Breaking News

Trending right now:
Description
 
Oct 18, 2012

സിലിക്കണ്‍ വാലിയിലെ പ്രമുഖ കണ്‍സള്‍ട്ടന്റ്‌ ശ്രമണ മിത്ര ടൈക്കോണ്‍ കേരളയില്‍ പങ്കെടുക്കും

image കൊച്ചി: ഒക്ടോബര്‍ 25 മുതല്‍ 26 വരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ടൈക്കോണ്‍ കേരളയിലെ മെന്റര്‍ഷിപ്പ്‌ പരിപാടിയില്‍ പ്രമുഖ സംരംഭകയും സിലിക്കണ്‍ വാലിയില്‍നിന്നുള്ള സ്‌ട്രാറ്റജി കണ്‍സള്‍ട്ടന്റുമായ ശ്രമണ മിത്ര പങ്കെടുക്കും. മെന്ററിംഗ്‌ സെഷനുകള്‍ക്ക്‌ ശ്രമണ നേതൃത്വം നല്‌കും. സെമികണ്ടക്ടറുകള്‍ തുടങ്ങിയ ഹാര്‍ഡ്‌കോര്‍ സാങ്കേതികവിദ്യകള്‍, ഉപയോക്തൃ, വിപണന മേഖലകളായ ഫാഷന്‍, എജ്യൂക്കേഷന്‍ എന്നീ രംഗങ്ങളിലെല്ലാം ശ്രമണയ്‌ക്ക്‌ അനുഭവപരിചയമുണ്ട്‌.

ടൈ കേരളയുടെ സഹകരണത്തോടെ കോഴിക്കോട്‌ ഐഐഎം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന "വൈറ്റ്‌ നൈറ്റ്‌" എന്ന പേരില്‍ ബിസിനസ്‌ പ്ലാന്‍ മത്സരത്തിലെ ആദ്യത്തെ ആറു സ്ഥാനത്തെത്തുന്നവര്‍ക്ക്‌ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന മെന്റര്‍ഷിപ്പ്‌ സ്വന്തമാക്കാം. ആയിരം അമേരിക്കന്‍ ഡോളര്‍ വിലയുളള മെന്റര്‍ഷിപ്പിനു നേതൃത്വം നല്‌കുന്നത്‌ ശ്രമണ്‍ മിത്രയാണ്‌. മത്സരത്തില്‍ പങ്കെടുക്കുന്ന 12 ടീമുകളില്‍ ആറു ടീമുകളെ ഇതിനായി തെരഞ്ഞെടുക്കുമെന്ന്‌ ടൈ കേരള പ്രസിഡന്റ്‌ ജോണ്‍ കെ. പോള്‍ പറഞ്ഞു.

2010-ല്‍ മിത്രയുടെ നേതൃത്വത്തില്‍ തുടക്കമിട്ടതാണ്‌ 'വണ്‍ മില്യണ്‍ ബൈ വണ്‍ മില്യണ്‍ ഇനിഷ്യേറ്റീവ്‌'. വര്‍ഷത്തില്‍ ഒരു മില്യണ്‍ ഡോളര്‍ വരുമാനം നേടാന്‍ ആഗോളതലത്തില്‍ ഒരു മില്യണ്‍ സംരംഭകരെ സഹായിക്കുന്നതിനുവേണ്ടിയാണിത്‌. ഒരു ട്രില്യണ്‍ ആഗോള ജിഡിപി രൂപപ്പെടുത്തുന്നതിനും ഒരു മില്യണ്‍ ജോലികള്‍ സൃഷ്ടിക്കുന്നതിനും ഇവര്‍ ലക്ഷ്യമിടുന്നു.

കേസ്‌സ്‌റ്റഡികളെ അടിസ്ഥാനമാക്കി ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടികള്‍, വീഡിയോ ലെക്‌ചറുകള്‍, മൂല്യധനം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശം, പബ്ലിക്‌, പ്രൈവറ്റ്‌ റൗണ്ട്‌ ടേബിളുകള്‍ വഴി ഓണ്‍ലൈന്‍ സ്‌ട്രാറ്റജി കണ്‍സള്‍ട്ടിംഗ്‌, ഉപയോക്താക്കളെയും ചാനല്‍ പാര്‍ട്‌ണര്‍മാരെയും സംരംഭകരെയും പരിചയപ്പെടുത്തുക എന്നിവയാണ്‌ വണ്‍ മില്യണ്‍ ബൈ വണ്‍ മില്യണ്‍ ഗ്ലോബല്‍ എജ്യൂക്കേഷണല്‍ ഇനിഷ്യേറ്റീവ്‌ വാഗ്‌ദാനം ചെയ്യുന്നത്‌. ലോകത്ത്‌ എവിടെനിന്നും പങ്കെടുക്കാന്‍ കഴിയുന്ന പരിപാടിയാണ്‌ റൗണ്ട്‌ ടേബിള്‍. ഫണ്ടിംഗ്‌ ആവശ്യപ്പെടുന്നതില്‍ ഒരു ശതമാനത്തില്‍ താഴെ ബിസിനസുകളാണ്‌ ഫണ്ടിംഗിന്‌ യോഗ്യരായവര്‍. എന്നാല്‍, ഫണ്ടബിലിറ്റിയോ, പുറമെനിന്നുള്ള ധനസഹായമോ കണക്കിലെടുക്കാതെ, ബാക്കി 99 ശതമാനം പേരെയും സുസ്ഥിരമായ ബിസിനസ്‌ വളര്‍ത്തിയെടുക്കുന്നതിന്‌ മിത്ര സഹായിക്കാന്‍ തയാറാണ്‌.

ഓഫ്‌ഷോര്‍ സോഫ്‌റ്റ്‌ വെയര്‍ സര്‍വീസസ്‌ കമ്പനിയായ ഡയസ്‌, സെയില്‍സ്‌ ലീഡ്‌ ജനറേഷന്‍, ക്വാളിഫിക്കേഷന്‍ സോഫ്‌റ്റ്‌വെയര്‍ കമ്പനിയായ ഇന്റാര്‍ക്ക, എക്‌സ്‌പര്‍ട്ട്‌ സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ച്‌ വസ്‌ത്രങ്ങള്‍ വില്‍ക്കാന്‍ കഴിയുന്ന ഓണ്‍ലൈന്‍ പേഴ്‌സണലൈസ്‌ഡ്‌ സ്റ്റോര്‍ യുമ എന്നീ കമ്പനികളുടെ സംരംഭകയും സിഇഒമായിരുന്നു ശ്രമണ മിത്ര. എസ്‌എപി, കേഡന്‍സ്‌ ഡിസൈന്‍ സിസ്റ്റം, വെബെക്‌സ്‌, കെഎല്‍എ - ടെന്‍കോര്‍, ബെസ്‌റ്റ്‌ ബൈ എന്നിങ്ങനെ എണ്‍പതിലധികം കമ്പനികളുടെ കണ്‍സള്‍ട്ടന്റായ മിത്ര വിവിധ സ്‌റ്റാര്‍ട്ടപ്പുകള്‍ക്കും വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റുകള്‍ക്കുമായി ജോലി ചെയ്യുന്നു.