Breaking News

Trending right now:
Description
 
Oct 02, 2013

അവയവദാന ബോധവത്‌ക്കരണത്തിന്‌ വെബ്‌സൈറ്റ്‌

image അവയവദാന ബോധവത്‌ക്കരണത്തിനായി രൂപവത്‌ക്കരിച്ചിട്ടുള്ള വണ്‍മില്യണ്‍ ഡോണേഴ്‌സ്‌ കാമ്പെയ്‌ന്റെ ഔദ്യോഗിക വെബ്‌സൈറ്റ്‌ www.onem illiondonors.org പ്രവര്‍ത്തനമാരംഭിച്ചു. അക്ഷരവെട്ടം ഫേസ്‌ബുക്ക്‌ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ സൊസൈറ്റി ഫോര്‍ ഓര്‍ഗന്‍ റിട്രീവല്‍ ആന്‍ഡ്‌ ട്രാന്‍സ്‌പ്ലാന്റേഷന്‍ (സോര്‍ട്ട്‌), കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, റോട്ടറി ക്ലബ്‌, ലയണ്‍സ്‌ ക്ലബ്‌ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന വണ്‍മില്യണ്‍ ഡോണേഴ്‌സ്‌ കാമ്പെയ്‌ന്റെ ഭാഗമായാണു വെബ്‌സൈറ്റ്‌ പ്രവര്‍ത്തനമാരംഭിച്ചത്‌. ഒരു വ്യക്തി അവയവദാനസമ്മതം നല്‍കിയാല്‍ അയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും അക്കാര്യം അറിയുന്ന രീതിയിലാണു വെബ്‌സൈറ്റ്‌ ക്രമീകരിച്ചിരിക്കുന്നതെന്നു വി ഗാര്‍ഡ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി അറിയിച്ചു. അവയവദാനത്തിനു സന്നദ്ധത പ്രകടിപ്പിച്ചു രജിസ്റ്റര്‍ ചെയ്‌താലും ആ വിവരം ബന്ധുക്കള്‍ അറിയാത്തതുമൂലം അവയവങ്ങള്‍ എടുക്കാന്‍ കഴിയാതെ നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാനാണിത്‌. പലരും മരണശേഷം അവയവദാനം ചെയ്യാനുള്ള തീരുമാനം ബന്ധുക്കളെ അറിയിക്കാത്തതുമൂലം സമ്മതപത്രം അപ്രസക്തമായിപോകാറുണ്ട്‌. ഒരു വ്യക്തിയുടെ സമ്മതം ആ വ്യക്തിയോട്‌ ഏറ്റവും അടുപ്പമുള്ള വ്യക്തികള്‍ അറിയുക എന്നതാണു കാമ്പെയ്‌ന്റെ ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെ അവയവദാന പദ്ധതികള്‍ക്കു കൈമാറാന്‍ സാധിക്കുന്ന ഡോറ്റാബേസ്‌ ഉണ്ടാക്കുക, ഈ രംഗത്തെ നിയമപരമായ കുരുക്കുകള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുക എന്നിവയാണു കാമ്പെയ്‌ന്റെ മറ്റു ലക്ഷ്യങ്ങള്‍. ഫേസ്‌ബുക്ക്‌ വഴി ലോഗിന്‍ ചെയ്‌തു സമ്മതം നല്‍കിയാല്‍ സര്‍ട്ടിഫിക്കറ്റ്‌ സ്വന്തം ടൈംലൈനില്‍ പ്രസിദ്ധീകരിക്കപ്പെടും. ഇതുവഴി അവയവദാനത്തിന്റെ സന്ദേശം പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ മറ്റുള്ളവരിലേക്കു എത്തും. .അവയവദാനത്തിനു സന്നദ്ധരായി ഏറെപേര്‍ രംഗത്തുവരുന്നുണ്ട്‌. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്‌തതിന്റെ പത്തിരട്ടി പേരാണ്‌ ഇക്കുറി രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്‌. കൂടുതല്‍ പേരെ ഇതിലേക്കു കൊണ്ടുവരുന്നതിനു വണ്‍മില്ല്യണ്‍ ഡോണേഴ്‌സ്‌ വെബ്‌സൈറ്റ്‌ സഹായിക്കുമെന്ന്‌ പദ്ധതിയുടെ നേതൃനിരയിലുള്ളവര്‍ പറയുന്നു.