Breaking News

Trending right now:
Description
 
Oct 03, 2013

രാഹുല്‍ ഗാന്ധിക്ക്‌ എന്തൊരഹങ്കാരം എന്നു പറഞ്ഞവര്‍ ഇപ്പോള്‍ പറയുന്നു, "അങ്ങനെതന്നെ സിന്ദാബാദ്‌""

GM Political Desk
image പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിനേയും കേന്ദ്ര മന്ത്രിസഭയേയും മുതിര്‍ന്ന നേതാക്കളെയുമെല്ലാം മറികടന്ന്‌ നാടകീയമായി കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധി നടത്തിയ നീക്കങ്ങള്‍ കണ്ട്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍പോലും മൂക്കത്തു വിരല്‍വച്ചിരുന്നു. കോണ്‍ഗ്രസെന്താ നാടകകമ്പനിയാണോ എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം. സ്ഥാനമാനങ്ങളൊന്നുമില്ലാത്തപ്പോള്‍ ഇത്തരം വിവരക്കേടാണോ കാണിക്കുന്നതെന്നും ചോദ്യമുയര്‍ന്നു. അങ്ങനെയെങ്കില്‍ അടുത്ത പ്രധാനമന്ത്രിയായി ഉയര്‍ന്നുവന്നാല്‍ എന്താകും സ്ഥിതിയെന്നായിരുന്നു പലരുടെയും ചോദ്യം.

രാഹുല്‍ കാണിച്ചത്‌ ശുദ്ധ മണ്ടത്തരമാണെന്നും പ്രധാനമന്ത്രിയെ മറികടക്കുന്നതിലൂടെ അദ്ദേഹത്തെ അപമാനിക്കുന്നതാണെന്നും വ്യാഖ്യാനമുണ്ടായി. വിദേശസന്ദര്‍ശനത്തിലായിരിക്കുമ്പോള്‍ പ്രധാനമന്ത്രിയെ ആക്ഷേപിച്ചത്‌ രാജ്യത്തെതന്നെ ആക്ഷേപിച്ചതുപോലെയെന്നും ചിലര്‍ പറഞ്ഞു. പ്രധാനമന്ത്രി ഉടന്‍ രാജിവയ്‌ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്‍ ഉപദേഷ്ടാവിന്റെ നിര്‍ദ്ദേശം.

എന്നാല്‍, ഇത്തരം വിമര്‍ശനങ്ങളെല്ലാം പെയ്‌തൊഴിഞ്ഞത്‌ പെട്ടെന്നായിരുന്നു. രാഹുലിന്‌ മുമ്പേ മീറ്റ്‌ ദ പ്രസില്‍ കോണ്‍ഗ്രസിന്റെ നയം വിശദീകരിച്ചുവന്ന മാക്കന്‍ പോലും തിരിഞ്ഞുകളിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്കല്ലാം മിണ്ടാട്ടംമുട്ടി. രാഹുല്‍ജി പറഞ്ഞെങ്കില്‍, അങ്ങനെതന്നെ സിന്ദാബാദ്‌ എന്ന മട്ടിലായിരുന്നു പിന്നെക്കേട്ട വായ്‌ത്താരി.


കോണ്‍ഗ്രസ്‌ കോര്‍ കമ്മിറ്റിയും കേന്ദ്രമന്ത്രിസഭയുമെടുത്ത തീരുമാനത്തിനെതിരേ പരസ്യനിലപാടെടുക്കുകയും ഒറ്റയ്‌ക്കുനിന്നു തീരുമാനം മാറ്റിക്കുകയും ചെയ്‌ത എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി വിവാദത്തിലൂടെ ശ്രദ്ധേയനായി. മന്‍മോഹന്‍- രാഹുല്‍ കൂടിക്കാഴ്‌ചയ്‌ക്കു തൊട്ടുപിന്നാലെ കോണ്‍ഗ്രസ്‌ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്ന്‌ ഓര്‍ഡിനന്‍സ്‌ പിന്‍വലിക്കാന്‍ തീരുമാനമെടുത്തതു രാഹുലിന്റെ സ്വാധീനം കൂടുതല്‍ വ്യക്തമാക്കുകയും ചെയ്‌തു. മന്ത്രിസഭാ തീരുമാനത്തിനെതിരേ പരസ്യനിലപാട്‌ പറയാനുണ്ടായ സാഹചര്യം പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി രാഹുല്‍ ബോധ്യപ്പെടുത്തുകയായിരുന്നു. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാലുടന്‍ എംപിമാരെയും എംഎല്‍എമാരെയും മറ്റും അയോഗ്യരാക്കുന്ന സുപ്രീം കോടതി വിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സ്‌ കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ രാജ്യത്തുയര്‍ന്ന ജനവികാരം മാനിച്ചാണ്‌ അത്തരമൊരു നിലപാടെടുത്തതെന്ന രാഹുലിന്റെ വാദം മന്‍മോഹന്‍ അംഗീകരിച്ചു. പ്രസ്‌താവന വിവാദമായതില്‍ പ്രധാനമന്ത്രിയോടു ഖേദം അറിയിക്കാനും രാഹുല്‍ മടിച്ചില്ല. 


ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോഡിയില്‍നിന്നു മാധ്യമശ്രദ്ധ തന്നിലേക്കു തിരിക്കാന്‍ ഇതിലൂടെ കോണ്‍ഗ്രസിന്റെ അനൗദ്യോഗിക പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ രാഹുലിനു കഴിയുകയും ചെയ്‌തു. ഗാന്ധിജയന്തി ദിനമായിരുന്നതിനാല്‍ അവധിയുടെ ആലസ്യത്തിലാകേണ്ടിയിരുന്ന ദേശീയ തലസ്ഥാനം ഇന്നലെ നാടകീയ ചര്‍ച്ചകളും നീക്കങ്ങളുമായി പതിവിലേറെ സജീവമായിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും രാവിലെ എട്ടിനു രാജ്‌ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക്‌ ആദരാഞ്‌ജലി അര്‍പ്പിച്ചതിനു പിന്നാലെ തിരക്കിട്ട രാഷ്‌ട്രീയചര്‍ച്ചകളായിരുന്നു നടന്നത്‌. 


രാജ്‌ഘട്ടില്‍ ഇന്നലെ അസാന്നിധ്യം കൊണ്ടു ശ്രദ്ധേയനായിരുന്നു രാഹുല്‍. ഓര്‍ഡിനന്‍സ്‌ പിന്‍വലിക്കാനുള്ള തീരുമാനം പ്രതീക്ഷിച്ചതാണെങ്കിലും രാഹുലിന്റെ മേല്‍ക്കോയ്‌മയുടെ ആദ്യത്തെ ശരിയായ പ്രകടനമെന്ന നിലയില്‍ ഇന്നലത്തെ ഡല്‍ഹി ചര്‍ച്ചകള്‍ മാറുകയായിരുന്നു. ദേശീയ രാഷ്‌ട്രീയത്തില്‍ ഇനി രാഹുല്‍ഗാന്ധിയും നരേന്ദ്ര മോഡിയും നേര്‍ക്കുനേര്‍ നിന്നാകും പോരടിക്കുകയെന്നു പുതിയ സംഭവവികാസങ്ങള്‍ വെളിവാക്കുന്നു.