Breaking News

Trending right now:
Description
 
Sep 26, 2013

'ദേവരൂപാന്തരം' വെബ്‌സൈറ്റ് സമാരംഭം 29-ന് ബിഷപ് ഡോ. പീറ്റര്‍ റമിജിയൂസ് നിര്‍വഹിക്കും

image ആലപ്പുഴ: പ്രഥമ ഭാരതീയ ക്രൈസ്തവ ധീര രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായം
പിള്ളയെക്കുറിച്ചുള്ള വെബ്‌സൈറ്റ് ആരംഭിക്കുന്നു. ദേവസഹായം പിള്ളയുടെ
മലയാളത്തിലുള്ള സചിത്ര ജീവചരിത്രം 'ദേവരൂപാന്തരം' പ്രസിദ്ധീകരിച്ചതിനു
പിന്നാലെയാണിത്.

ദേവരൂപാന്തരം വെബ്‌സൈറ്റ് സമാരംഭം 2013 സെപ്റ്റംബര്‍ 29-ന് ഞായറാഴ്ച
രാവിലെ ഒന്‍പതിന് നാഗര്‍കോവില്‍ ബിഷപ്‌സ് ഹൗസില്‍ കോട്ടാര്‍ ബിഷപ് ഡോ.
പീറ്റര്‍ റമിജിയൂസ് നിര്‍വഹിക്കുമെന്നു സമാഹര്‍ത്താവ് പി.ജെ. തോമസ്
പാലത്ര (വെയില്‍സ്), എഡിറ്റര്‍ തോമസ് മത്തായി കരിക്കംപള്ളില്‍ എന്നിവര്‍
അറിയിച്ചു. devaroopaantharam.com എന്നതാണ് വിലാസം. മലയാളത്തിലും
ഇംഗ്ലീഷിലും വെബ്‌സൈറ്റില്‍ വിവരങ്ങള്‍ നല്കും. ദേവരൂപാന്തരത്തിന്റെ
ഡിജിറ്റല്‍ കോപ്പി പ്രകാശനം വൈസ് പോസ്റ്റുലേറ്റര്‍ ഫാ.എ.ഗബ്രിയേല്‍
നിര്‍വഹിക്കും. ദേവസഹായം പിള്ളയുടെ നാമകരണ നടപടികള്‍ കോട്ടാര്‍ രൂപത
കേന്ദ്രീകരിച്ചാണ് നടന്നു വരുന്നത്.

'ദേവരൂപാന്തരം' പ്രിന്റഡ് എഡിഷന്‍ കൊച്ചി കാക്കനാട് മൗണ്ട് സെന്റ് തോമസ്
സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപിസ്‌കോപ്പല്‍ കൂരിയയില്‍ സീറോ മലബാര്‍ സഭ
മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം
ചെയ്തിരുന്നു. കൊച്ചി തേവര സേക്രഡ് ഹാര്‍ട്ട് കോളജ് പ്രിന്‍സിപ്പാള്‍
ഫാ.പ്രശാന്ത് പാലക്കാപ്പിള്ളിലാണ് ആദ്യ പ്രതി ഏറ്റുവാങ്ങിയത്.