
ഫ്രഞ്ചു വിപ്ലവത്തില്‍ വധിക്കപ്പെട്ട മേരി ആന്ത്വാനെറ്റ് രാജ്ഞിയുടെ ഒരു ജോഡി ചെരിപ്പുകള്‍ ലേലത്തില്‍ വില്‍ക്കുന്നു. രാജ്ഞി തടവറയില്‍ കഴിയവേ ധരിച്ചിരുന്നവയാണിവ. ചെരിപ്പുകള്‍ക്ക് 10,000 യൂ റോ വില ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിപ്ലവകാരികള്‍ രാജ്ഞിയെ പിടികൂടി തടവറയിലാക്കുകയും പിന്നീട് രാജ്യദ്രോഹക്കുറ്റം ചുമത്തി 1793 ഒക്ടോബര്‍ 16ന് ഗില്ലറ്റിനുപയോഗിച്ച് തലവെട്ടി കൊല്ലുകയുമായിരുന്നു.
തടവറയിലായിരിക്കേ രാജ്ഞി ധരിച്ചിരുന്ന ഉടുപ്പ്, ഭര്‍ത്താവ് ലൂയി പതിനാറാമന്‍ രാജാവിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ചിത്രങ്ങള്‍, ഡിന്നര്‍ സെറ്റ് തുടങ്ങിയവയും ലേലത്തില്‍ വില്‍ക്കുന്നുണ്ട്. ഓസ്ട്രിയയിലെ ചക്രവര്‍ത്തിയുടെ മകളായിരുന്ന മേരി ആന്ത്വാനെറ്റിനെ 1770ലാണ് ലൂയി പതിനാറാമന്‍ വിവാഹം ചെയ്തത്. കലാസൃഷ്ടികളുടെയും വീട്ടുപകരണങ്ങളുടെയും വിപുലമായ ശേഖരം ദമ്പതികള്‍ക്കുണ്ടായിരുന്നു. എന്നാല്‍, വിപ്ലവത്തിനുശേഷം രാജ്ഞിയുടെ വ്യക്തിപരമായ സാധനങ്ങള്‍ അധികവും കണ്ടെത്താനായില്ല. ചെരിപ്പുകള്‍ ലേലത്തില്വയ്ക്കുന്നത് ഇതു രണ്ടാംതവണയാണ്.