Breaking News

Trending right now:
Description
 
Sep 25, 2013

ബ്ലാക്ക്‌ ബെറിയെ ഇന്ത്യാക്കാരന്‍ ഏറ്റെടുക്കുന്നു; വില 4.7 ബില്ല്യണ്‍ ഡോളര്‍

image മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ബ്ലാക്ക്‌ ബെറിയെ ഫെയര്‍ ഫാക്‌സ്‌ ഗ്രൂപ്പ്‌ ഏറ്റെടുക്കും. 4.7 ബില്ല്യണ്‍ ഡോളറിനാണ്‌ കനേഡിയന്‍ കമ്പനിയായ ഫെയര്‍ ഫാക്‌സ്‌ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ്‌ ഏറ്റെടുക്കുന്നത്‌. കഴിഞ്ഞ ദിവസമാണ്‌ ബ്ലാക്ക്‌ബെറി കമ്പനി അധികൃതര്‍ ഫെയര്‍ ഫാക്‌സുമായി സമ്മതപത്രം ഒപ്പിട്ടതായി വ്യക്തമാക്കിയത്‌. മൊബൈല്‍ സേവനരംഗത്തെ മുന്‍നിരക്കാരായിരുന്ന ബ്ലാക്ക്‌ബെറി കുറച്ചുകാലമായി വിപണിയില്‍ സജീവമായിരുന്നില്ല. ആപ്പിള്‍, ആന്‍ഡ്രോയ്‌ഡ്‌ ഫോണുകളുടെ വരവോടെയാണ്‌ ബ്ലാക്ക്‌ബെറിക്ക്‌ തിരിച്ചടി നേരിട്ടുതുടങ്ങിയത്‌. ആപ്പിള്‍-ഐഫോണുകള്‍ റെക്കോഡ്‌ വില്‍പ്പന രേഖപ്പെടുത്തിയ തിങ്കളാഴ്‌ച തന്നെയാണ്‌ ബ്ലാക്ക്‌ബെറി മറ്റൊരു കമ്പനി ഏറ്റെടുക്കുന്നതും. ഇന്ത്യാക്കാരനായ പ്രേം വാറ്റ്‌സയുടെ ഉടമസ്ഥതയിലുള്ള ഫെയര്‍ ഫാക്‌സിന്‌ ഇപ്പോള്‍ ബ്ലാക്ക്‌ബെറിയില്‍ 10 ശതമാനം ഓഹരികളുണ്ട്‌. കഴിഞ്ഞ ഓഗസ്റ്റിലാണ്‌ വാറ്റ്‌സ ബ്ലാക്ക്‌ബെറിയില്‍ നിന്ന്‌ രാജിവെച്ചത്‌. ബ്ലാക്ക്‌ബെറിയുടെ ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും ഒരു പുതിയ അധ്യായം പ്രതീക്ഷിക്കാമെന്ന്‌ ഏറ്റെടുക്കലിനുശേഷം പ്രേം വാറ്റ്‌സ വ്യക്തമാക്കി. സ്‌മാര്‍ട്ട്‌ ഫോണ്‍ മേഖലയിലേക്ക്‌ ആദ്യമായി ഉപഭോക്താക്കളെ ആകര്‍ഷിച്ചത്‌ ബ്ലാക്ക്‌ബെറി ഫോണുകളായിരുന്നു. ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പ്പറേഷന്റെ കണക്കു പ്രകാരം ബ്ലാക്ക്‌ബെറിയുടെ ആഗോള മാര്‍ക്കറ്റ്‌ ഷെയര്‍ 3.7 ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ച 4500 ഓളം ജീവനക്കാരെ കമ്പനി ചെലവു ചുരുക്കലിന്റെ ഭാഗമായി പിരിച്ചുവിട്ടിരുന്നു. ഈ വര്‍ഷം പുറത്തിറങ്ങിയ ഇസഡ്‌ 10 എന്ന ടച്ച്‌ സ്‌ക്രീന്‍ സ്‌മാര്‍ട്ട്‌ ഫോണ്‍ മോഡല്‍ വിപണിയില്‍ പരാജയമായുരുന്നു. ഇതോടെയാണ്‌ കമ്പനി ചെലവുചുരുക്കല്‍ നടപടി തുടങ്ങിയത്‌.