Breaking News

Trending right now:
Description
 
Sep 20, 2013

ഈവര്‍ഷം കേരളത്തിലെത്തിയത്‌ 32.7 ലക്ഷം വിനോദസഞ്ചാരികള്‍

image ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സൗന്ദര്യം നുകരാന്‍ വിനോദസഞ്ചാര മേഖലയിലെ മാന്ദ്യത്തിനിടയിലും എത്തിയവരുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായതായി കണക്കുകള്‍. ടൂറിസം സീസന്റെ ആദ്യ പാദമായ ജനുവരി മുതല്‍ ഏപ്രില്‍ വരെ 32.7 ലക്ഷം വിനോദസഞ്ചാരികള്‍ കേരളത്തിലെത്തിയതായി ടൂറിസം വകുപ്പ്‌ അധികൃതര്‍ പറയുന്നു. കഴിഞ്ഞവര്‍ഷം ഒരു കോടിയിലേറെ ടൂറിസ്റ്റുകള്‍ സംസ്ഥാനത്തെത്തിയിട്ടുണ്ട്‌. ഒരു കോടിയിലേറെ ടൂറിസ്റ്റുകള്‍ എത്തിയത്‌ ആദ്യമാണെന്നു ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍ പറഞ്ഞു. 1.01 കോടി ആഭ്യന്തര വിനോദ സഞ്ചാരികളും 7.9 ലക്ഷം വിദേശ ടൂറിസ്റ്റുകളുമാണു കേരളത്തിലെത്തിയത്‌. വിദേശ വിനോദസഞ്ചാരികള്‍ ഏറ്റവും അധികമെത്തിയത്‌ എറണാകുളം ജില്ലയിലാണ്‌. സംസ്ഥാനത്തെത്തിയ വിദേശ ടൂറിസ്റ്റുകളില്‍ 3.3 ലക്ഷം പേരും എറണാകുളം ജില്ലയിലെത്തി. സംസ്ഥാനത്തിന്റെ ടൂറിസം പറുദീസയെന്ന്‌ അറിയപ്പെട്ടിരുന്ന കോവളം ഉള്‍പ്പെടുന്ന തിരുവനന്തപുരം ജില്ലയ്‌ക്കാണു രണ്ടാം സ്ഥാനം. ഇടുക്കി, ആലപ്പുഴ, കൊല്ലം, തൃശൂര്‍ ജില്ലകളിലേക്കും വിദേശ വിനോദസഞ്ചാരികള്‍ കൂടുതലായി എത്തി. പത്തനംതിട്ട ജില്ലയിലാണ്‌ ഏറ്റവും കുറവു വിദേശ വിനോദസഞ്ചാരികളെത്തിയത്‌. ഇവിടെ 1253 പേര്‍ മാത്രമാണ്‌ എത്തിയത്‌. 2012 ല്‍ ടൂറിസം മേഖലയില്‍നിന്ന്‌ 4,571.69 കോടി രൂപയുടെ വിദേശനാണ്യം നേടാന്‍ കഴിഞ്ഞു. 2011 ല്‍ 4,221.96 കോടി രൂപ മാത്രമാണു നേടാനായത്‌. യുകെ, റഷ്യ, നെതര്‍ലാന്‍ഡ്‌സ്‌, ഓസ്‌ട്രിയ, ഫിന്‍ലാന്‍ഡ്‌, യുഎസ്‌എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണു കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തിയത്‌. യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചാര്‍ട്ടേഡ്‌ ഫ്‌ളൈറ്റുകള്‍ നിര്‍ത്തലാക്കിയതോടെ ഇവിടെനിന്നെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്‌. ഇപ്പോള്‍ റഷ്യയില്‍നിന്നാണു ചാര്‍ട്ടേഡ്‌ ഫ്‌ളൈറ്റുകള്‍ എത്തുന്നത്‌. ഈ വര്‍ഷം കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണു ടൂറിസം വകുപ്പിന്റെ കണക്കുകൂട്ടല്‍. ഡോളറിനെ അപേക്ഷിച്ചു രൂപയുടെ മൂല്യം കുറഞ്ഞതും ടൂറിസം മേഖലയ്‌ക്കു ഗുണകരമാകും.