Breaking News

Trending right now:
Description
 
Sep 30, 2013

മദ്യം ഗുരുതരമായി ബാധിക്കുന്നത്‌ ഹൃദയത്തെ

image മദ്യം ഏറ്റവും ഗുരുതരമായി ബാധിക്കുന്നതു ഹൃദയത്തെയാണെന്ന്‌ വിദഗ്‌ദര്‍. സ്വന്തം ഹൃദയത്തെക്കാള്‍ മദ്യത്തെ സ്‌നേഹിക്കുന്നവര്‍ ഹൃദയപേശികള്‍ ദുര്‍ബലപ്പെടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന കാര്‍ഡിയോ മയോപ്പതിയിലൂടെ മരണത്തിലേക്കാണ്‌ എത്തുന്നത്‌. പ്രതിദിനം 80 മില്ലിയിലേറെ മദ്യം കഴിക്കുന്നവര്‍ക്കു പത്തുവര്‍ഷമാകുമ്പോഴേയ്‌ക്കും കാര്‍ഡിയോ മയോപ്പതിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു. മദ്യപാനത്തെ തുടര്‍ന്നുണ്ടാകുന്ന മറ്റൊരു ഹൃദയരോഗമാണ്‌ വെന്‍ട്രിക്കുലാര്‍ ടാക്കികാര്‍ഡിയ. ഇവിടെ ഹൃദയത്തിന്റെ കീഴറകളായ വെന്‍ട്രിക്കിളുകള്‍ ക്രമാതീതമായി വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഹൃദയമിടിപ്പിന്റെ നിരക്കു വര്‍ധിക്കുകയും പ്രവര്‍ത്തനക്ഷമത കുറയുകയും ചെയ്യുന്നു. ഹൃദയത്തെയാണു കൂടുതല്‍ സ്‌നേഹിക്കുന്നതെങ്കില്‍ മദ്യത്തോടുള്ള കൂട്ടു അവസാനിപ്പിക്കുകയാണു വേണ്ടത്‌. മദ്യം വയറിനുള്ളിലും പ്രശ്‌നമുണ്ടാക്കും. മദ്യം ദഹനേന്ദ്രീയ വ്യവസ്ഥയിലെ പല അവയവങ്ങളെയും ബാധിക്കുന്നു. അന്നനാളത്തിലുണ്ടാകുന്ന നീര്‍വീക്കത്തെ തുടര്‍ന്നു ഉള്ളിലെ നേര്‍ത്ത ശ്ലേഷ്‌മസ്‌തരത്തിനു ക്ഷതം സംഭവിക്കുകയും ആഹാരമിറക്കാന്‍ ബുദ്ധിമുണ്ടാകുകയും ചെയ്യുന്നു. തുടര്‍ച്ചയായ മദ്യപാനം പാന്‍ക്രിയാസ്‌ ഗ്രന്ഥിക്കു നീര്‍വീക്കം ഉണ്ടാക്കി പാന്‍ക്രിയാറ്റൈറ്റിസുകാരണമാകുന്നു. കരളിനും ചില്ലറയല്ല ദോഷം. മദ്യപാന ക്ഷതം പൂര്‍ണമായും ഏറ്റുവാങ്ങുന്നതു കരളാണ്‌. മദ്യത്തിലെ വിഷാംശത്തെ വലിച്ചെടുത്തു നശിപ്പിക്കുന്നതിനാല്‍ മദ്യപാനിയെ രക്ഷപെടുത്താന്‍ കരള്‍ സ്വയം മരിക്കുകയാണു ചെയ്യുന്നത്‌.

 ഫാറ്റിലിവര്‍, ഹെപ്പറ്റൈറ്റിസ്‌, സിറോസിസ്‌ എന്നിവയാണു മദ്യപാനം കൊണ്ടു കരളിനുണ്ടാകുന്ന പ്രധാന അസുഖങ്ങള്‍. തുടര്‍ച്ചയായി മദ്യപിക്കുന്നവരില്‍ 90 ശതമാനം ആളുകള്‍ക്കും ഫാറ്റിലിവര്‍ ഉണ്ടാകുന്നു. കരളിന്റെ കോശങ്ങളില്‍ കൊഴുപ്പു അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്‌. ഫാറ്റി ലിവറിനെ നിസാരമായി അവഗണിക്കരുത്‌. മദ്യപാനം പൂര്‍ണമായും നിര്‍ത്തി വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നില്ലെങ്കില്‍ ഇത്‌ ലിവര്‍ സിറോസിസ്‌ ആയി മാറും. മദ്യപാനം നിര്‍ത്തുകയാണെങ്കില്‍ കരളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പു മെല്ലെ അലിഞ്ഞു തീരും. മദ്യപാനം നിര്‍ത്തുന്നതിനൊപ്പം കൊഴുപ്പു കുറഞ്ഞ ഭക്ഷണം മിതമാക്കുകയും കൃത്യമായ വ്യായാമം നടത്തുകയും വേണം. ഫാറ്റിലിവറില്‍ നിന്നും സിറോസിസ്‌ എന്ന കരളിനെ ബാധിക്കുന്ന ഗുരുതരമായ രോഗാവസ്ഥയിലേക്കു മാറുന്നു. പ്രതിദിനം 60-80 മില്ലിലിറ്റര്‍ മദ്യം വീതം പത്തുവര്‍ഷം തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ ലിവര്‍ സിറോസിസ്‌ സാധ്യത എണ്‍പതു ശതമാനത്തിലേറെയാണ്‌. ലിവര്‍ സിറോസിസ്‌ രോഗികളില്‍ വയറ്റിനുള്ളില്‍ വെള്ളം കെട്ടിനിന്നു വയര്‍ വീര്‍ത്തു വലുതാകുന്ന അവസ്ഥയാണ്‌ മഹോദരം. രോഗം വര്‍ധിക്കുമ്പോള്‍ വയറ്റില്‍ നിന്നും വെള്ളം കുത്തിയെടുത്തു കളയേണ്ട അവസ്ഥ ഉണ്ടാകും.