Breaking News

Trending right now:
Description
 
Sep 22, 2013

മൂന്നാം തവണയും ചാന്‍സലര്‍പദവി ലക്ഷ്യമിട്ട്‌ മെര്‍ക്കല്‍

സ്റ്റെഫാന്‍, കൊളോണ്‍ / Global Malayalam Exclusive
image ജര്‍മ്മനിയിലെ പതിനെട്ടാം ഫെഡറല്‍ ലെജിസ്ലേറ്റീവ്‌ ഹൗസിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പാണ്‌ ഞായറാഴ്‌ച. മൂന്നാംവട്ടം അധികാരത്തില്‍ തിരികെയെത്താന്‍ കഴിയുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ്‌ ചാന്‍സിലര്‍ എയ്‌ഞ്‌ജല മെര്‍ക്കല്‍. ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക്‌ യൂണിയന്‍ നേതാവായ മെര്‍ക്കല്‍ വിജയിക്കുമെന്ന്‌ ഏതാണ്ട്‌ ഉറപ്പാണെന്നാണ്‌ സര്‍വെ ഫലങ്ങള്‍ കാണിക്കുന്നത്‌. എന്നാല്‍, പാര്‍ട്ടിയും മുന്നണിയും ഭൂരിപക്ഷം നേടുമോ എന്ന കാര്യത്തില്‍ അത്ര ഉറപ്പില്ല. അതുകൊണ്ടുതന്നെ ചെറിയ പാര്‍ട്ടികളുമായി കൂട്ടുചേര്‍ന്നുള്ള മന്ത്രിസഭയായിരിക്കും അധികാരത്തിലെത്താന്‍ സാധ്യത.

മെര്‍ക്കല്‍ വിജയിച്ചാല്‍ അത്‌ പുതിയൊരു ചരിത്രമെഴുതും. മൂന്നാം തവണയും തുടര്‍ച്ചയായി ജര്‍മ്മനിയെ നയിക്കാന്‍ കഴിയുമെന്നതിനപ്പുറം മെര്‍ക്കല്‍ തുടങ്ങിവച്ച പരിഷ്‌കാരങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ അത്‌ വഴിയൊരുക്കും. സാങ്കേതികമായ വിജയത്തിനപ്പുറം മെര്‍ക്കലിനെ കാത്ത്‌ വൈതരിണികള്‍ ഏറെയുണ്ട്‌. മുന്നണിയിലെ പോരായ്‌മകളാണ്‌ അതില്‍ പ്രധാനം. 



സോഷ്യല്‍ ഡെമോക്രാറ്റ്‌ പാര്‍ട്ടിയാണ്‌ മെര്‍ക്കലിന്റെ പ്രധാന എതിരാളി. എന്നാല്‍ മെര്‍ക്കലിന്റെ മുന്നണിക്ക്‌ ഭൂരിപക്ഷം ഉറപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സോഷ്യല്‍ ഡെമോക്രാറ്റുകളുമായി കൂട്ടുകൂടി മന്ത്രിസഭ രൂപീകരിക്കേണ്ടിവരും. അങ്ങനെയെങ്കിലും മെര്‍ക്കലിന്റെ അടുത്ത മന്ത്രിസഭ ദുര്‍ബലമായിരിക്കുമെന്നാണ്‌ രാഷ്ട്രീയ നിരീക്ഷരുടെ കണക്കുകൂട്ടല്‍. 



