Breaking News

Trending right now:
Description
 
Sep 29, 2013

ഒരു ഹൃദയം കിട്ടിയിരുന്നെങ്കില്‍....

image എനിക്കും ഒരു ഹൃദയം കിട്ടിയിരുന്നെങ്കില്‍...ആരുടെയെങ്കിലും സഹായംകിട്ടാതിരിക്കില്ല. ഏറെ പ്രതീക്ഷയോടുകൂടിയാണ്‌ തന്നെത്തേടി ഒരു ഹൃദയമെത്തുമെന്ന പ്രതീക്ഷയില്‍ സുവിന്‍ അനീഷ്‌ മാത്യു ആശുപത്രി കിടക്കയില്‍ കഴിയുന്നത്‌. ഹൃദ്രോഗിയായ സുവിന്‌ ചിന്തകളുടെയും സ്വപ്‌നങ്ങളുടെയും ലോകത്ത്‌ ഇനിയുമേറെ സഞ്ചരിക്കാന്‍ ഒരു ഹൃദയം വേണം. ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ കാത്ത്‌ എറണാകുളം ലിസി ആശുപത്രിയില്‍ കഴിയുന്ന ഈ ഇരുപത്തിനാലുകാരന്‍ വേദനയുടെ ആധിക്യത്തിലും നല്ല നാളെയെക്കുറിച്ചു സ്വപ്‌നങ്ങള്‍ കാണുകയാണ്‌. പത്തനംതിട്ട റാന്നി ഐത്തല ചെറുപുളിച്ചിയില്‍ വീട്ടില്‍ അനീഷ്‌ മാത്യുവിന്റെയും കുഞ്ഞമ്മയുടെയും മകനാണു സുവിന്‍. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ എംഎ അവസാന സെമസ്റ്റര്‍ പഠിക്കുമ്പോഴാണു ശരീരവേദനയും ശ്വാസതടസവും രൂക്ഷമാകുന്നത്‌. റാന്നിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു തിരുവല്ല പുഷ്‌പഗിരി ആശുപത്രിയിലും ചികിത്സ നടത്തി. വിശദമായ പരിശോധനയില്‍ ഹൃദയത്തില്‍നിന്നുള്ള രക്തചംക്രമണം ഭാഗികമാണെന്നു മനസിലായി. തുടര്‍ന്നാണു ലിസി ആശുപത്രിയിലെ ഹൃദയശസ്‌ത്രക്രിയാവിഭാഗം തലവന്‍ ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറത്തിനെ കാണാനെത്തുന്നത്‌. ഹൃദയം മാറ്റിവയ്‌ക്കാതെ ജീവന്‍ നിലനിര്‍ത്താന്‍ മറ്റു വഴിയില്ലെന്നു ഡോക്ടര്‍മാരും അറിയിച്ചു. എറണാകുളത്തുള്ള ബന്ധുവിന്റെ വീട്ടില്‍ താമസമാക്കിയെങ്കിലും ഇടയ്‌ക്കു ശ്വാസതടസം അനുഭവപ്പെടുന്നതിനാല്‍ ആശുപത്രിയില്‍ത്തന്നെയാണിപ്പോള്‍. പിതാവ്‌ അനീഷ്‌ മാത്യു ട്യൂഷനെടുത്താണ്‌ കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകുന്നത്‌. സുവിന്‌ മൂന്നു സഹോദരങ്ങളുണ്ട്‌. അമ്മ കുഞ്ഞമ്മയാണു ആശുപത്രിയില്‍ സുവിനു കൂട്ട്‌. ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ ഇനി ഫിലോസഫിയില്‍ ഉപരിപഠനം നടത്തണമെന്നാണ്‌ സുവിന്റെ ആഗ്രഹം.