Breaking News

Trending right now:
Description
 
Oct 01, 2013

മരുന്നു പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്‌ക്കണമെന്നു സുപ്രീംകോടതി

image കൃത്യമായി നിയന്ത്രണവും നിരീക്ഷണവുമില്ലാത്തതിനാല്‍ അനുമതി ലഭിച്ച 162 മരുന്നു പരീക്ഷണങ്ങള്‍ നിര്‍ത്തിവയ്‌ക്കാന്‍ സുപ്രീംകോടതി ഉത്തരവ്‌. മാനദണ്ഡങ്ങള്‍ എല്ലാം പാലിച്ചാണോ പരീക്ഷണം നടത്തുന്നതെന്നു വ്യക്തമാക്കണമെന്നും കേന്ദ്രആരോഗ്യ മന്ത്രാലയത്തോട്‌ കോടതി നിര്‍ദേശിച്ചു. ബഹുരാഷ്‌ട്രകമ്പനികളുടെ മരുന്നു പരീക്ഷണത്തിനെതിരേ സ്വാസ്ഥ്യ അധികാര്‍ മഞ്ച്‌ എന്ന സര്‍ക്കാരിതര സംഘടന സമര്‍പ്പിച്ച പൊതുതാത്‌പര്യ ഹര്‍ജി പരിഗണിച്ചാണ്‌ കോടതിയുടെ നിര്‍ദേശം. കൃത്യമായ പരിശോധന, നിരീക്ഷണ സംവിധാനങ്ങളില്ലാതെ ഒരു മരുന്നു പരീക്ഷണവും നടത്താന്‍ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മരുന്നുപരീക്ഷണത്തിനു വിധേയരാകുന്ന ആളുകളുടെ ജീവിതം സംരക്ഷിക്കാന്‍ ശക്തമായ വ്യവസ്ഥ കൊണ്ടുവരണമെന്നു വ്യക്തമാക്കിയാണു കോടതി മരുന്നു പരീക്ഷണം തടഞ്ഞത്‌. കോടതിയുടെ നിര്‍ദേശം വന്നതിനു പിന്നാലെ അനുമതി നല്‍കിയ 162 പരീക്ഷണങ്ങളും തടയുകയാണെന്ന്‌ ആരോഗ്യമന്ത്രാലയം കോടതിയെ അറിയിച്ചു. അനുമതിയില്ലാതെയുള്ള മരുന്നുപരീക്ഷണങ്ങള്‍ നിരോധിച്ച്‌ പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്ന കോടതി, പരീക്ഷണങ്ങള്‍ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു. 
 
മരുന്നു കമ്പനികള്‍ ഡ്രഗ്‌സ്‌ കണ്‍ട്രോളര്‍ ജനറലിനു നല്‍കിയ 331 അപേക്ഷകളില്‍ 162 എണ്ണം കാര്യമായ ചര്‍ച്ചകള്‍ കൂടാതെയാണ്‌ അംഗീകരിച്ചതെന്നു ഹര്‍ജിക്കാര്‍ ആരോപിച്ചു. ഈ മരുന്നുകള്‍ രോഗികളില്‍ പാര്‍ശ്വഫലങ്ങളോ ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടാക്കില്ലെന്ന്‌ ഉറപ്പുനല്‍കാന്‍ കഴിയുമോയെന്ന്‌ കോടതി സര്‍ക്കാരിനോട്‌ ആരാഞ്ഞു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണോ പരീക്ഷണങ്ങള്‍ അനുവദിച്ചതെന്ന്‌ സര്‍ക്കാര്‍ രണ്ടാഴ്‌ചയ്‌ക്കകം അറിയിക്കണം. പുതിയ രാസഘടനയുള്ള മരുന്നുകളുടെ പരീക്ഷണത്തിനു കൂടുതല്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ വേണമെന്ന ആവശ്യത്തിലും സര്‍ക്കാര്‍ നിലപാടറിയിക്കണം. മരുന്നുപരീക്ഷണത്തിന്‌ എത്തിക്‌സ്‌ കമ്മിറ്റികള്‍ രൂപവത്‌കരിക്കണം എന്നതടക്കം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ വൈകുന്നതെന്താണെന്നും ജസ്റ്റീസുമാരായ ആര്‍.എം ലോധ, മദന്‍ ബി. ലോക്കുര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച്‌ ചോദിച്ചു.