Breaking News

Trending right now:
Description
 
Sep 23, 2013

അവകാശങ്ങള്‍ നേടിയെടുക്കാന്‍ ആരോഗ്യവകുപ്പിനെതിരേ സമരപ്രഖ്യാപനവുമായി നഴ്‌സുമാര്‍

ജാസ്‌മിന്‍ ഷാ, സംസ്ഥാന പ്രസിഡന്റ്‌, യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍
image കേരളത്തിലെ നഴ്‌സുമാരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാതെ മൗനം പാലിക്കുന്ന ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരേ സംസ്ഥാനത്തെ നഴ്‌സുമാര്‍ സമരപ്രഖ്യാപനത്തിനൊരുങ്ങുകയാണ്‌. ദീര്‍ഘകാലത്തെ നഴ്‌സസ്‌ സമരം അവസാനിപ്പിക്കുമ്പോള്‍ സംസ്ഥാനത്തെ നഴ്‌സിംഗ്‌ മേഖലയിലുള്ള എല്ലാവര്‍ക്കും മാന്യമായ വേതനം നല്‌കാമെന്നായിരുന്നു ഉറപ്പുനല്‌കിയിരുന്നത്‌. ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ടും ഇക്കാര്യം പ്രത്യേകമായി ശിപാര്‍ശ ചെയ്‌തിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ചെറുവിരല്‍ പോലുമനക്കാന്‍ ആരോഗ്യവകുപ്പ്‌ തയാറായില്ല. 

"പുരുഷനഴ്‌സുമാരെ നിയമിക്കുന്നതില്‍ മിക്ക സ്വകാര്യ ആശുപത്രികളും ഇപ്പോള്‍ താത്‌പര്യം കാണിക്കുന്നില്ല. ഇക്കാര്യത്തില്‍ കൃത്യമായ നിയമവ്യവസ്ഥ വേണം. പുരുഷനഴ്‌സുമാര്‍ക്കായി തസ്‌തികകള്‍ സംവരണം ചെയ്‌താല്‍ മാത്രമേ ഇക്കാര്യത്തില്‍ നീതി ഉറപ്പാക്കാന്‍ കഴിയൂ. ഇക്കാര്യം ആരോഗ്യവകുപ്പിനു മുന്നില്‍ ഉന്നയിക്കാനാണ്‌ യുഎന്‍എയുടെ നീക്കം."

നേരത്തെ ആരോഗ്യവകുപ്പ്‌ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ്‌ നഴ്‌സിംഗ്‌ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും എന്ന്‌ ഉറപ്പു നല്‌കിയിരുന്നതാണ്‌. ഇതിനായി നിയോഗിക്കപ്പെട്ട ബലരാമന്‍ കമ്മിറ്റി 50 നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഇതില്‍ രോഗീ-നഴ്‌സ്‌ അനുപാതം, പുരുഷ സംവരണം തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട 32 നിര്‍ദ്ദേശങ്ങളും നടപ്പിലാക്കേണ്ട ആരോഗ്യവകുപ്പ്‌ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്‌. നഴ്‌സുമാരുമായി 24-ന്‌ ചര്‍ച്ച നടത്താമെന്ന്‌ ആരോഗ്യമന്ത്രി ശിവകുമാര്‍ പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം ചര്‍ച്ച മാറ്റിവച്ചിരിക്കുകയാണ്‌. 18 നിര്‍ദ്ദേശങ്ങളാണ്‌ തൊഴില്‍വകുപ്പ്‌ നടപ്പില്‍ വരുത്തേണ്ടത്‌. ഇതില്‍ ശമ്പളപരിഷ്‌കരണത്തിന്റെ കാര്യത്തില്‍ തൊഴില്‍വകുപ്പ്‌ പ്രാഥമിക ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌.



സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാര്‍ ആരോഗ്യവകുപ്പിന്‌ കീഴില്‍ വരുമ്പോള്‍, സ്വകാര്യ ആശുപത്രികളില്‍ അതേ യോഗ്യതയിലും തൊഴില്‍സാഹചര്യങ്ങളിലും ജോലി നോക്കുന്ന നഴ്‌സുമാര്‍ക്ക്‌ ബാധകമാകുന്നത്‌ തൊഴില്‍വകുപ്പിന്റെ നിയമങ്ങള്‍ മാത്രമാണ്‌. അതുകൊണ്ടുതന്നെ, സംസ്ഥാനത്തെ എല്ലാ നഴ്‌സുമാരെയും ആരോഗ്യവകുപ്പിനു കീഴിലാക്കണം എന്ന പ്രധാന ആവശ്യമാണ്‌ യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷന്‍ ഉന്നയിക്കുന്നത്‌.

ഇതില്‍ പ്രധാനപ്പെട്ടത്‌ സ്വകാര്യമേഖലയില്‍ 18,500 രൂപയെങ്കിലും ശമ്പളമായി നല്‌കണമെന്നായിരുന്നു ബലരാമന്‍ കമ്മിറ്റിയുടെ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളിലൊന്ന്‌. എന്നാല്‍, ഇന്ന്‌ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ രണ്ടുതരം ശമ്പളമാണ്‌ നിലവിലുള്ളത്‌. അങ്ങനെ വരുമ്പോള്‍ നഴ്‌സുമാര്‍ക്കെല്ലാം ഒരേപോലെയുള്ള ശമ്പളസ്‌കെയിലും ആനുകൂല്യങ്ങളും മറ്റു നിയമങ്ങളും ബാധകമാകും. ഒരേ ജോലിക്ക്‌ രണ്ടുതരം ശമ്പളം നല്‌കാന്‍ പാടില്ലെന്ന നിയമവ്യവസ്ഥ പാലിക്കുന്നതിന്‌ ഇതുവഴി കഴിയും.

