Breaking News

Trending right now:
Description
 
Oct 04, 2013

രണ്ടാമത്തെ റബര്‍ പാര്‍ക്ക്‌ പത്തനാപുരത്ത്‌: കൊടിക്കുന്നില്‍ സുരേഷ്‌

image കേരളത്തിലെ രണ്ടാമത്തെ റബര്‍ പാര്‍ക്ക്‌ കൊല്ലം ജില്ലയിലെ പത്തനാപുരത്തു സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പത്തനാപുരത്ത്‌ പിറവന്തൂര്‍ മുക്കടയില്‍ ആരംഭിക്കുന്ന റബര്‍ പാര്‍ക്കിന്റെ ശിലാസ്ഥാപനം കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ്‌ ശര്‍മ ഓഗസ്‌റ്റ്‌ 11ന്‌ നിര്‍വഹിക്കുമെന്നു കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്‌ അറിയിച്ചു. റബര്‍ ബോര്‍ഡിന്റെയും സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള കിന്‍ഫ്രയുടെയും സംയുക്ത സംരംഭമായി ആരംഭിക്കുന്ന റബര്‍ പാര്‍ക്കില്‍ ടയര്‍ ഉത്‌പാദനം ഒഴികെയുള്ള റബര്‍ അധിഷ്‌ഠിത വ്യവസായ സംരംഭങ്ങളാണ്‌ തുടങ്ങുകയെന്നും കേന്ദ്രമന്ത്രി അറിയിച്ചു. പത്തനാപുരത്ത്‌ പിറവന്തൂരില്‍ കിന്‍ഫ്ര ഏറ്റെടുത്ത ട്രാവന്‍കൂര്‍ പ്ലൈവുഡ്‌ ഇന്‍ഡസ്‌ട്രീസിന്റെ 51 ഏക്കര്‍ സ്ഥലത്താണു റബര്‍ പാര്‍ക്ക്‌ സ്ഥാപിക്കുക. ഇതിനായി മുഴുവന്‍ പദ്ധതി ചെലവായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന 36.70 കോടി രൂപയില്‍ 16.70 കോടി കയറ്റുമതി വികസനത്തിനുള്ള അടിസ്ഥാന സൗകര്യമൊരുക്കുന്നതിനുള്ള സംസ്ഥാനങ്ങള്‍ക്കുള്ള ഗ്രാന്റായാണ്‌ അനുവദിച്ചത്‌. ഇതില്‍ പദ്ധതിക്കു സ്ഥലമൊരുക്കുന്നതിനുള്ള പ്രാഥമികജോലികള്‍ക്കായി 5.5 കോടി റബര്‍ ബോര്‍ഡിനു കൈമാറിയതായും വാണിജ്യ മന്ത്രാലയം അറിയിച്ചു. റബര്‍ ബോര്‍ഡും കിന്‍ഫ്രയും ജോയിന്റ്‌ വെഞ്ച്വര്‍ കമ്പനി രൂപീകരിച്ചതിനു ശേഷമാവും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. 

റബര്‍ പാര്‍ക്കില്‍ പങ്കാളികളാകുന്ന സ്വകാര്യസംരംഭകര്‍ക്ക്‌ റബര്‍ അധിഷ്‌ഠിത വ്യവസായത്തിനുള്ള സാങ്കേതികവിദ്യ റബര്‍ ബോര്‍ഡ്‌ നല്‍കും. സംരംഭം തുടങ്ങുന്നതിന്‌ ആവശ്യമായ പൂര്‍ണ വികസിതമായ റോഡ്‌, സ്ഥലസൗകര്യം, സുരക്ഷ, വൈദ്യുതി, ജല ലഭ്യത, ടെസ്‌റ്റിംഗ്‌ ആന്‍ഡ്‌ ക്വാളിറ്റി കണ്‍ട്രോള്‍ ലാബ്‌, കാന്റീന്‍, ജീവനക്കാര്‍ക്കു ഡോര്‍മെറ്ററി, ഉദ്യോഗസ്ഥര്‍ക്ക്‌ സിംഗിള്‍ റൂം താമസസൗകര്യം തുടങ്ങിയവ കിന്‍ഫ്രയും സജ്ജമാക്കും. മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന പദ്ധതിയില്‍ 2000 പേര്‍ക്കു നേരിട്ടും, 5000 പേര്‍ക്ക്‌ അല്ലാതെയും തൊഴില്‍ ലഭിക്കുമെന്നാണു കണക്കാക്കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ്‌ വ്യക്തമാക്കി. 500 കോടി നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയില്‍ 30ഓളം സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയും. 15ഓളം സംരംഭകര്‍ ഇതിനോടകം റബര്‍ ബോര്‍ഡുമായി പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ ആദ്യമായി അനുവദിച്ച എറണാകുളം അയിരാപുരത്തെ റബര്‍ പാര്‍ക്ക്‌ ലാഭകരമാണെന്നു വിലയിരുത്തിയ സാഹചര്യത്തിലാണ്‌ രണ്ടാമത്തെ റബര്‍ പാര്‍ക്ക്‌ കൊല്ലത്തെ മലയോര പ്രദേശമായ പത്തനാപുരത്ത്‌ ആരംഭിക്കാന്‍ അനുമതി നല്‍കിയത്‌. റബര്‍ ഉത്‌പാദകമേഖലകള്‍ കൂടുതലായുള്ള ഈ സ്ഥലത്ത്‌ റബര്‍ അധിഷ്‌ഠിത വ്യവസായ പാര്‍ക്ക്‌ വരുന്നത്‌ കോട്ടയം, പത്തനംതിട്ട, കൊല്ലം തുടങ്ങിയ ജില്ലകളിലെ റബര്‍ ഉത്‌പാദകര്‍ക്കും വലിയ പ്രയോജനം ലഭിക്കുമെന്നും സ്ഥലം എംപി കൂടിയായ കൊടിക്കുന്നില്‍ സുരേഷ്‌ പറഞ്ഞു.