Breaking News

Trending right now:
Description
 
Oct 05, 2013

ടിസിഎസ്‌ ഐടി വിസ്‌ ക്വിസ്‌: എരൂര്‍ ഭവന്‍സ്‌ വിദ്യാമന്ദിറും കാക്കനാട്‌ ഭവന്‍സ്‌ ആദര്‍ശയും വിജയികള്‍

image
ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ സംഘടിപ്പിച്ച ടിസിഎസ്‌ ഐടി വിസ്‌ ക്വിസ്‌ മത്സരത്തില്‍ എരൂര്‍ ഭവന്‍സ്‌ വിദ്യാമന്ദിറിലെ സച്ചിന്‍ എസ്‌., അഭിജിത്‌ മേനോന്‍ സഖ്യം വിജയികളായി. കാക്കനാട്‌ ഭവന്‍സ്‌ ആദര്‍ശവിദ്യാലയത്തിലെ കാര്‍ത്തിക്‌ ഗണപതി-വാസുദേവ്‌ ചക്രവര്‍ത്തി സഖ്യത്തിനാണ്‌ രണ്ടാം സ്ഥാനം.

ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റര്‍ സ്‌കൂള്‍ ഐടി ക്വിസ്‌ മത്സരമാണ്‌ ടിസിഎസ്‌ ഐടി വിസ്‌. കൊച്ചിക്ക്‌ പുറമേ ആലപ്പുഴ, ആലുവ, കോഴിക്കോട്‌, ഗുരുവായൂര്‍, ഇടുക്കി, ഇരിങ്ങാലക്കുട, കാസര്‍ഗോഡ്‌, കണ്ണൂര്‍, കൊല്ലം, കോട്ടയം, മലപ്പുറം, മൂന്നാര്‍, പാലക്കാട്‌, പത്തനംതിട്ട, തിരുവല്ല, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള സ്‌കൂളുകളില്‍ നിന്നായി 1600-ല്‍ അധികം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിജയികള്‍ക്ക്‌ പുറമെ പൈങ്ങോട്ടൂര്‍ സെന്റ്‌ ജോസഫ്‌ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ബ്രിട്ടോ സാബു, കെവിന്‍ ജോര്‍ജ്‌, തൃശൂര്‍ ഹരിശ്രീ വിദ്യാനിധിയിലെ ഹരിശങ്കര്‍ പ്രദീപ്‌, ശ്യാം കെ.പിഷാരടി, തിരുവനന്തപുരം ലൊയോള സ്‌കൂളിലെ ഹരി നായര്‍ എസ്‌., സച്ചിന്‍ ആര്‍., തൃശൂര്‍ ഭവന്‍സ്‌ വിദ്യാമന്ദിറിലെ അഖിലേഷ്‌ ബാലകൃഷ്‌ണന്‍, സമീര്‍ ജെ. എന്നിവരാണ്‌ ഫൈനലിലെത്തിയ ടീമുകള്‍.

ക്വിസിലെ ഒന്നാം സ്ഥാനക്കാര്‍ക്ക്‌ ഐപാഡും, രണ്ടാം സ്ഥാനക്കാര്‍ക്ക്‌ ഗാലക്‌സി ടാബ്‌ലെറ്റും സമ്മാനമായി ലഭിച്ചു. ദേശീയ തലത്തില്‍ നടക്കുന്ന സ്‌മാര്‍ട്ട്‌ ടെക്‌ വിസാര്‍ഡ്‌ 2013 മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ ടീമുകള്‍ കേരളത്തെ പ്രതിനിധീകരിക്കും. വിജയികള്‍ക്ക്‌ കേരള സംസ്ഥാന പ്ലാനിംഗ്‌ ബോര്‍ഡംഗം ജി. വിജയരാഘവനും, ടാറ്റാ കണ്‍സള്‍ട്ടന്‍സി കൊച്ചി സെന്റര്‍ മേധാവി സന്തോഷ്‌ സി. കുറുപ്പും സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.

സ്‌മാര്‍ട്ട്‌ ടെക്‌ വിസാര്‍ഡിനെ കണ്ടെത്തുന്നതിനുള്ള ഈ വര്‍ഷത്തെ ടിസിഎസ്‌ ഐടി വിസ്‌ ക്വിസ്‌ മത്സരം രാജ്യത്തെങ്ങുമായി 14 കേന്ദ്രങ്ങളിലാണ്‌ സംഘടിപ്പിക്കുന്നത്‌. അഹമ്മദാബാദ്‌, ബംഗലുരു, ഭുവനേശ്വര്‍, ചെന്നൈ, കോയമ്പത്തൂര്‍, ഡല്‍ഹി, ഹൈദരാബാദ്‌, ഇന്‍ഡോര്‍, കൊച്ചി, കൊല്‍ക്കൊത്ത, ലക്‌നോ, മുംബെ, നാഗ്‌പൂര്‍, പൂന എന്നിവിടങ്ങളിലായിരുന്നു മത്സരങ്ങള്‍. യുഎഇ എഡിഷന്‍ മത്സരത്തിലെ വിജയികളും മെഗാ ഫൈനലില്‍ പങ്കെടുക്കും.

ഇരുപതുചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക എഴുത്തുപരീക്ഷയാണ്‌ എല്ലാ ടീമുകളും നേരിട്ടത്‌. ഏറ്റവും മുന്‍പന്തിയില്‍ വന്ന ആറു ടീമുകള്‍ക്ക്‌ പ്രാദേശിക ഫൈനലില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു.

പിക്‌്‌ബ്രെയിന്‍ എന്നറിയപ്പെടുന്ന ക്വിസ്‌മാസ്റ്റര്‍ ഗിരി ബാലസുബ്രമണ്യവും സംഘവും രൂപപ്പെടുത്തിയ ആനിമേഷന്‍ അടിസ്ഥാനമാക്കിയ ക്വിസ്‌ സോഫ്‌റ്റ്‌വെയറായിരുന്നു മത്സരങ്ങളുടെ പ്രത്യേകത. ഡേറ്റ ക്ലൗഡ്‌സ്‌, ബിഗ്‌ഡേറ്റ വിഷ്വലൈസേഷന്‍, ഐഒടി - ഇന്റര്‍നെറ്റ്‌ ഓഫ്‌ തിങ്‌സ്‌, പിന്‍ട്രസ്റ്റ്‌, @ടിസിഎസ്‌ എന്നിങ്ങനെയായിരുന്നു വിവിധ റൗണ്ടുകള്‍.

ആറുഫൈനലിസ്റ്റുകള്‍ക്ക്‌ ഡബിള്‍ ഡഫിള്‍ ജിം ബാഗ്‌, ഹെഡ്‌ഫോണ്‍സ്‌, യുഎസ്‌ബി പെന്‍ ഡ്രൈവ്‌, നോട്ട്‌ബുക്ക്‌ സ്‌പീക്കേഴ്‌സ്‌, ടി-ഷര്‍ട്ട്‌സ്‌ എന്നിങ്ങനെ ടിസിഎസില്‍നിന്ന്‌ ഒരു നിര സമ്മാനങ്ങള്‍ ലഭിച്ചു. എട്ടു മുതല്‍ പന്ത്രണ്ടുവരെയുള്ള ക്ലാസുകളിലെ (ജൂണിയര്‍കോളജുകളിലെ പ്രീയൂണിവേഴ്‌സിറ്റി ഉള്‍പ്പെടെ) സ്‌കൂള്‍വിദ്യാര്‍ത്ഥികളാണ്‌ മത്സരത്തില്‍ പങ്കെടുത്തത്‌.

ഇന്റര്‍നെറ്റിന്റെ ലോകം, സവിശേഷമായ വെബ്‌ സൈറ്റുകള്‍, ഐടി ബസ്‌വേഡ്‌സ്‌, അക്രോനിംസ്‌, ഐടി പേഴ്‌സണാലിയ - ഇന്റര്‍നാഷണല്‍, നാഷണല്‍, ലോക്കല്‍, ഐടി, കമ്യൂണിക്കേഷന്‍ കമ്പനികളുടെ പരസ്യങ്ങള്‍, സോഫ്‌റ്റ്‌വെയര്‍ ഉത്‌പന്നങ്ങളും ബ്രാന്‍ഡുകളും, ഐടിയുടെ ചരിത്രം, ഐടിയിലെ ഫലിതം എന്നിങ്ങനെ വിവരസാങ്കേതികവിദ്യയിലെ വിവിധ വിഷയങ്ങളെക്കുറിച്ചായിരുന്നു ചോദ്യങ്ങള്‍. വിദ്യാഭ്യാസം, വിനോദം, പുസ്‌തകങ്ങള്‍, മള്‍ട്ടിമീഡിയ, സംഗീതം, സിനിമകള്‍, ഇന്റര്‍നെറ്റ്‌, ബാങ്കിംഗ്‌, പരസ്യങ്ങള്‍, സ്‌പോര്‍ട്‌സ്‌, ഗെയിംമിംങ്‌, സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്‌, ബ്ലോഗിംഗ്‌, സെല്‍ഫോണ്‍സ്‌ എന്നീ മേഖലകളും ക്വിസ്‌മത്സരം പരാമര്‍ശിച്ചു. ടിസിഎസിനെക്കുറിച്ച്‌ ഒരു എക്‌സ്‌ക്ലൂസീവ്‌ റൗണ്ടും ഉണ്ടായിരുന്നു