രോഗീ-നഴ്‌സ്‌ അനുപാതത്തിന്റെ കാര്യത്തില്‍ ബലരാമന്‍ കമ്മിറ്റി വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ജനറല്‍ വാര്‍ഡുകളില്‍ അഞ്ചു മുതല്‍ ഏഴു വരെ രോഗികളെ ശുശ്രൂഷിക്കാന്‍ ഒരു നഴ്‌സും അത്യാഹിത വാര്‍ഡില്‍ ഒരു രോഗിക്ക്‌ ഒന്ന്‌ എന്ന അനുപാതത്തില്‍ നഴ്‌സുമാര്‍ വേണമെന്നായിരുന്നു നിര്‍ദ്ദേശം. ഇന്ത്യന്‍ നഴ്‌സിംഗ്‌ കൗണ്‍സില്‍ അംഗീകരിച്ചിരിക്കുന്ന അനുപാതമാണിത്‌. എന്നാല്‍, ഇക്കാര്യം കേരളത്തില്‍ ഇന്നേവരെ നടപ്പിലായിട്ടില്ല.

ശമ്പളപരിഷ്‌കരണം നടപ്പില്‍വരുത്തണം എന്നുവന്നതോടെ പുതിയ നഴ്‌സുമാരെ നിയമിക്കാതെ മാനേജ്‌മെന്റുകള്‍ മുന്നോട്ടുപോകുമ്പോള്‍ നഴ്‌സുമാര്‍ക്ക്‌ അമിത ജോലി ഭാരത്താല്‍ വലയുകയാണ്‌. നേരത്തെ 1500 നഴ്‌സുമാര്‍ വരെയുണ്ടായിരുന്ന സ്ഥാനത്ത്‌ ഇപ്പോള്‍ 750 - 800 നഴ്‌സുമാര്‍ മാത്രമാണുള്ളത്‌. ഇത്‌ ജോലിഭാരം കുത്തനെ കൂട്ടുന്നു. ആരോഗ്യവകുപ്പ്‌ രോഗീ-നഴ്‌സ്‌ അനുപാതത്തിന്റെ കാര്യത്തില്‍കൃത്യമായ ഉത്തരവ്‌ പുറപ്പെടുവിച്ചാല്‍ മാത്രമേ സ്വകാര്യ ആശുപത്രി മാനേജുമെന്റുകള്‍ ഇക്കാര്യം നടപ്പിലാക്കാന്‍ കൂട്ടാക്കൂ. ഇതിനായി യുണൈറ്റഡ്‌ നഴ്‌സിംഗ്‌്‌ അസോസിയേഷന്‍ ശക്തമായ പ്രക്ഷോഭത്തിന്‌ തുടക്കം കുറിക്കുകയാണ്‌.

പുരുഷനഴ്‌സുമാരെ നിയമിക്കുന്നതില്‍ മിക്ക സ്വകാര്യ ആശുപത്രികളും ഇപ്പോള്‍ താത്‌പര്യം കാണിക്കുന്നില്ല. ഇക്കാര്യത്തില്‍ കൃത്യമായ നിയമവ്യവസ്ഥ വേണം. പുരുഷനഴ്‌സുമാര്‍ക്കായി തസ്‌തികകള്‍ സംവരണം ചെയ്‌താല്‍ മാത്രമേ ഇക്കാര്യത്തില്‍ നീതി ഉറപ്പാക്കാന്‍ കഴിയൂ. ഇക്കാര്യം ആരോഗ്യവകുപ്പിനു മുന്നില്‍ ഉന്നയിക്കാനാണ്‌ യുഎന്‍എയുടെ നീക്കം.

ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പിലാക്കുന്നതിനായി മന്ത്രിമാരായ കെ.എം. മാണിയും പി.കെ. കുഞ്ഞാലിക്കുട്ടിയും അടങ്ങുന്ന മന്ത്രിസഭാ ഉപസമിതിയെ നിയമിച്ചെങ്കിലും ഇതുവരെ ഉപസമിതി കൂടിയതായി വിവരമില്ല. ഇക്കാര്യത്തില്‍ മുന്നോട്ടുപോകാന്‍ നടപടി വേണം.

ഇക്കാര്യങ്ങള്‍ ആരോഗ്യവകുപ്പിന്‌ മുന്നില്‍ അവതരിപ്പിക്കാനാണ്‌ നഴ്‌സുമാര്‍ ശ്രമിക്കുന്നത്‌. എന്നാല്‍, ചര്‍ച്ചകള്‍ക്കുള്ള തീയതികള്‍പോലും അനന്തമായി നീണ്ടുപോകുകയാണ്‌. ഇക്കാര്യത്തില്‍ നടപടികളുണ്ടായില്ലെങ്കില്‍ നവംബര്‍ 16 മുതല്‍ ആരോഗ്യവകുപ്പിനെതിരേ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനാണ്‌ തീരുമാനം.