Breaking News

Trending right now:
Description
 
Sep 22, 2013

ടാറ്റായുടെ പുതിയ വിമാനകമ്പനി: എയര്‍ ഏഷ്യയ്‌ക്ക്‌ എതിര്‍പ്പ്‌

image സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്നു പുതിയ വിമാനക്കമ്പനി രൂപീകരിക്കാനുള്ള ടാറ്റാ സണ്‍സിന്റെ തീരുമാനത്തിനെതിരേ മലേഷ്യന്‍ എയര്‍ലൈന്‍സായ എയര്‍ ഏഷ്യയും ഇന്ത്യന്‍ കമ്പനിയായ ടെലസ്‌ട്രയും രംഗത്ത്‌. മൂന്നുകമ്പനികളും ചേര്‍ന്നു സംയുക്‌ത വിമാനക്കമ്പനി രൂപീകരിക്കാനുള്ള നടപടികള്‍ പുരോഗമിച്ചുവരുന്നതിനിടയിലാണ്‌ അപ്രതീക്ഷിതമായി ടാറ്റ പുതിയ സഖ്യം പ്രഖ്യാപിക്കുന്നത്‌. ടാറ്റയുടെ തീരുമാനം തങ്ങളെ ഞെട്ടിച്ചുവെന്നും നടപടി വളരെ അധാര്‍മികമായിപ്പോയെന്നും ഇരുകമ്പനികളുടെയും മേധാവികള്‍ പ്രതികരിച്ചു. ടാറ്റയുടെ പുതിയ നീക്കത്തെക്കുറിച്ച്‌ തനിക്ക്‌ ഒരു അറിവും ഇല്ലായിരുന്നുവെന്ന്‌ ടെലസ്‌ട്ര മേധാവി അരുണ്‍ ഭാട്യ പറഞ്ഞു. തീരുമാനം എന്നെ ഞെട്ടിച്ചു. അവര്‍ക്ക്‌ വിവരം ഒന്നറിയിക്കാമായിരുന്നു. എന്നില്‍ നിന്നു അതു മറച്ചുപിടിക്കാനാണു ശ്രമിച്ചത്‌. ഒരേവ്യവസായത്തില്‍ ഒരേസമയത്ത്‌ സമാനരീതിയിലുള്ള സംയുക്‌ത സംരംഭം അധാര്‍മികമാണ്‌. ഒരേസമയം രണ്‌ടു കമ്പനികളും ലാഭത്തിലാണു പോകുന്നതെങ്കില്‍ അതിന്റെ രഹസ്യം സൂക്ഷിക്കാന്‍ അവര്‍ക്ക്‌ എങ്ങനെ കഴിയും- ഭാട്യ ചോദിക്കുന്നു. എയര്‍ ഏഷ്യയുമായുള്ള സംരംഭത്തില്‍ ടെലസ്‌ട്രയ്‌ക്ക്‌ 21%, ടാറ്റയ്‌ക്ക്‌ 30%ന്നിങ്ങനെയായിരുന്നു ഓഹരി പങ്കാളിത്തം നിശ്ചയിച്ചിരുന്നത്‌. തന്റെ കമ്പനിക്കു വേണമെങ്കില്‍ സംയുക്‌ത സംരംഭത്തില്‍ നിന്നു പുറത്തുപോകാം. എന്നാല്‍ അതു ചെയ്യുന്നില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. ടാറ്റാ സണ്‍സ്‌ വില്‍ക്കാന്‍ തയാറാകുകയാണെങ്കില്‍ അവരുടെ ഓഹരി വാങ്ങുന്നതില്‍ വിരോധമില്ല. അടുത്ത 28ന്‌ ബോര്‍ഡ്‌ യോഗം നിശ്ചയിച്ചിട്ടുണ്ട്‌. അന്ന്‌ വിഷയം ഉന്നയിക്കും. ആഗോള ഉരുക്കു വ്യവസായി ലക്ഷ്‌മി മിത്തലിന്റെ മകള്‍ വനിഷയാണ്‌ ഭാട്യയുടെ മകന്‍ അമിതിന്റെ ഭാര്യ. സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി നടത്തിയ ചര്‍ച്ചയുടെ വിവരങ്ങള്‍ എയര്‍ ഏഷ്യയെപ്പോലും ടാറ്റാ സണ്‍സ്‌ അറിയിച്ചില്ല. എന്നാല്‍ ഇക്കാര്യം മറ്റു സ്രോതസുകളിലൂടെ കമ്പനി മേധാവി ടോണി ഫെര്‍ണാണ്ടസ്‌ അറിയുകയും ചെയ്‌തു. ചെലവു കുറഞ്ഞ വിമാന സര്‍വീസ്‌ ആരംഭിക്കുന്നതിനു മുന്നോടിയായി സംയുക്‌ത സംരംഭം ആരംഭിക്കുന്നതില്‍ എയര്‍ ഏഷ്യ മേധാവി ടോണി വളരെ ആവേശഭരിതനായിരുന്നു. ധാരണയായ ശേഷം രത്തന്‍ ടാറ്റയേയും ടാറ്റാ ഗ്രൂപ്പിനേയും അദ്ദേഹം സോഷ്യല്‍ സൈറ്റുകളിലൂടെ പുകഴ്‌ത്തുകയും ചെയ്‌തു. എന്നാല്‍, എയര്‍ ഏഷ്യയുമായി ചേര്‍ന്ന്‌ ചെലവു കുറഞ്ഞ വിമാനസര്‍വീസും സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന്‌ പൂര്‍ണതോതിലുള്ള സര്‍വീസുമാണ്‌ ടാറ്റാ സണ്‍സ്‌ ഉദ്ദേശിക്കുന്നതെന്ന്‌ റിപ്പോര്‍്‌ട്ടുണ്ട്‌. .