Breaking News

Trending right now:
Description
 
Oct 01, 2013

ദേശീയ രക്തദാന ദിനാചരണം ഇന്ന്‌

image ദേശീയ രക്തദാനദിനാചരണം ഇന്ന്‌. രക്തദാനം മഹാദാനമായി ആചരിക്കുന്നതിന്റെ പത്താം വാര്‍ഷികനിറവിലാണ്‌ ലോകാരോഗ്യസംഘടന. രക്തദാനത്തിന്റെ മഹത്വം വെളിപ്പെടുത്തുക, ജീവനു തുണയേകുക മാത്രമല്ല ദീര്‍ഘകാലം ജീവിക്കുന്നതിനും തുണയാകുക എന്നതാണ്‌ ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്‌. ഈവര്‍ഷത്തെ ആപ്‌തവാക്യം നല്‍കാം ഒരു ജീവിതസമ്മാനം - രക്തദാനത്തിലൂടെ എന്നതാണ്‌. ഇന്ത്യയില്‍ പ്രതിവര്‍ഷാവശ്യം നാലുകോടി യൂണിറ്റ്‌ രക്തമാണെങ്കിലും അതിന്റെ പത്തിലൊന്നു മാത്രമാണ്‌ രക്തദാതാക്കളില്‍നിന്നു ലഭിക്കുന്നത്‌. സാങ്കേതികവളര്‍ച്ചയുടെ ഫലമായി ദാനംചെയ്യപ്പെടുന്ന ഒരുയൂണിറ്റ്‌ രക്തം, ഘടകങ്ങളാക്കി നാലുപേരുടെവരെ ജീവന്‍ രക്ഷിക്കാന്‍ ഉപയോഗിക്കാവുന്നതാണ്‌. സന്നദ്ധ രക്തദാന സേവനത്തിലൂടെ രക്തബാങ്കുകള്‍ പുഷ്ടിപ്പെടുത്താന്‍ നമുക്ക്‌ ഓരോരുത്തര്‍ക്കും കടമയുണ്ടെന്ന കാര്യം മറക്കരുത്‌. പതിനെട്ടിനും അറുപതിനും മധ്യേ പ്രായവും കുറഞ്ഞത്‌ 45 കിലോ ഭാരവും ശാരീരികവും മാനസികവുമായ ആരോഗ്യവുമുള്ള ഏതൊരാള്‍ക്കും മൂന്നുമാസം കൂടുമ്പോള്‍ രക്തം ദാനം ചെയ്യാം. എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ്‌ ബി & സി, സിഫിലിസ്‌, മലേറിയ എന്നീ രോഗങ്ങളുണ്ടോ എന്നറിയാന്‍ പരിശോധനകള്‍ നടത്തുന്നതുകൊണ്ട്‌ ആരോഗ്യപരമായ ഒരു ജീവിതശൈലി വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്നതു രക്തദാതാവിനെ സംബന്ധിച്ചിടത്തോളം നേട്ടംതന്നെയാണ്‌. രക്തദാനത്തിലൂടെ രക്തദാതാവിന്റെ രക്തചംക്രമണ വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ആരോഗ്യകരമാക്കാനും സാധിക്കുകയും ഹൃദയരോഗങ്ങള്‍, തലച്ചോറിലുള്ള രക്തസ്രാവം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്യുന്നു.