Breaking News

Trending right now:
Description
 
Oct 01, 2013

അമേരിക്കയില്‍ സാമ്പത്തികഅടിയന്തരാവസ്ഥ, ഗുരുതര സ്ഥിതിവിശേഷം

image അടുത്ത വര്‍ഷത്തേയ്‌ക്കുള്ള ബജറ്റിന്‌ അംഗീകാരം നല്‌കാന്‍ ഹൗസ്‌ ഓഫ്‌ റപ്രസന്റേറ്റീവ്‌ വിസമ്മതിച്ചതോടെ അമേരിക്കയില്‍ ഭാഗികമായ സാമ്പത്തിക അടിയന്തരാവസ്ഥ. തിങ്കളാഴ്‌ച അര്‍ദ്ധരാത്രിക്കുശേഷമാണ്‌ ഇത്‌ നിലവില്‍ വന്നത്‌. ഇതോടെ അവശ്യ സേവനങ്ങള്‍ക്കുമാത്രമുള്ള പണമേ അമേരിക്കന്‍ ട്രഷറികളില്‍നിന്ന്‌ പിന്‍വലിക്കാനാവൂ.

ഒബാമകെയര്‍ എന്നു വിശേഷിക്കപ്പെടുന്ന ആരോഗ്യസുരക്ഷാ പദ്ധതിയെക്കുറിച്ചുള്ള ഭിന്നതയാണ്‌ ബജറ്റിനെ അവതാളത്തിലാക്കിയത്‌. റിപ്പബ്ലിക്കന്‍ കക്ഷികള്‍ക്ക്‌ ഭൂരിപക്ഷമുള്ള പ്രതിനിധി സഭയില്‍ ഇതിനുള്ള ബജറ്റിന്‌ അംഗീകാരം ലഭിക്കാതെ പോകുകയായിരുന്നു. ഈ സ്ഥിതിവിശേഷം ഒഴിവാക്കാന്‍ പ്രസിഡന്റ്‌ ഒബാമ പരമാവധി ശ്രമിച്ചെങ്കിലും പ്രതിപക്ഷകക്ഷി വഴങ്ങിയില്ല. ഒബാമകെയര്‍ പദ്ധതി നീട്ടിവച്ചാല്‍ മാത്രം ബജറ്റിന്‌ അംഗീകാരം നല്‌കാമെന്നായിരുന്നു റിപ്പബ്ലിക്കന്‍ കക്ഷിയുടെ നിലപാട്‌.

സാമ്പത്തികഅടിയന്തരാവസ്ഥയിലായതോടെ ഫെഡറല്‍ ജീവനക്കാര്‍ ഒഴികെയുള്ള ജീവനക്കാരുടെ കാര്യം അനിശ്ചിതത്വത്തിലായി. അത്യാവശ്യമില്ലാത്ത ജോലിക്കാര്‍ ശമ്പളം ലഭിക്കാത്ത സ്ഥിതിവരുമെന്നു കണക്കാക്കപ്പെടുന്നു. ആകെ 33 ലക്ഷം ജീവനക്കാരുള്ളതില്‍ ഏതാണ്ട്‌ എട്ടുലക്ഷം ജീവനക്കാരുടെ കാര്യത്തിലാണ്‌ അനിശ്ചിതത്വം. 1995-ലാണ്‌ ഇതിനു മുമ്പ്‌ അമേരിക്കയില്‍ സാമ്പത്തിക അടിയന്താരാവസ്ഥ നിലവില്‍ വന്നത്‌. അന്ന്‌ 21 ദിവസം ഈ സ്ഥിതി നിലനിന്നു. അന്ന്‌ അത്യാവശ്യജീവനക്കാര്‍ ജോലി ചെയ്യുകയും മറ്റുള്ളവര്‍ക്ക്‌ ജോലി ഇല്ലാതാകുകയും ചെയ്‌തിരുന്നു. 



കോണ്‍ഗ്രസ്‌ പാസാക്കാതെ ചെലവുകള്‍ക്കുള്ള പണം കണ്ടെത്താനാവില്ലെന്നാണ്‌ അമേരിക്കയിലെ രീതി. ഒക്ടോബര്‍ 1 മുതല്‍ സെപ്‌റ്റംബര്‍ 30 വരെയാണ്‌ അമേരിക്കന്‍ ഗവണ്‍മെന്റിന്റെ സാമ്പത്തികവര്‍ഷം എന്നതിനാലാണ്‌ ഇന്നുമുതല്‍ സാമ്പത്തികരംഗം നിശ്ചലമാകുന്നത്‌.

എല്ലാ അമേരിക്കന്‍ പൗരന്മാര്‍ക്കും ഹെല്‍ത്ത്‌ ഇന്‍ഷ്വറന്‍സ്‌ വേണം എന്നത്‌ തൊഴില്‍ദാതാക്കള്‍ക്ക്‌ വലിയ ബാധ്യതയാകുമെന്നാണ്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിലപാട്‌. ഇത്‌ ഫെഡറല്‍ സംവിധാനത്തെ മറികടക്കലാകുമെന്നും അവര്‍ വാദിക്കുന്നു. നിലവില്‍ ഏതെങ്കിലും രോഗമുള്ളവര്‍ക്ക്‌ ഇന്‍ഷ്വറന്‍സ്‌ നിഷേധിക്കുന്നതിനെ ഒബാമകെയര്‍ എതിര്‍ക്കുന്നു.