഹങ്ങളിലും ഹൃദ്രോഗങ്ങള്‍ താരതമ്യേന കുറവാണ്‌. മത്സ്യക്കൊഴുപ്പില്‍ സമൃദ്ധമായി അടങ്ങിയ ഒമേഗ-3 ഫാറ്റി ആസിഡുകളാണു ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നത്‌. ഡോക്കോസ, ഹെക്‌സ, ഇനോയിക്‌ ആസിഡ്‌, ഐക്കോസ, പെന്റാ ഇനോയിക്‌ ആസിഡ്‌ എന്നീ അഞ്ചും ആറും അപൂരിത ബോണ്ടുകളുള്ള ഫാറ്റി അമ്ലങ്ങള്‍ ഉള്ളതാണു മത്സ്യത്തെ ഹൃദയ സുഹൃത്ത്‌ എന്നു വിശേഷിപ്പിക്കാന്‍ കാരണം. ഇംഗ്ലീഷില്‍ ഇവയുടെ ചെല്ലപ്പേര്‌ ഡി.എച്ച്‌.എ, ഇ.പി.എ. എന്നാണ്‌. ഹൃദയതാളം തെറ്റാതെ സൂക്ഷിക്കാനും ഹൃദയാഘാതമുണ്ടായാല്‍ രക്തം കട്ടിയാകാതിരിക്കാനും ഇവ വളരെയധികം സഹായകമാണ്‌.

മത്സ്യക്കൊഴുപ്പുകള്‍ക്കു നമ്മുടെ രക്തത്തിലെ ട്രൈഗ്ലിസറൈഡ്‌ എന്ന ഘടകം കുറയ്‌ക്കാന്‍ കഴിവുണ്ട്‌ എന്ന്‌ അനേകം പഠനങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്‌. കൊളസ്‌ട്രോള്‍ കഴിഞ്ഞാല്‍ രക്തഘടകങ്ങളില്‍ ഹൃദ്രോഗബാധയിലേക്കു നയിക്കുന്നതില്‍ പ്രധാനമാണ്‌ ഉയര്‍ന്ന ട്രൈഗ്ലിസറൈഡ്‌. ആഴ്‌ചയില്‍ അഞ്ചു ദിവസമെങ്കിലും പ്രതിദിനം ഒരാള്‍ക്ക്‌ 30 ഗ്രാം മുതല്‍ 40 ഗ്രാം വരെ മത്സ്യം കഴിക്കാന്‍ സാധിച്ചാല്‍ ഹൃദയാരോഗ്യത്തിനു മതിയാകും. മലയാളിയുടെ ശരാശരി മത്സ്യ ഉപഭോഗവും 30-40 ഗ്രാമാണ്‌ എന്നത്‌ ആശ്വാസകരമാണ്‌. മധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ കുടംപുളിയും മുളകുപൊടിയും ചേര്‍ത്ത മത്സ്യക്കറിക്കു പകരം സമൃദ്ധമായി തേങ്ങയരച്ചു മത്സ്യം പാകം ചെയ്യുമ്പോഴും നമ്മുടെ മത്സ്യങ്ങളിലെ ആന്തരിക നന്മ ഇങ്ങനെ കിട്ടുന്ന പൂരിതകൊഴുപ്പിലൂടെ വളരെയധികം നഷ്‌ടപ്പെടുന്നു. അയല, മത്തി, ആവോലി, ചൂര എന്നീ സാധാരണ മത്സ്യങ്ങളിലെല്ലാം തന്നെ രണ്ടുമുതല്‍ നാലുവരെ ശതമാനത്തിനുള്ളിലാണു കൊഴുപ്പിന്റെ അളവ്‌. നെയ്‌മത്തിയില്‍ ഇതിനെക്കാള്‍ അധികം കൊഴുപ്പുണ്ട്‌. നെയ്‌മീനിലും കൊഴുപ്പ്‌ ഏതാണ്ട്‌ നാലു ശതമാനം വരും. കടല്‍ മത്സ്യമാകുമ്പോള്‍ ഗോയിറ്റര്‍ നിവാരണത്തിനാവശ്യമായ അയഡിന്‍ നമുക്കു സമൃദ്ധമായി ലഭിക്കുന്നു. ചൂട പോലെയുള്ള ചെറുമത്സ്യങ്ങള്‍ കാല്‍സ്യത്തിന്റെ ഒന്നാന്തരം ഉറവിടമാണ്‌. പ്രമേഹ രോഗികള്‍ക്കും യാതൊരപകട ഭീഷണിയുമില്ലാതെ നിര്‍ലോഭം കഴിക്കാന്‍ പറ്റിയ മാംസാഹാരമാണ്‌ മത്സ്യം.