Breaking News

Trending right now:
Description
 
Oct 01, 2013

രക്തസാക്ഷികള്‍ ചിന്തിയ ചോര വിശ്വാസത്തിന്റെ വിത്ത്‌: ബിഷപ്‌ ഡോ. പീറ്റര്‍ റമിജിയൂസ്‌

ദേവസഹായം പിള്ള വെബ്‌സൈറ്റ്‌, ഡിജിറ്റല്‍ കോപ്പി, പുസ്‌തക വിതരണോദ്‌ഘാടനം
image ആലപ്പുഴ: ദൈവസ്‌നേഹം ഹൃദയത്തിലേറ്റിയ രക്തസാക്ഷികള്‍ ചിന്തിയ ചോര വിശ്വാസത്തിന്റെ വിത്താണെന്നു കോട്ടാര്‍ രൂപത ബിഷപ്‌ ഡോ. പീറ്റര്‍ റമിജിയൂസ്‌.

പ്രഥമ ഭാരതീയ ക്രൈസ്‌തവ ധീര രക്തസാക്ഷി ദേവസഹായം പിള്ളയെക്കുറിച്ചുള്ള വൈബ്‌സൈറ്റ്‌ `ദേവരൂപാന്തരം ഡോട്ട്‌ കോമി'നു സമാരംഭം കുറിച്ചുകൊണ്ടു പ്രസംഗിക്കുകയായിരുന്നു ബിഷപ്‌.

നാഗര്‍കോവില്‍ ബിഷപ്‌സ്‌ ഹൗസില്‍ നടന്ന ചടങ്ങില്‍ സമാഹര്‍ത്താവ്‌ പി.ജെ. തോമസ്‌ പാലത്ര (വെയില്‍സ്‌) സ്വാഗതവും എഡിറ്റര്‍ തോമസ്‌ മത്തായി കരിക്കംപള്ളില്‍ നന്ദിയും പറഞ്ഞു. ജോസഫ്‌ ആന്റണി, ബോബന്‍ ടി. ആന്റണി എന്നിവര്‍ പ്രസംഗിച്ചു. വെബ്‌ഡിസൈനിംഗ്‌ സുനില്‍ ജോസഫ്‌ (ഹൈദരാബാദ്‌) നടത്തി.

നാഗര്‍കോവിലിലെ തന്നെ നാമകരണ കാര്യാലയത്തില്‍ നടന്ന മറ്റൊരു ചടങ്ങില്‍ വൈസ്‌ പോസ്‌റ്റുലേറ്റര്‍ ഫാ.എ.ഗബ്രിയേല്‍ `ദേവരൂപാന്തര'ത്തിന്റെ ഡിജിറ്റല്‍ കോപ്പി പ്രകാശനം ചെയ്‌തു. ദേവസഹായം പിള്ളയുടെ നാമകരണത്തിനാവശ്യമായ ഒന്നാംതരം മഹാത്ഭുതത്തിനായി കാത്തിരിക്കുകയാണെന്നു ഫാ.ഗബ്രിയേല്‍ സൂചിപ്പിച്ചു. വാഴ്‌ത്തപ്പെട്ട ദേവസഹായം പിള്ളയോടുള്ള പ്രാര്‍ഥനയിലൂടെ ലഭ്യമാകുന്ന അത്ഭുതകരമായ രോഗശാന്തികളും വൈകല്യങ്ങളുടെ സുഖപ്പെടലുകളും മറ്റും ശാസ്‌ത്രീയമായി പരിശോധിക്കും. ദേവസഹായം പിള്ളയെ വാഴ്‌ത്തപ്പെട്ട പദവിയില്‍ നിന്നു വിശുദ്ധ പദവിയിലേക്കു ഉയര്‍ത്തുന്നതിനാവശ്യമായ നാമകരണ നടപടികള്‍ കോട്ടാര്‍ രൂപത കേന്ദ്രീകരിച്ചാണ്‌ നടന്നുവരുന്നത്‌.

`ദേവരൂപാന്തരം' പുസ്‌തകത്തിന്റെ തമിഴ്‌നാട്ടിലെ മലയാളികള്‍ക്കിടയിലുള്ള വിതരണോദ്‌ഘാടനം കന്യാകുമാരി ജില്ലയിലെ തക്കല ബിഷപ്‌സ്‌ ഹൗസില്‍ രൂപത പ്രൊക്യുറേറ്റര്‍ ഫാ. മാത്യു മുളങ്ങാശേരില്‍ നിര്‍വഹിച്ചു. കൊടും പീഡനങ്ങള്‍ക്കും സഹനങ്ങള്‍ക്കും നടുവിലാകുമ്പോള്‍പ്പോലും വിശ്വാസത്തിനു വേണ്ടി വാദിക്കുന്നത്‌ മഹത്തരമാണെന്നു വിദേശപര്യടനത്തിലായ തക്കല ബിഷപ്‌ മാര്‍ ജോര്‍ജ്‌ രാജേന്ദ്രന്‍ നല്‌കിയ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

`ദേവരൂപാന്തരം' പ്രിന്റ്‌ എഡിഷന്‍ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി കൊച്ചിയില്‍ നേരത്തെ പ്രകാശനം ചെയ്‌തിരുന്നു. തുടര്‍ന്നാണ്‌ വെബ്‌സൈറ്റ്‌ ആരംഭിച്ചതും ഡിജിറ്റല്‍ കോപ്പി പുറത്തിറക്കിയിട്ടുള്ളതും. പുസ്‌തകം അടക്കമുള്ളതെല്ലാം സൗജന്യമായിട്ടാണ്‌ വിതരണം ചെയ്യുന്നത്‌.