ലോകത്തിലെ ഏറ്റവും ശക്തയായ വനിതയെന്നാണ്‌ ഏയ്‌ഞ്ചല മെര്‍ക്കലിന്റെ വിശേഷണം. ജര്‍മ്മന്‍ രാഷ്ട്രീയത്തില്‍ മറ്റൊരു സ്‌ത്രീക്കും നേടാന്‍ കഴിയാത്ത മുന്നേറ്റമാണ്‌ മെര്‍ക്കല്‍ സ്വന്തമാക്കിയത്‌. ഹെല്‍മുട്ട്‌ കോളിന്റെ പ്രത്യേക താത്‌പര്യത്തില്‍ വനിതാമന്ത്രിയായി രാഷ്ട്രീയത്തില്‍ പേരെടുത്ത മെര്‍ക്കല്‍ സാമ്പത്തികവിവാദത്തിന്റെ പേരില്‍ കോളിനെ തള്ളിപ്പറഞ്ഞു. രാഷ്ട്രീയ പിതൃഹത്യയെന്നാണ്‌ ഇതിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതെങ്കിലും മെര്‍ക്കലിന്റെ ഉയര്‍ച്ചയുടെ പടവുകള്‍ അവിടെ തുടങ്ങുന്നു.

സെപ്‌റ്റംബര്‍ 22-നു നടക്കുന്ന ജര്‍മ്മന്‍ തെരഞ്ഞെടുപ്പില്‍ മെര്‍ക്കല്‍ വിജയിച്ചാല്‍ യുദ്ധകാലത്തിനുശേഷം ജര്‍മ്മനിയെ തുടര്‍ച്ചയായി മൂന്നാംവട്ടവും നയിക്കാന്‍ കഴിഞ്ഞ മൂന്നു നേതാക്കളിലൊരാളായി മാറും ഇവര്‍. 



35 വര്‍ഷം രാഷ്ട്രീയത്തിന്റെ വഴികളിലൂടെ നടക്കാതെ ഗവേഷണത്തിന്റെ മേഖലയിലായിരുന്നു മെര്‍ക്കല്‍. പൊടുന്നനെ രാഷ്‌്‌ട്രീയത്തിന്റെ വെള്ളിവെളിച്ചത്തില്‍ പ്രശോഭിച്ച മെര്‍ക്കല്‍ ഇന്ന്‌ ലോകത്തിലെ ഏറ്റവും ശക്തിയേറിയ വ്യക്തികളില്‍ രണ്ടാമതാണെന്ന്‌ ഫോര്‍ബ്‌സ്‌ മാഗസിന്‍ പറയുന്നു. 2005-ല്‍ മെര്‍ക്കല്‍ അധികാരത്തിലേറിയപ്പോള്‍ ദീര്‍ഘകാലത്തേയ്‌ക്ക്‌ മന്ത്രിസഭയെ നയിക്കാന്‍ കഴിയുമെന്ന്‌ ആരും പ്രതീക്ഷിച്ചില്ല. രണ്ടാം തവണയും പ്രശ്‌നങ്ങള്‍നിറഞ്ഞ കൂട്ടുകക്ഷി ഭരണമായിരുന്നു മെര്‍ക്കലിന്റേത്‌. സ്വന്തം മുന്നണിയിലെ കുതികാല്‍വെട്ടും മറ്റുമായിരുന്നു ഇക്കുറി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്‌. എങ്കിലും മെര്‍ക്കല്‍ പിടിച്ചു നിന്നു. യൂറോയുടെ പേരില്‍ വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ മെര്‍ക്കല്‍ ശക്തമായി പ്രതികരിച്ചു.

 

ശാന്തയായി പ്രശ്‌നങ്ങളെ നേരിടുന്നതാണ്‌ മെര്‍ക്കലിന്റെ രീതി. കെമിക്കല്‍ സയന്റിസ്റ്റ്‌ എന്ന നിലയില്‍നിന്ന്‌ അധികാരരാഷ്ട്രീയത്തിന്റെ നേതാവ്‌ എന്ന നിലയിലേയ്‌ക്ക്‌ മെര്‍ക്കല്‍ വളര്‍ന്നപ്പോള്‍ തുണയായത്‌ കഠിനാധ്വാനം തന്നെയായിരുന്നു. രാഷ്ട്രീയത്തില്‍ കഠിനാധ്വാനം ഗുണംചെയ്യുമെന്ന്‌ മെര്‍ക്കല്‍ കാണിച്ചുകൊടുത്തു.