Breaking News

Trending right now:
Description
 
Sep 24, 2013

മുസ്‌ലിം പെണ്‍കുട്ടികളെ പേറ്റുയന്ത്രമാക്കാനുള്ള ശ്രമം അപലപനീയം: ശോഭാ സുരേന്ദ്രന്‍

image മുസ്‌ലിം പെണ്‍കുട്ടികളെ പേറ്റുയന്ത്രമാക്കാനുള്ള ശ്രമം അപലപനീയമെന്നു ബിജെപി ദേശീയസമിതിയംഗം ശോഭ സുരേന്ദ്രന്‍. ജനപിന്തുണ നഷ്ടപ്പെട്ട മുസ്‌ലിം ലീഗ്‌ മതനേതാക്കളെ കൂട്ടുപിടിച്ചിരിക്കുകയാണെന്നും രാഷ്‌ട്രീയനേട്ടത്തിനു വേണ്ടി സാമുദായിക വികാരം ലീഗ്‌ ഇളക്കിവിടുകയാണെന്നും ശോഭ സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ലീഗിന്റെ ഉന്നത നേതൃത്വത്തിനും ഇതില്‍ പങ്കുള്ളതായി അവര്‍ കുറ്റപ്പെടുത്തി. മുസ്‌ലിം വനിതകള്‍ നേടിയ വിദ്യാഭ്യാസ പുരോഗതിയെ അട്ടിമറിക്കുകയാണ്‌ ഈ നീക്കത്തിലൂടെ. മതത്തിന്റെ അടിമകളാക്കി മുസ്‌ലിം വനിതകളെ അടുക്കളയില്‍ തളച്ചിടാനാണു ശ്രമം. ആര്യാടന്‍ മുഹമ്മദിന്റെ നിലപാടിനോടു കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയും മുഖ്യമന്ത്രിയും യോജിക്കുന്നുണ്ടോയെന്നു വ്യക്തമാക്കണമെന്നും ശോഭ ആവശ്യപ്പെട്ടു. കേരളം ഭരിക്കുന്നതു മതേതര സര്‍ക്കാരാണെങ്കില്‍ സുപ്രീംകോടതിയില്‍ കേരളം ഈ കേസില്‍ എതിര്‍പ്പ്‌ വ്യക്തമാക്കണം. ദരിദ്രരും യത്തീമുകളുമായ മുസ്‌ലിം വിഭാഗത്തിലുള്ളവരെ കൂട്ടുപിടിച്ചാണു ലീഗും ഒരുവിഭാഗം മതപണ്ഡിതരും ഇതിനെല്ലാം ശ്രമിക്കുന്നതെന്നും സമ്പന്ന മുസ്ലിം വിഭാഗത്തിന്‌ ഇതൊന്നും ബാധകമാകുന്നില്ലെന്നും ശോഭ ചൂണ്ടിക്കാട്ടി. നേരത്തെ വിവാഹം കഴിച്ചയച്ചുകൊണ്ടല്ല, മറിച്ച്‌ ഉന്നത വിദ്യാഭ്യാസം നല്‍കിയാണു മുസ്‌ലിം പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ടതും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ എത്തിക്കേണ്ടതുമെന്ന്‌ അവര്‍ അഭിപ്രായപ്പെട്ടു. നാളെ ചേരുന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും നിയമപരമായി മുന്നോട്ടുപോകാനുളള നടപടികള്‍ ആസൂത്രണം ചെയ്യുമെന്നും അവര്‍ പറഞ്ഞു.